നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രപരമായ ഒരു നീക്കമാണിപ്പോൾ കോൺഗ്രസ്സ് നടത്തുന്നത്. കേരളത്തിലും, തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ഒരേ സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതായത് 2026 ഏപ്രിലിൽ ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. ഈ മൂന്ന് സംസ്ഥാനങ്ങളിൽ പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് കോൺഗ്രസ്സ് ലക്ഷ്യമിടുന്നത്. ഇതിനായി തെന്നിന്ത്യൻ സൂപ്പർ താരം വിജയ് രൂപീകരിച്ച ടി.വി.കെ എന്ന രാഷ്ട്രീയ പാർട്ടിയുമായി കൂട്ട് കെട്ടുണ്ടാക്കാനാണ് നീക്കം.
തമിഴ്നാട്ടിൽ നിലവിൽ, ഭരണപക്ഷമായ ഡി.എം.കെ സഖ്യത്തിലാണ് കോൺഗ്രസ്സ് ഉള്ളതെങ്കിലും ഭരണത്തിൽ പങ്കാളിത്വമില്ല. ടി.വി.കെയുമായി കൂട്ട് ചേർന്നാൽ, അധികാരം പിടിച്ചാൽ ഭരണത്തിൽ പങ്കാളിത്വം നൽകാമെന്നാണ് ടി.വി.കെ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഈ ഓഫറിൽ, തമിഴ്നാട്ടിലെ പ്രബല കോൺഗ്രസ്സ് നേതാക്കൾ എല്ലാം വീണു പോയിട്ടുണ്ട്. മാത്രമല്ല, വിജയ് തീർക്കുന്ന രാഷ്ട്രീയ സുനാമിയിൽ ഡി.എം.കെ ഭരണം നിലംപൊത്തുമെന്ന ഭയവും കോൺഗ്രസ്സ് നേതൃത്വത്തിനുണ്ട്. ഈ പശ്ചാത്തലത്തിൽ ടി.വി.കെയുമായി കൂട്ട് കെട്ട് ഉണ്ടാക്കണമെന്ന നിലപാടിനാണ് പാർട്ടിയിൽ മുൻതൂക്കമുള്ളത്. വ്യക്തിപരമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി വളരെ അടുത്ത അടുപ്പമാണ് രാഹുൽ ഗാന്ധിക്ക് ഉള്ളതെങ്കിലും, രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയത് ഡി.എം.കെ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിട്ടുണ്ട്.

കരൂരിലെ ടി.വി.കെ റാലിയിൽ പങ്കെടുത്ത നിരവധി പേർ മരണപ്പെട്ട സംഭവത്തെ തുടർന്ന്, വിജയ്‌യുമായി രാഹുൽ ഗാന്ധി നേരിട്ട് സംസാരിച്ചതിനു ശേഷമാണ്, കോൺഗ്രസ്സ് – ടി.വി.കെ സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങളും സജീവമായിരുന്നത്.
കോൺഗ്രസ്സിനെ സംബന്ധിച്ച്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള വിജയ് അവരുടെ ഒപ്പം ഉണ്ടെങ്കിൽ, അത് വലിയ നേട്ടമാകുമെന്ന് തന്നെയാണ് കരുതുന്നത്. കോൺഗ്രസ്സ് ടി.വി.കെ സഖ്യത്തിൽ ചേർന്നാലും ഇല്ലെങ്കിലും തമിഴ്നാട് ഭരണം ഇത്തവണ വിജയ് പിടിക്കുമെന്ന പ്രതീതി തമിഴ്നാട്ടിൽ ഉടനീളം നിലവിലുണ്ട്. ടി.വി.കെ സഖ്യത്തിൽ ചേർന്നാൽ അതുകൊണ്ട് ഗുണം ലഭിക്കാൻ പോകുന്നത് യഥാർത്ഥത്തിൽ കോൺഗ്രസ്സിനു തന്നെയാണ്.
തമിഴ്നാട്ടിൽ മാത്രമല്ല, പോണ്ടിച്ചേരിയിൽ പോലും, വിജയ് സംഘടിപ്പിച്ച റാലിയിൽ വൻ ജനക്കൂട്ടമാണ് എത്തിയിരുന്നത്. അതുകൊണ്ട്, എൻ.ഡി.എ മുന്നണി ഭരിക്കുന്ന പോണ്ടിച്ചേരിയിലും ഇത്തവണ രാഷ്ട്രീയ നിരീക്ഷകർ ഭരണമാറ്റം മുന്നിൽ കാണുന്നുണ്ട്. ടി.വികെയുമായി സഖ്യമായാൽ, തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ഉപമുഖ്യമന്ത്രി പദത്തോടെ മന്ത്രിസഭയിൽ ഇടംപിടിക്കാനുള്ള സുപ്രധാന അവസരമാണ് കോൺഗ്രസ്സിന് ലഭിക്കുക.

