നിയമസഭയിൽ എത്തേണ്ട പോരാട്ട വീര്യം, ഇത്തവണയെങ്കിലും സി.പി.എം നേതൃത്വം പരിഗണിക്കുമോ ഗീനാകുമാരിയെ?

അഭിഭാഷകയായും പബ്ലിക് പ്രോസിക്യൂട്ടറായും എഴുത്തുകാരിയായും തിളങ്ങുന്ന ഗീനാകുമാരിയുടെ കഴിവുകൾ പാർലമെൻ്ററി രംഗത്തും ഉപയോഗപ്പെടുത്താൻ സി.പി.എം വൈകിയെങ്കിലും തീരുമാനിച്ചാൽ അതൊരു പുതിയ ചരിത്രത്തിൻ്റെ തുടക്കമാകും

നിയമസഭയിൽ എത്തേണ്ട പോരാട്ട വീര്യം, ഇത്തവണയെങ്കിലും സി.പി.എം നേതൃത്വം പരിഗണിക്കുമോ ഗീനാകുമാരിയെ?
നിയമസഭയിൽ എത്തേണ്ട പോരാട്ട വീര്യം, ഇത്തവണയെങ്കിലും സി.പി.എം നേതൃത്വം പരിഗണിക്കുമോ ഗീനാകുമാരിയെ?

രുപത്തിയൊന്നാമത്തെ വയസ്സിൽ, ഒരു എസ്.എഫ്.ഐ നേതാവിനെ പിടിച്ച് തലസ്ഥാന നഗരിയുടെ മേയറാക്കി അന്താരാഷ്ട്ര തലത്തിൽ വാർത്തയിൽ ഇടംപിടിച്ച പാർട്ടിയാണ് സി.പി.എം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥി-യുവജന വിഭാഗങ്ങളിൽ നിന്നുള്ളവരെ മത്സരിപ്പിച്ചതും സി.പി.എം തന്നെയാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിദ്യാർത്ഥി-യുവജന നേതാക്കൾക്ക് സീറ്റുകൾ നൽകുന്ന കാര്യത്തിൽ സി.പി.എം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഈ കരുതൽ, നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കൂടാൻ തന്നെയാണ് സാധ്യത.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഉറപ്പായും സി.പി.എം മത്സരിപ്പിക്കുമെന്ന് രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചിരുന്ന പല വിദ്യാർത്ഥി-യുവജന നേതാക്കളും, മത്സരിച്ചില്ല എന്നത് മാത്രമല്ല, അവരിൽ പലരും ഇപ്പോൾ ചിത്രത്തിൽ പോലും ഇല്ലെന്നതാണ് യാഥാർത്ഥ്യം. സ്ഥാനാർത്ഥി നിർണ്ണയത്തിൽ, സി.പി.എമ്മിനെ പോലെ കേരളത്തിലെ ഏറ്റവും വലിയ ഒരു പാർട്ടിക്കുള്ള പരിമിതി ഏറെയാണെങ്കിലും, വൈകിയാണെങ്കിലും അർഹിച്ച പരിഗണന തീർച്ചയായും പഴയ വീരശൂര പരാക്രമികൾക്കും ലഭിക്കുമെന്ന് തന്നെയാണ് ആ പാർട്ടിയിലെ ലക്ഷക്കണക്കിന് വരുന്ന പ്രവർത്തകരും അനുഭാവികളും ഇപ്പോഴും വിശ്വസിക്കുന്നത്.

