കെസി കേരള മുഖ്യമന്ത്രിയാകും ? കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയും, സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സച്ചിനും പരിഗണനയിൽ

യുഡിഎഫിൽ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ലെന്ന കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം കോൺഗ്രസിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരെ കേന്ദ്രീകരിച്ചുള്ള രാഷ്‌ട്രീയ നീക്കങ്ങളും, കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഇതോടൊപ്പം ശ്രദ്ധ നേടുകയാണ്.

കെസി കേരള മുഖ്യമന്ത്രിയാകും ? കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയും, സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സച്ചിനും പരിഗണനയിൽ
കെസി കേരള മുഖ്യമന്ത്രിയാകും ? കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയും, സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സച്ചിനും പരിഗണനയിൽ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവരുമായി ചേർന്ന് കുറുമുന്നണിയുണ്ടാക്കി സ്ഥാനം ഉറപ്പിച്ച് നിർത്താൻ കേരള മുഖ്യമന്ത്രി വിഡി സതീശൻ നടത്തുന്ന നീക്കത്തിന് ഇനിയും വഴങ്ങി കൊടുത്താൽ സംസ്ഥാനത്ത് പാർട്ടി തന്നെ ഉണ്ടാകില്ലന്ന ശക്തമായ മുന്നറിയിപ്പു നൽകി മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി മുഖ്യമന്ത്രിക്ക് എതിരെ പ്രതികരിച്ചതും ഈ നീക്കത്തിൻ്റെ ഭാഗമായാണ്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ ഉറച്ച പിന്തുണയിലാണ് അടൂർ പ്രകാശ് പൊട്ടിത്തെറിച്ചിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയ തലത്തിൽ കോൺഗ്രസ്സിൻ്റെ മുഖം മാറി പുതിയ നേതൃത്വം വരണമെന്നാണ് നെഹറു കുടുംബവും കോൺഗ്രസ്സ് പ്രവർത്തക സമിതിയിലെ വലിയ വിഭാഗവും ആഗ്രഹിക്കുന്നത്. പ്രിയങ്ക ഗാന്ധിയെ പ്രസിഡൻ്റായും സച്ചിൻ പൈലറ്റിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ആക്കണമെന്ന നിലപാടിനാണ് പ്രവർത്തക സമിതി അംഗങ്ങൾക്കിടയിൽ മേധാവിത്വമുള്ളത്. ജെൻസികളുടെ പാർട്ടിയായ കോക്രോച്ച് ജനതാപാർട്ടി വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ കോൺഗ്രസ്സിൻ്റെ തലപ്പത്തും ചെറുപ്പം വരണമെന്ന നിലപാടിലാണ് നേതൃത്വമുള്ളത്. പ്രിയങ്ക, രാഹുൽ, സച്ചിൻ പൈലറ്റ് കോംമ്പോ നയിക്കുന്ന കോൺഗ്രസ്സിന് തിരഞ്ഞെടുപ്പ് രംഗത്ത് വലിയ ചലനം സൃഷ്ടിക്കാൻ കഴിയുമെന്നാണ് മുതിർന്ന നേതാക്കൾ കരുതുന്നത്. ഇത്തരം ഒരു നീക്കത്തിന് അനുകൂലമായ നിലപാടിലാണ് നിലവിലെ കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഉള്ളത്. ശാരീരികമായ പ്രശ്‌നങ്ങൾ ഉള്ളതിനാൽ തന്നെ മാറ്റണമെന്ന നിലപാടാണ് ഖാർഗെ സോണിയാ ഗാന്ധിക്ക് മുന്നിൽ സ്വീകരിച്ചിട്ടുള്ളത്. ഖാർഗെ മാറുന്നതോടെ, പിന്നെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് കെസി വേണുഗോപാലിന് മാത്രമായി തുടരാൻ കഴിയുകയില്ല. സ്വാഭാവികമായും എഐസിസിയിൽ മൊത്തത്തിൽ അഴിച്ചു പണി നടത്തേണ്ടതായി വരും. കെസി വേണുഗോപാൽ സംഘടനാ സെക്രട്ടറി സ്ഥാനത്ത് ഇനിയും തുടരരുത് എന്ന് ആഗ്രഹിക്കുന്ന ഉത്തരേന്ത്യയിലെ പ്രമുഖ നേതാക്കളും പുനസംഘടനയിൽ കണ്ണുംനട്ടാണ് ഇപ്പോൾ ഇരിക്കുന്നത്.