ഈ രണ്ട് സംസ്ഥാനങ്ങൾക്ക് പുറമെ, വിജയ് എന്ന സൂപ്പർ താരത്തിന് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മറ്റൊരു സംസ്ഥാനം കേരളമാണ്. ഇവിടെ സിനിമയും സിനിമാ താരങ്ങളും രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന പതിവ് ഇല്ലെങ്കിലും, പുതിയ തലമുറയ്ക്ക് രാഷ്ട്രീയത്തിൽ വലിയ താൽപ്പര്യം ഇല്ലാത്ത അവസ്ഥയിൽ വിജയ് കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് ഇറങ്ങിയാൽ, അത് യു.ഡി.എഫിനെ സംബന്ധിച്ച് വലിയ ഗുണം ചെയ്യാനാണ് സാധ്യത. പ്രത്യേകിച്ച് യുവാക്കളുടെയും യുവതികളുടെയും ഇടയിലുള്ള ദളപതിയുടെ സ്വാധീനം കണക്കിലെടുക്കുമ്പോൾ, അതൊരിക്കലും വോട്ടാകില്ല എന്ന് ഈ ഘട്ടത്തിൽ ഉറപ്പിച്ച് പറയാൻ പറ്റുകയില്ല.
കോൺഗ്രസ്സ് – ടി.വി.കെ സഖ്യം തമിഴ്നാട്ടിൽ ശാശ്വതമായാൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ വലിയ റാലിയും റോഡ് ഷോയും സംഘടിപ്പിച്ച് അവിടെ വിജയ്‌യെ കൊണ്ടുവരാനാണ് കോൺഗ്രസ്സ് നീക്കം.
നിലവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, കർണ്ണാടകയിലും, തെലങ്കാനയിലുമാണ് കോൺഗ്രസ്സിന് ഭരണമുള്ളത്. തമിഴ്നാട്ടിൽ, ഡി.എം.കെയും ഇടതുപക്ഷവും ഉൾപ്പെട്ട മുന്നണിയാണ് ഭരിക്കുന്നതെങ്കിലും, മന്ത്രിസഭയിൽ ഇടമില്ലാത്തതിനാൽ, പ്രതിപക്ഷത്ത് ഇരിക്കുന്നതിന് തുല്യമായ അവസ്ഥയാണുള്ളത്.
ഈ സ്ഥിതി മാറണമെന്ന് ആഗ്രഹിക്കുന്ന തമിഴ്നാട്ടിലെ കോൺഗ്രസ്സ് നേതാക്കൾ ഹൈക്കമാൻ്റിന് മുന്നിൽ വച്ചിരിക്കുന്ന ഓഫർ, ടി.വി.കെ ഒപ്പമുണ്ടെങ്കിൽ ദക്ഷിണേന്ത്യയാകെ പിടിച്ചെടുക്കാമെന്നതാണ്. വിജയ് ഒപ്പമുണ്ടെങ്കിൽ ആന്ധ്ര ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അധികാരത്തിൽ വരാൻ കഴിയുമെന്ന ഈ ഓഫർ ഹൈക്കമാൻ്റ് അംഗീകരിച്ചാൽ, അതോടെ ഡി.എം.കെ – കോൺഗ്രസ്സ് സഖ്യം അവസാനിക്കും.

സിനിമാ ജീവിതത്തോട് വിട പറഞ്ഞ വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായ ജനനായകൻ ജനുവരിയിലാണ് പ്രദർശനത്തിന് എത്തുന്നത്. ഈ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി മലേഷ്യയിൽ സംഘടിപ്പിച്ച താരനിശയിൽ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. മലേഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു ഇവൻ്റായാണ് ഇത് മാറിയിരുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ താരത്തെ കാണാൻ, ഇത്രയും വലിയ ഒരു ജനകൂട്ടം ഇരമ്പിയെത്തിയത് മലേഷ്യൻ ഭരണകൂടത്തെ പോലും ഞെട്ടിച്ചു കളഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു താരത്തിനും നേതാക്കൾക്കും ലഭിക്കാത്ത ആൾക്കൂട്ട സ്വീകരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
EXPRESS VIEW
വീഡിയോ കാണാം…






