ലീഗ് എം.പിമാർ പരസ്പരം മണ്ഡലം മാറി മത്സരിക്കുന്നത് എന്തെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല: വസീഫ്

ലീഗ് എം.പിമാർ പരസ്പരം മണ്ഡലം മാറി മത്സരിക്കുന്നത് എന്തെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല: വസീഫ്

മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ ഇടി മുഹമ്മദ് ബഷീർ മത്സരിക്കുന്ന മലപ്പുറത്ത് ഇത്തവണ വാശിയേറിയ മത്സരമാണ് നടക്കുന്നത്. ലീഗ് ഉറപ്പായും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന മലപ്പുറത്തേക്ക്,ഇടി പൊന്നാനിയിൽ നിന്നും മാറി വന്നതും,ആ ഉറപ്പിലാണ്. എന്നാൽ ഇത്തവണ ലീഗിൻ്റെ ആ ആത്മവിശ്വാസം തകരുമെന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥി വി വസീഫ് പറയുന്നത്.

ലീഗിൻ്റെ തകർക്കാൻ പറ്റാത്ത കോട്ടയല്ല മലപ്പുറമെന്നാണ് താൻ കരുതുന്നതെന്നാണ്, വസീഫ് പറയുന്നത്. വലിയ മാറ്റം ഇത്തവണ മലപ്പുറത്ത് ഉണ്ടാകുമെന്നതാണ് അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം. മലപ്പുറം-പൊന്നാനി മണ്ഡലങ്ങളിലെ മുസ്ലീംലീഗിൻ്റെ സിറ്റിംഗ് എം.പിമാർ എന്തിനു മാറി മത്സരിക്കുന്നു എന്ന ചോദ്യത്തിന് അവരുടെ അണികൾക്ക് പോലും ശരിയായ ഉത്തരം ലഭിച്ചിട്ടില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന് . . .

ലീഗിന്റെ പൊന്നാപുരം കോട്ടയാണ് മലപ്പുറം. ഇത്തവണ അത് തകര്‍ക്കാന്‍ സാധിക്കുമോ?

അങ്ങനെ ഒരു കോട്ടയാണ് എന്ന ഒരു അഭിപ്രായം ഒന്നും എനിക്ക് ഇല്ല. ഇത്തവണ കേരളത്തില്‍ ഉടനീളം ഒരു രാഷ്ട്രീയ മാറ്റത്തിന്റെ അന്തരീക്ഷമുണ്ട് കാരണം മതനിരപേക്ഷതയ്ക്ക് സംരക്ഷകരായി അചഞ്ചലമായി കൂടെ നില്‍ക്കുന്നത് ഇടതുപക്ഷമാണ് എന്ന ഒരു ബോധ്യവും നമ്മുടെ നാട്ടില്‍ ആകെ ഉണ്ട്. കേരളമാണല്ലോ സ്വാഭാവികമായിട്ടും രാജ്യം തന്നെ നോക്കിക്കാണുന്ന രാജ്യത്തെ മതനിരപേക്ഷ വിശ്വാസികള്‍ നോക്കി കാണുന്ന ഒരു ഇടം. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ മതനിരപേക്ഷത ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇടതുപക്ഷത്തിന് കരുത്ത് വര്‍ദ്ധിക്കണം, പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന് അംഗബലം കൂടണം എന്ന് ആഗ്രഹിക്കുന്നുണ്ട്. സ്വാഭാവികമായിട്ടും മലപ്പുറത്തും അതിന്റെ ഒരു വലിയ മാറ്റമുണ്ടാകും . അതിനനുസരിച്ച് മലപ്പുറത്ത് വലിയ മുന്നേറ്റം ഉണ്ടാകും എന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

സമസ്തയുടെ വോട്ടണോ പ്രതീക്ഷയുടെ പ്രധാന ഘടകം?

ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന മതനിരപേക്ഷത ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും ഇടതുപക്ഷത്തെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. മറ്റ് പലരുടെയും നിലപാടുകള്‍ പല സമയത്തും വ്യത്യസ്തമാണ്. അവര്‍ക്ക് ഡല്‍ഹിയില്‍ ഒരു നിലപാട്, കേരളത്തില്‍ ഒരു നിലപാട്. കേരളത്തില്‍ തന്നെ പല സ്ഥലങ്ങളില്‍ പല നിലപാട് എന്നൊക്കെ ഉണ്ട്.അത് പോലെ തന്നെ പല കാര്യങ്ങളിലും പരിമിതി ഉണ്ട് എന്ന് പറയുന്ന കാര്യങ്ങളും ഉണ്ട്. അതായത്,മതനിരപേക്ഷതയ്ക്ക് വേണ്ടി അചഞ്ചലമായി നിലകൊള്ളുന്നതില്‍ പരിമിതി ഉണ്ട് എന്ന് പറയുമ്പോള്‍,ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു പരിമിതി ഇല്ലല്ലോ. ഇടതുപക്ഷം ഏറ്റവും ശക്തമായി എന്ത് സംഭവിച്ചാലും മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളും. അപ്പോല്‍ ആ ഒരു തോന്നല്‍ ആ ഒരു വിശ്വാസം നാട്ടിലെ എല്ല വിഭാഗം ജനങ്ങള്‍ക്കും ഉണ്ട്.അതൊരു പ്രത്യേക വിഭാഗത്തിന് മാത്രമല്ല. മത നിരപേക്ഷത ആഗ്രഹിക്കുന്ന എല്ല വിഭാഗം ജനങ്ങളും ഞങ്ങളോട് ചേര്‍ന്ന് നില്‍ക്കും എന്ന് തന്നെയാണ്.