അത്തരത്തിൽ അവർ നിയമസഭയിൽ എത്തണമെന്ന് ആഗ്രഹിക്കുന്ന ചില പേരുകളുണ്ട്. അതിൽ പ്രധാനിയാണ് എസ്.എഫ്.ഐ മുൻ സംസ്ഥാന ജോ. സെക്രട്ടറിയും കേരള സർവ്വകലാശാലാ യൂണിയൻ ചെയർ പേഴ്സണുമായിരുന്ന ടി ഗീനാകുമാരി. 1994-95 കാലത്ത് എസ്.എഫ്.ഐ നേതൃത്വത്തിൽ, കേരള സർവ്വകലാശാലയിൽ നടത്തിയ വിളനിലം സമരത്തിനിടയിലും കൂത്തുപറമ്പ് സമരത്തിനിടയിലും പൊലീസ് അതിഭീകരമായാണ് ഗീനാകുമാരിയെ തല്ലിച്ചതച്ചിരുന്നത്.

ഇടതുപക്ഷ ഭരണകാലത്ത് കെ.എസ്.യുക്കാരും യൂത്ത് കോൺഗ്രസുകാരും, വടകര എം.പി ഷാഫി പറമ്പിലും ഒക്കെ പൊലീസിന് എതിരെ പറയുന്നത് പോലെയുള്ള മർദ്ദനമായിരുന്നില്ല അന്ന് കോൺഗ്രസ് ഭരണകാലത്ത് ഗീനാകുമാരി ഉൾപ്പെടെയുള്ള എസ്.എഫ്.ഐ നേതാക്കൾ ഏറ്റുവാങ്ങിയിരുന്നത് എന്നത്, അക്കാലത്തെ വാർത്തകൾ പരതിയാൽ ഏത് കോൺഗ്രസുകാരനും മനസ്സിലാക്കാവുന്നതാണ്. ഗീനാകുമാരിയുടെ തലതല്ലി പൊളിച്ചും നിലത്തിട്ട് ചവിട്ടിയരച്ചും പൊലീസ് നടത്തിയ ആക്രമണങ്ങൾ അതിക്രൂരമായിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒഴുകിയ ചോരപ്പുഴയുടെ മറ്റൊരു അധ്യായമായിരുന്നു ഈ സംഭവങ്ങൾ. അക്കാലത്ത് തന്നെയാണ് പൊലീസ് വാഹനങ്ങളും തെരുവിൽ നിന്ന് കത്തിയിരുന്നത്. വിദ്യാർത്ഥികളും പൊലീസും നേർക്കുനേർ ഏറ്റുമുട്ടി നടത്തിയ രക്തരൂക്ഷിതമായ ആ പോരാട്ട ചരിത്രം, വല്ലാത്തൊരു ചരിത്രം തന്നെയാണ്.

1994 നവംബർ 25 -ന് തലസ്ഥാന നഗരത്തിൽ നടന്ന അത്തരം ഒരു വിദ്യാർത്ഥി സംഘർഷത്തിലെ ‘പ്രതി’ 2023 ഒക്ടോബറിൽ വഞ്ചിയൂർ കോടതിയിൽ ഹാജരായത് മറ്റൊരു ചരിത്ര നിമിഷമായിരുന്നു. മുപ്പതാണ്ടായി ഉള്ളിലുള്ള നീറ്റൽ തുറന്ന് പ്രകടിപ്പിക്കാൻ എത്തിയ പൊലീസുകാരൻ്റെ നടപടി വലിയ രൂപത്തിലാണ് മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നത്.

കോടതി വളപ്പിലായിരുന്നു ഇതൊക്കെ നടന്നതെങ്കിലും ന്യായാധിപർക്ക് മുന്നിലായിരുന്നില്ല. പണ്ടൊരു സമരത്തിനിടെ തല തല്ലിപ്പൊളിച്ചയാളോട് അന്നത്തെ പൊലീസുകാരൻ ഖേദപ്രകടനം നടത്തിയതായിരുന്നു രംഗം. പബ്ലിക് പ്രോസിക്യൂട്ടർ ഡോ. ടി. ഗീനാകുമാരിയും പൊലീസ് സബ് ഇൻസ്പെക്ടർ പി.എൽ ജോർജും തമ്മിലായിരുന്നു അത്യപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന കൂടിക്കാഴ്ച നടന്നിരുന്നത്.

