ഏകദേശം 20.1 കോടി വർഷങ്ങൾക്ക് മുമ്പ് പാൻജിയ എന്ന മഹാഭൂഖണ്ഡം പിളരാൻ തുടങ്ങിയ കാലത്ത് യൂറോപ്പ് നേരിട്ടത് ആയിരക്കണക്കിന് വർഷം നീണ്ട കാട്ടുതീയുടെ കാലമായിരുന്നുവെന്ന് പുതിയ പഠനം. ചില പ്രദേശങ്ങളിൽ തീപിടിത്തങ്ങൾ 40,000 വർഷം മുതൽ 3 ലക്ഷം വർഷം വരെ ആവർത്തിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. അന്ന് ഉണ്ടായ അഗ്നിപർവത സ്ഫോടനങ്ങളും കാലാവസ്ഥാ വ്യതിയാനവും ചേർന്നാണ് ഈ സാഹചര്യം രൂപപ്പെട്ടതെന്നാണ് പഠനം പറയുന്നത്.
പാൻജിയയുടെ വിഘടനത്തിനിടെ സെൻട്രൽ അറ്റ്ലാന്റിക് മാഗ്മാറ്റിക് പ്രൊവിൻസിൽ (CAMP) വലിയ അഗ്നിപർവത സ്ഫോടനങ്ങളുണ്ടായി. ഇതിലൂടെ വൻതോതിൽ കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെത്തുകയും ആഗോള താപനില ഏകദേശം 5 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്തു. ഇതിന്റെ ഭാഗമായി കരയിലും കടലിലുമായി ഏകദേശം 76 ശതമാനം ജീവിവർഗങ്ങൾ ഇല്ലാതായ എൻഡ്-ട്രയാസിക് കൂട്ടവംശനാശവും സംഭവിച്ചു. കാടുകൾ തകർന്നതോടെ വടക്കുപടിഞ്ഞാറൻ യൂറോപ്പിൽ ഫേൺ സസ്യങ്ങൾ വ്യാപകമായി വളർന്നു.
ALSO READ; 2000 കടന്നാൽ ഇനി ചാർജ്, 75,000 രൂപയ്ക്ക് മുകളിൽ പരമാവധി 300 രൂപ..! പുതിയ യുപിഐ നിയമം ഒക്ടോബർ 15 മുതൽ
ഫേണുകൾ അതിവേഗം വീണ്ടും വളരാൻ കഴിയുന്ന സസ്യങ്ങളാണ്. തീയിൽ മുകളിലെ ഭാഗങ്ങൾ കത്തിപ്പോയാലും വേരുകൾ നിലനിൽക്കുന്നതിനാൽ അവ വീണ്ടും വളരും. ഉണങ്ങിയ ഫേണുകൾ കട്ടിയുള്ള പാളികളായി മാറി തീ പടരാൻ അനുയോജ്യമായ ഇന്ധനമായി. ഇതോടെ തീ അണഞ്ഞാലും ഫേണുകൾ വീണ്ടും വളരുകയും പിന്നീട് വീണ്ടും കത്തുകയും ചെയ്യുന്ന ഒരു ചക്രം രൂപപ്പെട്ടതായാണ് ഗവേഷകരുടെ നിഗമനം. ഉട്രെക്റ്റ് സർവകലാശാലയിലെ ഭൂശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ് പഠനം നടത്തിയത്. ഇതിനായി 4 സെഡിമെന്റ് കോറുകൾ ശേഖരിച്ചതിൽ ഒന്ന് ഏകദേശം 2,100 അടി ആഴത്തിൽ നിന്നുള്ളതായിരുന്നു.
പുരാതന കാട്ടുതീയുടെ തെളിവുകൾ കണ്ടെത്താൻ ഫോസിൽ ചാർക്കോളും തീയിൽ നിന്നുണ്ടാകുന്ന പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAAs) പരിശോധിച്ചു. ചാർക്കോൾ എളുപ്പത്തിൽ ചിതറാനും പുകയിൽ നിന്നുള്ള രാസവസ്തുക്കൾ ദൂരത്തേക്ക് സഞ്ചരിക്കാനും സാധ്യതയുള്ളതിനാൽ, ഫോസിൽ പരാഗകണങ്ങളുടെയും സ്പോറുകളുടെയും ഇരുണ്ടനിറം അളക്കുന്ന ‘പാലിനോമോർഫ് ഡാർക്ക്നസ് ഇൻഡക്സ്’ എന്ന രീതിയും ഉപയോഗിച്ചു. കൂട്ടവംശനാശത്തിന്റെ കാലത്ത് ഇവ ഇരുണ്ട തവിട്ടുനിറത്തിലേക്ക് മാറിയതായി കണ്ടെത്തി. ‘ഡാർക്ക് സോൺ’ എന്ന് തിരിച്ചറിഞ്ഞ ഈ കാലഘട്ടത്തിലെ ഫേൺ വ്യാപനവും ശക്തമായ കാട്ടുതീയും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നാണ് പഠനം പറയുന്നത്. ഫേണുകൾ തന്നെ തീയെ നേരിട്ടതോടൊപ്പം വീണ്ടും വീണ്ടും തീ പടരാനുള്ള ഇന്ധനവും ഒരുക്കിയെന്നാണ് മുതിർന്ന ഗവേഷകൻ ഡോ. ബാസ് വാൻ ഡെ ഷൂട്ട്ബ്രൂഗെയുടെ വിശദീകരണം. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ചില സസ്യങ്ങളുടെ വ്യാപനം എന്നിവ വീണ്ടും സമാനമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കാമെന്ന മുന്നറിയിപ്പും പഠനം നൽകുന്നു.