പൗരത്വ ദേദഗതി നിയമ വിഷയത്തില്‍ കോണ്‍ഗ്രസും ലീഗുമാണ് പോരാടിയതെന്നാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ അവകാശവാദം. ഇതിനുള്ള മറുപടിയെന്താണ്?

അതൊക്കെ ഈ നാടിന് നന്നായിട്ടറിയാം.ആരൊക്കയാണ് പോരാട്ട മുഖത്തുണ്ടായിരുന്നതെന്നും താല്‍പര്യമെന്തൊക്കെയായിരുന്നെന്നും. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും കാസര്‍ഗോഡ് എംപിയുടേയും പ്രതികരണം എന്തായിരുന്നു മാധ്യമങ്ങളോട്? അതാണ് പറഞ്ഞത് ഇവരെ സംബന്ധിച്ചിടത്തോളം ഓരോ പഞ്ചായത്തിലും ഓരോ നിലപാട് ആണ്. വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിച്ച് കറകളഞ്ഞ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ല. ഈ വിഷയത്തില്‍ മാത്രമല്ല,എന്‍ഐയുടെ നിയമഭേദഗതി പാര്‍ലമെന്റില്‍ വന്നു. ആരാണ് തീവ്രവാദി എന്ന് അമിത് ഷാ ചോദിച്ചു. ആരാണ് ബില്ലിനെ എതിര്‍ക്കുന്നവര്‍ എന്ന് ചോദിച്ചപ്പോള്‍ അപ്പുറത്തെ ഗേറ്റിലൂടെ ഇറങ്ങി പോയവരല്ലേ ഇവര്‍.എന്നാല്‍,അവിടെയൊക്കെ ഇടതുപക്ഷമെടുത്ത നിലപാട് എന്താണ്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങള്‍ മതനിരപേക്ഷത വിട്ടുകൊടുക്കാന്‍ തയ്യാറേ അല്ല.

പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് ഇടി മുഹമ്മദി ബഷീര്‍ മത്സരിക്കാന്‍ വന്നതിനേ കുറിച്ചുള്ള അഭിപ്രായം എന്താണ്?

നാട്ടുകാരും അവരുടെ പ്രവര്‍ത്തകരൊക്കെ ചോദിച്ചിട്ടും മറുപടിയൊന്നും കേട്ടിട്ടില്ല. എനിക്ക് തോന്നുന്നത് ഇവിടെ മത്സരിച്ചയാളിനെ,രാഷ്ട്രീയം മാറിയിട്ടില്ല ചിഹ്നം മാറിയിട്ടില്ല മുന്നണി മാറിയിട്ടില്ല പിന്നെ എന്തിനാണ് ഇവിടെയുള്ള അദ്ദേഹം അവിടേക്കും,അവിടെയുള്ള അദ്ദേഹം ഇവിടേക്കും വരുന്നത് എന്നുള്ള നാടിന്റെ ചോദ്യമുണ്ട്. എനിക്ക് മനസ്സിലാകുന്നില്ല,ജനങ്ങള്‍ പറയുന്നത് പോലെ ഈ നാട്ടിലെ എംപിയായിരുന്ന അദ്ദേഹത്തെ ഈ നാട്ടിലെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റില്ല എന്നുള്ള ബോധ്യവുംആ നാട്ടിലെ എംപിയായിരുന്ന അദ്ദേഹത്തെ ആ നാട്ടിലെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റില്ല എന്നുള്ള ബോധ്യവും അവരുടെ പാര്‍ട്ടി നേതൃത്വത്തിന് ഉണ്ടാകാം അതുകൊണ്ടായിരിക്കാം ഇങ്ങനെ. എന്നാല്‍ ഇവരൊക്കെ ജയിച്ചാല്‍ എടുക്കുന്ന നിലപാടുകളും സമീപനങ്ങളും ഒക്കെ ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ജനങ്ങള്‍ നോക്കി മനസ്സിലാക്കി വിലയിരുത്തും എന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്

ഡിവൈഎഫ്‌ഐയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ ?

