എന്തുകൊണ്ട് E20 പെട്രോളിന് വില കുറയുന്നില്ല? കേന്ദ്രത്തിന്റെ വിശദീകരണം ഇങ്ങനെ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ക്രമാതീതമായി ഉയർന്നാൽ E20 ഇന്ധനത്തിന്റെ സാമ്പത്തിക ഗുണം കൂടുതൽ വ്യക്തമാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു

എന്തുകൊണ്ട് E20 പെട്രോളിന് വില കുറയുന്നില്ല? കേന്ദ്രത്തിന്റെ വിശദീകരണം ഇങ്ങനെ
എന്തുകൊണ്ട് E20 പെട്രോളിന് വില കുറയുന്നില്ല? കേന്ദ്രത്തിന്റെ വിശദീകരണം ഇങ്ങനെ

രാജ്യത്ത് E20 പെട്രോൾ വ്യാപകമാക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കിടയിലുള്ള ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തെത്തി. 20 ശതമാനം എത്തനോൾ കലർത്തിയ ഈ ഇന്ധനം ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് മന്ത്രാലയം സമ്മതിച്ചു. എന്നാൽ, മൈലേജിലെ ഈ ചെറിയ വ്യത്യാസത്തേക്കാൾ വലിയ നേട്ടങ്ങളാണ് E20 നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

വില കുറയാത്തതെന്തുകൊണ്ട്?

E20 പെട്രോളിന് വില കുറയാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സർക്കാർ നൽകിയ വിശദീകരണം ഇതാണ്. കർഷകരിൽ നിന്ന് എത്തനോൾ നിർമ്മാണത്തിനായുള്ള കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നത്. ഉദാഹരണത്തിന്, ചോളത്തിൽ നിന്ന് നിർമ്മിക്കുന്ന എത്തനോൾ ലിറ്ററിന് 71.86 രൂപ നിരക്കിലാണ് സർക്കാർ സംഭരിക്കുന്നത്. ഇതിനൊപ്പം ഗതാഗതം, സംഭരണം, നികുതി തുടങ്ങിയ അധികച്ചെലവുകൾ കൂടി ചേരുമ്പോൾ സാധാരണ പെട്രോളിനേക്കാൾ വിലക്കുറവ് E20-ൽ പ്രതീക്ഷിക്കാനാവില്ല.

Also Read:15 കോടി കടന്ന് സിഇഒയുടെ വരുമാനം; ശശിധർ ജഗദീഷന്റെ ശമ്പളത്തിൽ വമ്പൻ വർധന

ഭാവിയിലെ സാമ്പത്തിക നേട്ടം

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ക്രമാതീതമായി ഉയർന്നാൽ E20 ഇന്ധനത്തിന്റെ സാമ്പത്തിക ഗുണം കൂടുതൽ വ്യക്തമാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 120-130 ഡോളർ വരെ ഉയരുന്ന സാഹചര്യമുണ്ടായാൽ E20 കൂടുതൽ ലാഭകരമാകും. കൂടാതെ, ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് ഇന്ത്യൻ വിപണിയെ ഒരു പരിധിവരെ സംരക്ഷിക്കാൻ ഈ നീക്കം സഹായിക്കും.

വാഹനങ്ങളുടെ പ്രകടനവും പരിസ്ഥിതിയും

മികച്ച പ്രകടനം

ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഉള്ളതിനാൽ എഞ്ചിൻ നോക്കിങ് കുറയുകയും എഞ്ചിൻ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യും. ഇത് വാഹനത്തിന്റെ പിക്കപ്പും ഡ്രൈവിംഗ് അനുഭവവും മെച്ചപ്പെടുത്തുന്നു.

പരിസ്ഥിതി സൗഹൃദം

കാർബൺ പുറന്തള്ളൽ ഏകദേശം 40 ശതമാനം വരെ കുറയ്ക്കാൻ E20 സഹായിക്കുന്നു.

ഈ പദ്ധതി തിടുക്കത്തിൽ എടുത്ത തീരുമാനമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. 2001-ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി, വാഹന നിർമ്മാതാക്കൾ, എണ്ണക്കമ്പനികൾ, വിദഗ്ധർ എന്നിവരുമായി വർഷങ്ങളോളം നീണ്ട കൂടിയാലോചനകൾക്ക് ശേഷമാണ് പൂർണ്ണതോതിൽ നടപ്പിലാക്കിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമെന്ന പ്രചരണങ്ങൾ തെറ്റാണെന്നും സർക്കാർ ആവർത്തിച്ചു.

Share Email
Top