ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രോഹിത് ശർമയുടെ റെക്കോർഡ് തകർക്കാൻ റിഷഭ് പന്തിന് വേണ്ടത് 40 റൺസ്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ 40 റൺസ് നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് റിഷഭ് പന്തിന് സ്വന്തമാക്കാം.
നിലവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി 69 ഇന്നിങ്സുകൾ കളിച്ച രോഹിത് 2,716 റൺസ് നേടിയിട്ടുണ്ട്. 67 ഇന്നിങ്സുകളിൽ നിന്ന് 2,677 റൺസുമായി റിഷഭ് പന്താണ് തൊട്ടുപിന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ റിഷഭ് പന്ത് കളിക്കുന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ലോഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ പന്തിന്റെ വിരലിന് പരിക്കേറ്റിരുന്നു.
പരിക്കേറ്റ ശേഷവും റിഷഭ് ഇന്ത്യയ്ക്കായി ബാറ്റ് ചെയ്തെങ്കിലും വിക്കറ്റ് കീപ്പറായത് ധ്രുവ് ജുറേലാണ്. അതേസമയം നാലാം ടെസ്റ്റിൽ പന്തിനെ ബാറ്ററായി മാത്രം കളിപ്പിക്കുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് ടീം മാനേജ്മെന്റ് സൂചിപ്പിച്ചിരുന്നു. ഈ മാസം 23നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരത്തിന് തുടക്കമാകുക. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്.