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളൊക്കെ ഒക്കെ ഒരു വോട്ടിനു വേണ്ടി നടത്തുന്നവരല്ല. ഞങ്ങള്‍ വളരെ കുട്ടിക്കാലം മുതല്‍ തന്നെ ഈ സംഘടനയുടെ ഭാഗമായി നില്‍ക്കുന്നവരെയൊക്കെ പഠിപ്പിക്കുന്ന രാഷ്ട്രീയം,മാനവികതയുടെ രാഷ്ട്രീയം ആണ്. മതനിരപേക്ഷതയുടെ പക്ഷത്ത് നില്‍ക്കണം എന്നുള്ളതാണ് പഠിപ്പിക്കുക. ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുക എന്നുള്ളതാണ്. ഒരു വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളെയും ഒരുപോലെ കാണുക എന്നുള്ളതാണ് കാഴ്ചപ്പാട്. അതില്‍ തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗത്തെ ചേര്‍ത്ത് നിര്‍ത്തുക എന്നതാണ്. ഇതൊന്നും തന്നെ വോട്ടിന് വേണ്ടി ചെയ്യുന്നതല്ല.മത്സരിക്കാത്തിടത്തുപോലും ഞങ്ങള്‍ ഇത് ചെയ്യാറുണ്ട്. അത് സംഘടനാ പ്രവര്‍ത്തനത്തിന്റെ രീതിയാണ്.

വിജയിപ്പിക്കുകയാണെങ്കില്‍ മലപ്പുറത്തെ ജനങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഉറപ്പെന്താണ്?

തുടക്കത്തില്‍ മാധ്യമങ്ങള്‍ ചോദിച്ചിരുന്നു എന്താണ് നിങ്ങള്‍ മലപ്പുറത്തെ നിങ്ങളുടെ പ്രിയപ്പെട്ടവരോട് പറയുന്നത് എന്ന്? എനിക്ക് പ്രിയപ്പെട്ടവരോട് പറയാനുള്ളത് എന്റെ സാന്നിധ്യം അവര്‍ക്കുണ്ടാകും ഒരു ജനപ്രതിനിധി എന്ന നിലയില്‍ അവര്‍ക്ക് സമീപിക്കാന്‍ പറ്റുന്ന ഇടപെടാന്‍ പറ്റുന്ന ഒരാളായി ഞാനുണ്ടാകും.സാധാരണ ഒരു പഞ്ചായത്ത് മെമ്പറോട് എങ്ങനെയാണോ അവര്‍ക്ക് ഇടപെടാന്‍ പറ്റുന്നത് അതുപോലെ ഇടപെടാന്‍ പറ്റുന്ന ഒരു ജനപ്രതിനിധിയായി ഞാന്‍ ഉണ്ടാകും അവരുടെ ജീവിത പ്രയാസങ്ങളില്‍ ഈ നാടിന്റെ വികസനങ്ങളില്‍,രാജ്യത്തിന്റെ മതനിരപേക്ഷതയില്‍ എല്ലാം ഞാന്‍ ഉണ്ടാവും എന്നുള്ള ഉറപ്പ് തന്നെയാണ് ഞാന്‍ അവര്‍ കൊടുക്കുന്നത്

അരവിന്ദ് കെജ്രിവാളിനെ പോലെ പിണറായിയേയും പൂട്ടും എന്നാണ് ബിജെപി പറയുന്നത്. എന്താണ് പ്രതികരണം?

പ്രതികരിക്കുന്നവരെ പ്രതിഷേധിക്കുന്നവരെയും ഒക്കെ പൂട്ടണം എന്നുള്ളതാണ് അവരുടെ ആഗ്രഹം. ജനങ്ങളുടെ അംഗീകാരം കിട്ടാന്‍ സാധ്യതയില്ല എന്നുള്ളതുകൊണ്ട് തന്നെ അവര്‍ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ എങ്ങനെ ഇല്ലാതാക്കാം എന്നുള്ള ഗവേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത. ആ ഗവേഷണത്തിന്റെ ഭാഗമായി അവര്‍ കണ്ടെത്തിയ ഒരു ഉത്തരമായിരിക്കും പിണറായി വിജയനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്നുള്ളത്. കാരണം ഇന്ത്യയില്‍ തന്നെ മതനിരപേക്ഷ നല്‍കുന്ന കരുത്ത് പകരുന്ന ഇടമാണ് കേരളം. സംഘപരിവാര്‍ ധ്രുവീകരണ രാഷ്ട്രീയത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ എങ്ങനെയൊക്കെ സമൂഹത്തിന്റെ മുമ്പില്‍ അപമാനിക്കാം അദ്ദേഹത്തെ എങ്ങനെ പീഡിപ്പിക്കാം എന്നുള്ളത് തന്നെ ആണല്ലോ അവരുടെ രീതി.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക

Top