സഞ്ജുവിന് സെമി നഷ്ടമാകുമോ? ഹെൽമറ്റ് ഊരിയെറിഞ്ഞുള്ള വിജയാഘോഷം വിനയാകുന്നു; നടപടിക്ക് സാധ്യത

സാധാരണഗതിയിൽ ഇത്തരം ആവേശപ്രകടനങ്ങളെ 'ലെവൽ 1' കുറ്റമായാണ് ഐസിസി കണക്കാക്കാറുള്ളത്

സഞ്ജുവിന് സെമി നഷ്ടമാകുമോ? ഹെൽമറ്റ് ഊരിയെറിഞ്ഞുള്ള വിജയാഘോഷം വിനയാകുന്നു; നടപടിക്ക് സാധ്യത
സഞ്ജുവിന് സെമി നഷ്ടമാകുമോ? ഹെൽമറ്റ് ഊരിയെറിഞ്ഞുള്ള വിജയാഘോഷം വിനയാകുന്നു; നടപടിക്ക് സാധ്യത

വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യയെ സെമിയിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. വിൻഡീസിനെ തകർത്ത് വിജയറൺ കുറിച്ചതിന് പിന്നാലെ ആവേശത്തോടെ താരം തന്റെ ഹെൽമറ്റ് ഊരി നിലത്തേക്ക് എറിഞ്ഞതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് അനാദരവ് കാണിക്കുന്നതോ അപകടകരമായ രീതിയിൽ വലിച്ചെറിയുന്നതോ ശിക്ഷാർഹമാണ്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം പടിവാതിൽക്കൽ നിൽക്കെ, സഞ്ജുവിനെതിരെയുള്ള അച്ചടക്ക സമിതിയുടെ നീക്കം ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Also Read: ഇംഗ്ലണ്ടിനെതിരായ സെമിയിൽ പരീക്ഷണങ്ങൾ വേണ്ട; വരുൺ ചക്രവർത്തിയെ മാറ്റുന്നത് ബുദ്ധിയല്ലെന്ന് ആകാശ് ചോപ്ര

സാധാരണഗതിയിൽ ഇത്തരം ആവേശപ്രകടനങ്ങളെ ‘ലെവൽ 1’ കുറ്റമായാണ് ഐസിസി കണക്കാക്കാറുള്ളത്. ലോകകപ്പിൽ തന്നെ സമാനമായ രീതിയിൽ ഹെൽമറ്റ് എറിഞ്ഞതിന് സ്കോട്‌ലൻഡ് താരം ജോർജ്ജ് മുൻസിക്ക് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. എന്നിരുന്നാലും, സഞ്ജുവിന് സെമി ഫൈനൽ നഷ്ടമാകാൻ സാധ്യത കുറവാണെന്നാണ് സൂചനകൾ. ലെവൽ 1 കുറ്റങ്ങൾക്ക് മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റും മാത്രമേ ലഭിക്കാറുള്ളൂ. 24 മാസത്തിനുള്ളിൽ നാല് ഡീമെറിറ്റ് പോയിന്റുകൾ ലഭിച്ചാൽ മാത്രമേ ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിടേണ്ടി വരൂ എന്നതിനാൽ സഞ്ജുവിന് സെമിയിൽ കളിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.

അമ്പയറുടെ തീരുമാനത്തോടുള്ള പ്രതിഷേധമോ എതിർതാരങ്ങളെ അപായപ്പെടുത്താനുള്ള നീക്കമോ ആയിരുന്നില്ല സഞ്ജുവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മാച്ച് റഫറി വിലയിരുത്തും. വിജയലഹരിയിൽ മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറയുന്നതിനിടെ അമിതാവേശം കൊണ്ട് സംഭവിച്ച കാര്യമായതിനാൽ കടുത്ത നടപടികൾക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. സഞ്ജുവിന്റെ ഭാഗത്തുനിന്ന് മുൻപ് ഇത്തരം അച്ചടക്ക ലംഘനങ്ങൾ ഉണ്ടായിട്ടില്ലാത്തതും താരത്തിന് തുണയാകും. എന്നിരുന്നാലും, ഐസിസിയുടെ ഔദ്യോഗിക റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

Share Email
Top