തമിഴ്നാട്ടിൽ ബി.ജെ.പി ഇപ്പോൾ പയറ്റാൻ പോകുന്നത് തന്ത്രപരമായ ഒരു രാഷ്ട്രീയമാണ്. നടൻ ധനുഷിനെ മുൻ നിർത്തിയുള്ള രാഷ്ട്രീയ നീക്കമാണത്. 2029 ലെ ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തിയാണ് തിടുക്കപ്പെട്ട ഈ നീക്കം നടത്തുന്നത്. ദളപതി വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ഒറ്റയടിക്ക് ഭരണം പിടിച്ചതിനാൽ, ധനുഷിനും മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നതാണ് ബിജെപി ദേശീയ നേതൃത്വം കരുതുന്നത്.
രാഷ്ട്രീയപ്രവേശത്തിന് മുന്നോടിയായി ധനുഷ് തന്റെ ആരാധകസംഘടനയെ ജീവകാരുണ്യ സംഘടനയായി മാറ്റിയിട്ടുണ്ട്. ‘തമിഴക എഴുച്ചി കഴകം’ എന്ന പേരിൽ രാഷ്ട്രീയകക്ഷിയായി രജിസ്റ്റർചെയ്തിട്ടുമുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുൻപ് ‘വിജയ് മക്കൾ ഇയക്കം’ വഴി വിജയ് നടത്തിവന്ന പ്രവർത്തനങ്ങൾക്കു സമാനമാണ് ജീവകാരുണ്യസംഘടന വഴി ധനുഷ് ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ.
സൂപ്പർസ്റ്റാർ രജനീകാന്തിൻ്റെ പിന്തുണ ധനുഷിൻ്റെ ഈ നീക്കങ്ങൾക്ക് എല്ലാം പിന്നിലുണ്ട് എന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ധനുഷ് , രജനി, ബിജെപി കോംബോയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സകല നീക്കങ്ങളും നടക്കുന്നത്. ബി.ജെ.പി വിട്ട അണ്ണാമലൈയും ധനുഷിനൊപ്പം ചേരുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് അണ്ണാ ഡിഎംകെയിലെ പ്രബല വിഭാഗം ഭരണപക്ഷമായ ടിവികെയിൽ ലയിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെങ്കിലും അവശേഷിക്കുന്ന വിഭാഗത്തെ ഒപ്പം കൂട്ടാനാണ് ബിജെപി ശ്രമിക്കുന്നത്.
39 ലോകസഭ അംഗങ്ങൾ ഉള്ള തമിഴ്നാട്ടിൽ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ തൂത്തു വാരിയത് ഡിഎംകെ സഖ്യമാണ്. ഇപ്പോൾ ഈ സഖ്യം തന്നെ തകർന്നതും വിജയ് നേതൃത്വം നൽകുന്ന ടിവികെ സംസ്ഥാന ഭരണം പിടിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ലോകസഭ തിരഞ്ഞെടുപ്പിൽ ടിവികെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
എന്നാൽ ഡിഎംകെ സഖ്യവും , ധനുഷിൻ്റെ നേതൃത്വത്തിൽ ബിജെപി സഖ്യവും എല്ലാം, വ്യത്യസ്ത രൂപത്തിൽ മത്സരിക്കുന്നതും ഗുണം ചെയ്യാൻ പോകുന്നതും ടിവികെ സഖ്യത്തിന് തന്നെ ആയിരിക്കും. ഇത് ബിജെപിക്കും അറിയാമെങ്കിലും പറ്റാവുന്ന സീറ്റുകൾ പിടിച്ചെടുക്കുക എന്നതാണ് അവർ ലക്ഷ്യമിടുന്നത്. ലോകസഭയിൽ 39 അംഗങ്ങൾ ആണെങ്കിൽ രാജ്യസഭയിൽ 18 അംഗങ്ങളെയും തമിഴ്നാട് സംഭാവന ചെയ്യുന്നുണ്ട് എന്നതിനാൽ 2029-ൽ കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിൽ നിർണ്ണായക റോളാണ് തമിഴ്നാടിന് ഉണ്ടാവുക.
ബിജെപിയുടെ പണവും സംഘടനാ സംവിധാനവും ധനുഷ് ഉപയോഗപ്പെടുത്തിയാൽ തമിഴ്നാട്ടിൽ വാശിയേറിയ ത്രികോണ മത്സരമാണ് നടക്കുക.
ഇതിനിടെ വനിതാ സന്നദ്ധപ്രവർത്തകർക്കു നടൻ ധനുഷ് നൽകിയ ഉപഹാരത്തിൽ ബി.ജെ.പി.യുടെ താമര ചിഹ്നം ആലേഖനംചെയ്തതും വലിയ ചർച്ചയായിട്ടുണ്ട്. ധനുഷ് രാഷ്ട്രീയത്തിലിറങ്ങാൻ പോവുകയാണെന്നും അതിനുപിന്നിൽ ബി.ജെ.പി.യാണെന്നുമുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് താമര ചിഹ്നം ഇവിടെ പരസ്യമായി പൊതുവേദിയിൽ അലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്.
ജീവകാരുണ്യസംഘടനയിലെ വനിതാ പ്രവർത്തകരുടെ യോഗമാണ് ഒക്ടോബർ 25 ന് ചെന്നൈയിൽ നടന്നത്. യോഗത്തിൽ പങ്കെടുത്ത 3,000 പേർക്ക് ധനുഷ് വെള്ളികൊണ്ടുള്ള കാമാക്ഷി വിളക്കാണ് സമ്മാനമായി നൽകിയിരിക്കുന്നത്.
വിളക്കിന്റെ അടിയിലാണ് ചെറുതായി താമര ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നത്. പ്രമുഖ ജ്വല്ലറിയിൽ നിർമിച്ച വിളക്കിൽ ധനുഷിന്റെ നിർദേശപ്രകാരമാണ് താമര ചിഹ്നം ചേർത്തത് എന്നാണു പറയുന്നത്. ചടങ്ങിൽ രണ്ടുമിനിറ്റു നേരം മാത്രമാണ് ധനുഷ് സംസാരിച്ചിരിക്കുന്നത്.
2031-ലെ തിരഞ്ഞെടുപ്പാണ് താരത്തിന്റെ ലക്ഷ്യമെന്ന് ആരാധകർ പറയുന്നുണ്ടെങ്കിലും, 2029 ലെ ലോകസഭ തിരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യമിടുന്നതെന്നത് പകൽ പോലെ വ്യക്തമാണ്.
EXPRESS VIEW






