പഴയ കാറുകൾക്കും ബൈക്കുകൾക്കും പണിയാകുമോ ഇ20 പെട്രോൾ? റബ്ബർ ഭാഗങ്ങൾ ഉരുകാൻ സാധ്യതയെന്ന് എആർഎഐ പഠനം

സാധാരണ പെട്രോളിനെ അപേക്ഷിച്ച് എത്തനോളിന് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം കൂടുതൽ ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്

പഴയ കാറുകൾക്കും ബൈക്കുകൾക്കും പണിയാകുമോ ഇ20 പെട്രോൾ? റബ്ബർ ഭാഗങ്ങൾ ഉരുകാൻ സാധ്യതയെന്ന് എആർഎഐ പഠനം
പഴയ കാറുകൾക്കും ബൈക്കുകൾക്കും പണിയാകുമോ ഇ20 പെട്രോൾ? റബ്ബർ ഭാഗങ്ങൾ ഉരുകാൻ സാധ്യതയെന്ന് എആർഎഐ പഠനം

രാജ്യത്തുടനീളം 20 ശതമാനം എത്തനോൾ കലർന്ന ‘ഇ20’ പെട്രോൾ വിതരണം വ്യാപകമായതോടെ, പഴയ വാഹനങ്ങളുടെ ആയുസ്സിനെക്കുറിച്ച് ആശങ്ക ഉയരുന്നതായി റിപ്പോർട്ട്. ഇ10 ഇന്ധനത്തിനായി രൂപകൽപ്പന ചെയ്ത പഴയ വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുന്നത് ഇന്ധന സംവിധാനത്തിലെ ചില റബ്ബർ, പ്ലാസ്റ്റിക് ഘടകങ്ങളുടെ ദീർഘകാല തേയ്മാനത്തിന് കാരണമായേക്കാമെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) നടത്തിയ പഠനത്തിൽ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ പഠനവിവരങ്ങൾ പുറത്തുവിട്ടത്.

സാധാരണ പെട്രോളിനെ അപേക്ഷിച്ച് എത്തനോളിന് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം കൂടുതൽ ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്. ഇതാണ് പഴയ വാഹനങ്ങൾക്ക് വില്ലനാകുന്നത്. പഠനപ്രകാരം പ്രധാനമായും ഇന്ധന പൈപ്പുകൾ, ഗാസ്‌കറ്റുകൾ സീലുകൾ, ഒ-റിങ്ങുകൾ ഭാഗങ്ങളെയാണ് പ്രധാനമായും ഇത് ബാധിക്കാൻ സാധ്യതയുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012-ന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾക്കും, 2023 ഏപ്രിലിന് മുമ്പ് പുറത്തിറങ്ങിയ ചില മോഡലുകൾക്കും ഇ20 പെട്രോൾ ഉപയോഗിക്കാനുള്ള പൂർണ്ണ അനുയോജ്യത സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല. ഇവയിൽ ഇ20 ദീർഘകാലം ഉപയോഗിക്കുമ്പോൾ ഇന്ധന ടാങ്കിലും പൈപ്പുകളിലും തുരുമ്പെടുക്കാനും ഇന്ധന ചോർച്ച ഉണ്ടാകാനും സാധ്യതയുണ്ടെന്ന് എൻജിനീയർമാർ ചൂണ്ടിക്കാട്ടുന്നു.

Also Read: അമേരിക്കൻ പണി പാളി..! എണ്ണവില കുതിച്ചുയരുന്നു; കത്തിയെരിഞ്ഞ് ഹോർമുസ്

എആർഎഐ നടത്തിയ പരിശോധനകളിൽ വ്യത്യസ്ത എൻജിനുകളിൽ ഇ20 ഇന്ധനമുണ്ടാക്കുന്ന സ്വാധീനവും വ്യത്യസ്തമാണെന്ന് കണ്ടെത്തി. കാറുകളിൽ ഒരു ബിഎസ്-4 എൻജിൻ മികച്ച പ്രകടനം നടത്തിയപ്പോൾ, ഒരു പ്രമുഖ നിർമ്മാതാവിന്റെ ബിഎസ്-6 ടർബോചാർജ്ഡ് എൻജിനിൽ 265 മണിക്കൂർ പരിശോധനയ്ക്ക് ശേഷം ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടു. മറ്റൊരു എൻജിനിൽ എക്‌സ്‌ഹോസ്റ്റ് വാൽവിന് തകരാർ സംഭവിച്ചു. ഇരുചക്ര വാഹനങ്ങളിൽ പ്രമുഖ ബൈക്ക് നിർമ്മാതാക്കൾ നടത്തിയ പരിശോധനകളിൽ എൻജിന് തകരാറുകളോ ലോഹഭാഗങ്ങൾക്ക് നാശമോ കണ്ടെത്തിയില്ല. എന്നാൽ ഇ10 പെട്രോളിനെ അപേക്ഷിച്ച് ഇന്ധനക്ഷമതയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇ20 പെട്രോൾ പൂർണ്ണമായും സുരക്ഷിതമാണെന്നാണ് മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുടെ നിലപാട്.

വർഷങ്ങൾ നീണ്ട ലാബ് പരിശോധനകൾക്കും പ്രായോഗിക പരീക്ഷണങ്ങൾക്കും ശേഷമാണ് ഇ20 ഇന്ധനത്തിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് കമ്പനികൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പരിശോധനകൾ അന്താരാഷ്ട്ര യു.എൻ.ഇ.സി.ഇ. മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തിയതെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ പ്രതിനിധി വിക്രം ഗുലാത്തി വ്യക്തമാക്കി. പെട്രോൾ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇ20 ഇന്ധനം രാജ്യം പൂർണ്ണമായി നടപ്പിലാക്കിയതിന് പിന്നാലെ, ഭാവിയിൽ 85 ശതമാനവും 100 ശതമാനവും എത്തനോൾ അടങ്ങിയ ഇ85, ഇ100 ഇന്ധനങ്ങൾ വിപണിയിലെത്തിക്കാനുള്ള കടുത്ത നീക്കത്തിലാണ് കേന്ദ്ര സർക്കാർ.

Share Email
Top