കൂത്തുപറമ്പിലെ പൊലീസ് വെടിവെപ്പിൽ അഞ്ച് ഡി.വൈ.എഫ്.ഐ.ക്കാർ കൊല്ലപ്പെട്ട ദിവസമായിരുന്നു സെക്രട്ടേറിയറ്റ് നടയിൽ എസ്.എഫ്.ഐ സമരത്തിനിടെ സംഘർഷം പൊട്ടി പുറപ്പെട്ടിരുന്നത്. തുടർന്നുണ്ടായ ലാത്തി ചാർജജിൽ സംസ്ഥാന ജോ. സെക്രട്ടറിയായിരുന്ന ഗീനാകുമാരിക്ക് തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ചോരയൊലിച്ച് നിൽക്കുന്ന വനിതാ നേതാവിന്റെ ചിത്രം അടുത്ത ദിവസം പുറത്തിറങ്ങിയ പത്രങ്ങളിലെ പ്രധാന പടങ്ങളിൽ ഒന്നായിരുന്നു. കേരള സായുധ പൊലീസിൽ ഹെഡ് കോൺസ്റ്റബിളായിരുന്ന ജോർജാണ് ലാത്തികൊണ്ട് ഗീനാകുമാരിയുടെ തലയ്ക്കടിച്ചിരുന്നത്. മറ്റ് പുരുഷ പൊലീസുകാരും ഗീനാകുമാരി ഉൾപ്പെടെയുള്ള സമരക്കാരെ കൈകൾ ക്ഷീണിക്കും വരെ പ്രഹരിക്കുകയുണ്ടായി. ബോധരഹിതയായ ഗീനയെ പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്.

വർഷങ്ങൾ നിരവധി കഴിഞ്ഞെങ്കിലും, ഒരു വനിതയെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചതിൻ്റെ വേദന ആ പൊലീസുകാരന് വിട്ടുമാറിയിരുന്നില്ല. ഒടുവിൽ വൈകിയാണെങ്കിലും, പൊലീസ് അസോസിയേഷൻ നേതാവ് സി.പി ബാബുരാജ് ഗീനാകുമാരിയെ കാണാൻ ജോർജിന് അവസരമൊരുക്കി നൽകുകയായിരുന്നു.

‘‘അന്നങ്ങനെ പറ്റിപ്പോയി. ഉള്ളിലെ നീറ്റൽ നേരിട്ട് കണ്ട് പറയാനാണ് വന്നത്, ക്ഷമ ചോദിക്കുന്നു.’’ ഗീനാകുമാരിയോട് ജോർജ് തുറന്നു പറഞ്ഞത് ഏറെ വൈകാരികതയോടെ ആയിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

“നിങ്ങൾ അന്നത്തെ സർക്കാരിനുവേണ്ടി അതുചെയ്തു. ഞങ്ങൾ സമരഭൂമിയിൽ ഉറച്ചുനിന്നു. പക്ഷേ, സ്ത്രീകളോട് ഇങ്ങനെയൊക്കെ പൊലീസുകാർ പെരുമാറുന്നത് ശരിയാണോയെന്നാണ് ഗീനാകുമാരി പൊലീസുകാരനോട് ചോദിച്ചിരുന്നത്. പെട്ടെന്നൊരു പ്രകോപനത്തിൽ ചെയ്തൊരു പാപത്തിൽ പശ്ചാത്തപിച്ച സമാധാനത്തോടെയാണ്, ജോർജ് സർവ്വീസിൽ നിന്നും വിരമിച്ചിരുന്നത്. ഇതൊരു ഒറ്റപ്പെട്ട മാപ്പ് പറച്ചിലാണെങ്കിലും, മർദ്ദനങ്ങൾ ഒറ്റപ്പെട്ടതായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

