തുടർച്ചയായ ഒൻപതാം വർഷവും ലോക സന്തോഷ സൂചികയിൽ ഒന്നാമതെത്തി ഫിൻലാൻഡ് അത്ഭുതപ്പെടുത്തുകയാണ്. മഞ്ഞുമൂടിയ ഈ നോർഡിക് രാജ്യത്തിന്റെ സന്തോഷത്തിന് പിന്നിലെ പ്രധാന രഹസ്യം തിരഞ്ഞുപോയാൽ ചെന്നെത്തുക അവരുടെ ‘കാപ്പി’ സംസ്കാരത്തിലാണ്. പ്രതിവർഷം ഒരാൾ ശരാശരി 12 കിലോഗ്രാം കാപ്പി ഉപയോഗിക്കുന്ന ഫിൻലാൻഡ്, ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉപഭോക്താക്കളാണ്. ‘കഹ്വിറ്റൗക്കോ’ എന്ന് വിളിക്കപ്പെടുന്ന ഇവരുടെ കോഫി ബ്രേക്ക് കേവലം ഒരു ഇടവേളയല്ല, മറിച്ച് അവരുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. ഓഫീസുകളിൽ പോലും നിർബന്ധിത കോഫി ബ്രേക്കുകൾ നിയമം മൂലം നടപ്പിലാക്കിയ ഏക രാജ്യവും ഫിൻലാൻഡാണ്.
Also Read: മഞ്ഞുയുഗത്തിലെ ആത്മമിത്രങ്ങൾ; മനുഷ്യനും നായയും തമ്മിലുള്ള 16,000 വർഷത്തെ രഹസ്യം പുറത്ത്
കാപ്പിക്കൊപ്പം തന്നെ ഫിന്നിഷ് ജനതയെ മുന്നോട്ട് നയിക്കുന്നത് ‘സിസു’ എന്ന വിവർത്തനം ചെയ്യാനാവാത്ത ആശയമാണ്. പ്രതിസന്ധികളെയും കൊടും തണുപ്പിനെയും ശാന്തമായി നേരിടാനുള്ള അവരുടെ കരുത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രകൃതിയോടുള്ള അടുപ്പം, തൊഴിൽ-ജീവിത സന്തുലിതാവസ്ഥ, ശക്തമായ ക്ഷേമ സംവിധാനങ്ങൾ എന്നിവയ്‌ക്കൊപ്പം ഈ പ്രതിരോധശേഷിയും ചേരുമ്പോഴാണ് ഫിൻലാൻഡ് സന്തോഷത്തിന്റെ കൊടുമുടിയിലെത്തുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് വ്യോമാതിർത്തികൾ അടച്ചിട്ടും തളരാതെ മുന്നേറിയ ഫിൻഎയറിന്റെ വളർച്ചയും ഈ ‘സിസു’ എന്ന ആശയത്തിന്റെ പ്രതിഫലനമാണ്.