ഈ പശ്ചാതലത്തിലാണ് ഡൽഹിയിൽ നിന്നും തെറിച്ചാൽ പകരം സംവിധാനം മുൻകൂട്ടി കണ്ട് കെസി വേണുഗോപാൽ ഇപ്പോഴേ കരുക്കൾ നീക്കി തുടങ്ങിയിരിക്കുന്നത്. യുഡിഎഫ് സർക്കാറിൻ്റെ 5 വർഷം കാലാവധി പൂർത്തിയാകുന്നതു വരെ കാത്ത് നിൽക്കാനൊന്നും കെസി തയ്യാറല്ല. അദ്ദേഹത്തെ അനുകൂലിക്കുന്ന എംപിമാരും എംഎൽഎമാരും മന്ത്രിമാരും ഉൾപ്പെടെ എത്രയും പെട്ടന്ന് കെസി വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകണമെന്ന പിടിവാശിയിലാണ് നിൽക്കുന്നത്. വിഡി സതീശൻ്റെ ഏകാധിപത്യ ശൈലിയാണ് ഇവരെയൊക്കെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വിഡി സതീശന് എതിരെ അന്തിമ പോരാട്ടത്തിനാണ് സതീശൻ വിരുദ്ധ വിഭാഗം ഇപ്പോൾ തയ്യാറെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടുകളുമായി മുന്നോട്ട് പോകാൻ കഴിയില്ലന്ന് യു ഡി എഫ് കൺവീനർ അടൂർ പ്രകാശ് മാത്രമല്ല 15 കോൺഗ്രസ്സ് എംപിമാരും ദേശീയ നേതൃത്വത്തോട് തുറന്നു പറഞ്ഞു കഴിഞ്ഞു. എം.കെ. മുനീറിനും ജി.ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതുൾപ്പെടെ പല കാര്യങ്ങളും യുഡിഎഫിൽ ചർച്ച ചെയ്യാതെയാണു തീരുമാനിക്കുന്നതെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിക്കുമെന്നും തുറന്നടിച്ച യുഡിഎഫ് കൺവീനറുടെ നടപടി യുഡിഎഫിൽ സ്ഫോടനാത്മകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശനെതിരായ പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് താൻ അറിയുന്നതെന്നും ഇതു ദുഃഖകരമാണെന്നുമാണ് അടൂർ പ്രകാശ് പറഞ്ഞിരിക്കുന്നത്.

ഇതോടൊപ്പം തന്നെ ചാർട്ടേഡ് വിമാനയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ കാര്യങ്ങൾ പറയണമെന്നു കൂടി അടൂർ പ്രകാശ് തുറന്നടിച്ചിട്ടുണ്ട്. ഇത് മുഖ്യമന്ത്രിക്ക് വരും ദിവസങ്ങളിൽ വലിയ വെല്ലുവിളിയായാണ് മാറാൻ പോകുന്നത്. യുഡിഎഫ് യോഗം ചേരുന്നില്ലന്നും ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി കാര്യങ്ങൾ അറിയിക്കാത്തതിനാലാണ് യോഗം കൂടാൻ കഴിയാത്തത് എന്ന ഗുരുതര ആരോപണവും അടൂർ പ്രകാശ് ഉന്നയിച്ചിട്ടുണ്ട്. ‘പല കാര്യങ്ങളും ചർച്ച ചെയ്തു തീരുമാനമെടുക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും ചോദ്യമുണ്ടാകുമ്പോൾ മറുപടി പറയാൻ കഴിയാത്ത അവസ്ഥയാണുള്ളത്’ എന്ന് യുഡിഎഫ് കൺവീനർ തന്നെ തുറന്നു പറയുമ്പോൾ അന്തംവിട്ടിരിക്കുന്നത് കോൺഗ്രസ്സ് പ്രവർത്തകരാണ്.

അഭിപ്രായഭിന്നതയുള്ള കാര്യങ്ങൾ താൻ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യുന്നത് എന്നും തന്നെ യുഡിഎഫ് കൺവീനറായി ചുമതല ഏൽപിച്ചത് കേന്ദ്രനേതൃത്വമാണ് എന്നുകൂടി അടൂർ പ്രകാശ് പറയുമ്പോൾ അത് സതീശനുള്ള ഒരു മുന്നറിയിപ്പ് തന്നെ ആയി കാണേണ്ടതുണ്ട്. വിഷയങ്ങൾ ഇനി മറച്ചുവച്ചിട്ടു കാര്യമില്ലെന്നു തോന്നുന്നതു കൊണ്ടാണ് ഇപ്പോൾ പറയുന്നതെന്ന അടൂർ പ്രകാശിൻ്റെ വാദം പ്രമുഖ നേതാക്കളെല്ലാം തന്നെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ അവരും പരസ്യമായി പ്രതികരിക്കാൻ സാധ്യതയുണ്ട്. ഒരു ചർച്ചയുമില്ലാതെയാണ് പല കാര്യങ്ങളും മുഖ്യമന്ത്രി നടപ്പാക്കുന്നത് എന്ന നിലപാട് വി എം സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കുമുണ്ട്. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിൻതുണച്ച വിഎം സുധീരൻ ഇപ്പോൾ സതീശൻ മാറണമെന്ന നിലപാടിലേക്ക് മാറിയിട്ടുണ്ട്. ഇതും കെസി വേണുഗോപാലിന് അനുകൂലമായ ഘടകമാണ്.

എം.കെ.മുനീറിനും ജി.ദേവരാജനും ക്യാബിനറ്റ് പദവിയിൽ നിയമനം നൽകിയതിൽ യുഡിഎഫ് കൺവീനർ എന്ന നിലയിൽ അടൂർ പ്രകാശിനോട് പോലും ആലോചിക്കാത്ത മുഖ്യമന്ത്രി, ഇക്കാര്യം പ്രധാന കോൺഗ്രസ്സ് നേതാക്കളുമായി പോലും ചർച്ച ചെയ്യാൻ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും ബോർഡ്, കോർപറേഷൻ തലപ്പത്ത് ഇപ്പോഴും ഇടതുസർക്കാർ നിയോഗിച്ച ആളുകളാണ് ഇരിക്കുന്നത്. ഇക്കാര്യത്തിലും ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ്സ് നേതാക്കൾക്കിടയിൽ ഉള്ളത്. ഇതെല്ലാം കൂടി വിഡി സതീശന് എതിരായ വികാരമായി ശക്തപ്പെട്ട സാഹചര്യത്തിൽ കോൺഗ്രസ്സിൽ ഇനി എന്തും സംഭവിക്കാം എന്നതാണ് നിലവിലെ അവസ്ഥ.

EXPRESS VIEW

വീഡിയോ കാണാം…

Share Email
Top