അക്കാലത്തെ പൊലീസ് മർദ്ദനങ്ങളിൽ പറ്റിയ കെടുതികൾ ഗീനാകുമാരി ഉൾപ്പെടെയുള്ള നൂറ് കണക്കിന് പേരുടെ ശരീരത്തിൽ ഇപ്പോഴുമുണ്ട്. അതിൽ നിരവധി സ്ത്രീകളും പുരുഷൻമാരും ഉണ്ട്. പാർട്ടിയോട് കലഹിച്ച് പോയവരും നിഷ്ക്രിയമായവരുമുണ്ട്. രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിച്ച് ഇപ്പോൾ ഓഫീസ്-ജോലി-വീട് എന്ന നിലയിൽ കഴിയുന്നവരുമുണ്ട്. എന്നാൽ, ഇവരാരും തന്നെ, പാർട്ടിയോടുള്ള അതൃപ്തിയിൽ കഴിയുമ്പോൾ പോലും, ഇന്നും എസ്.എഫ്.ഐ എന്ന സംഘടനയെ തള്ളിപ്പറയാറില്ല. അതാണ് അവരുടെ ഒക്കെ ജീവിതത്തിൽ ഈ സംഘടന പകർന്ന് നൽകിയ ബോധമെന്നതും പറയാതിരിക്കാൻ കഴിയുകയില്ല.

രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും, യൂണിവേഴ്സിറ്റി കോളജിലെ ചാപ്പകുത്തൽ വിവാദം മുൻ നിർത്തി എസ്.എഫ്.ഐയെ കടന്നാക്രമിച്ചപ്പോൾ, അതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലേക്ക് ഒഴുകി എത്തിയവരിൽ, പഴയ എസ്.എഫ്.ഐ പ്രവർത്തകരും നേതാക്കളും നിരവധിയായിരുന്നു. ഈ ഒരു ഐക്യമാണ് എസ്.എഫ്.ഐ എന്ന സംഘടനയെ മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.

നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ചിട്ടില്ലെങ്കിലും, സി.പി.എമ്മിനൊപ്പം ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് ഗീനാകുമാരി ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. അവർ സംസ്ഥാന നേതാവായിരിക്കുമ്പോൾ ജില്ലകളിൽ സംഘടനക്ക് നേതൃത്വം നൽകിയവർ പോലും എം.എൽ.എമാരും എം.പിമാരും മന്ത്രിമാരും ആയിട്ട് പോലും, ഗീനാകുമാരിക്ക് അത്തരമൊരു അവസരം ലഭിക്കാത്തതിൽ സി.പി.എം പ്രവർത്തകർക്കിടയിലും നിരാശയുണ്ട്. അഭിഭാഷകയായും പബ്ലിക് പ്രോസിക്യൂട്ടറായും എഴുത്തുകാരിയായും തിളങ്ങുന്ന ഗീനാകുമാരിയുടെ കഴിവുകൾ പാർലമെൻ്ററി രംഗത്തും ഉപയോഗപ്പെടുത്താൻ സി.പി.എം വൈകിയെങ്കിലും തീരുമാനിച്ചാൽ അതൊരു പുതിയ ചരിത്രത്തിൻ്റെ തുടക്കമാകും. പദവികൾ ആഗ്രഹിച്ച് പാർട്ടിയിൽ പ്രവർത്തിക്കുകയും പിന്നീട് പാർട്ടി തന്നെ മാറുകയും ചെയ്ത സിന്ധു ജോയിമാർ ഉള്ള നാട്ടിൽ സമരം തന്നെ ജീവിതമാക്കി മാറ്റിയ ഗീനാകുമാരിയെ പോലുള്ളവരെ പരിഗണിച്ചാൽ അത് സ്ത്രീ സമൂഹത്തിനിടയിലും ചെങ്കൊടിയുടെ ശോഭയാണ് വർധിപ്പിക്കുക.

Express View

വീഡിയോ കാണാം..

Share Email
Top