ഐപിഎൽ സീസൺ അവസാനത്തോടടുക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ഉറ്റുനോക്കുന്നത് എംഎസ് ധോണിയുടെ ഭാവിയിലേക്കാണ്. താരം അടുത്ത സീസണിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. പരിക്കിനെത്തുടർന്ന് ഈ സീസണിലെ മത്സരങ്ങൾ മുഴുവൻ നഷ്ടമായത് ചെന്നൈയുടെ പ്രകടനത്തെ സാരമായി ബാധിച്ചുവെന്ന് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ് വ്യക്തമാക്കി.
ഡെത്ത് ഓവറുകളിൽ ടീം നേരിട്ട പരാജയങ്ങൾ എടുത്തുപറഞ്ഞുകൊണ്ട്, ധോണി ക്രീസിലുണ്ടായിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി മാറ്റാൻ സാധിക്കുമായിരുന്നുവെന്ന് റുതുരാജ് അഭിപ്രായപ്പെട്ടു. എതിരാളികളുടെ പേടിസ്വപ്നമായ ധോണിയുടെ സാന്നിധ്യം ടീമിന് നൽകുന്ന ആത്മവിശ്വാസം വലുതാണ്. മത്സരങ്ങളിൽ കളിക്കാൻ സാധിച്ചില്ലെങ്കിലും, ടീമിലെ യുവതാരങ്ങളെ നയിക്കുന്നതിലും അവർക്ക് കൃത്യമായ നിർദേശങ്ങൾ നൽകുന്നതിലും ധോണി സജീവമായിരുന്നു.
Also Read:ചെന്നൈയുടെ പ്ലേ ഓഫ് മോഹങ്ങൾ പൊലിഞ്ഞു; ഗുജറാത്ത് ടൈറ്റൻസിനോട് കനത്ത തോൽവി!
അടുത്ത സീസണിൽ ധോണിയെ ടീമിൽ കാണാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, തീർച്ചയായും കാണാൻ സാധിക്കുമെന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി. എങ്കിലും താരം കളിക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല. ഗുജറാത്ത് ടൈറ്റൻസിനോടേറ്റ തോൽവിയോടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചുവെങ്കിലും, ഈ സീസൺ യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവമായിരുന്നു. കാർത്തിക് ശർമ, ഉർവിൽ പട്ടേൽ, ഡെവാൾഡ് ബ്രെവിസ് എന്നിവരുടെ പ്രകടനം മികച്ചതായിരുന്നുവെന്നും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതോടെ അവർ ടീമിന്റെ കരുത്തായി മാറുമെന്നും റുതുരാജ് കൂട്ടിച്ചേർത്തു. അടുത്ത വർഷം കൂടുതൽ കരുത്തുറ്റ തിരിച്ചുവരവ് നടത്താനാണ് ടീം ലക്ഷ്യമിടുന്നത്.





