വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡി സ്ഥാനത്ത് നിന്നും ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിക്ക് വേണ്ടിയാണ് എന്ന് കെ കെ രാഗേഷ് പറയുന്നത് അയാൾക്ക് ദിവ്യ എസ് അയ്യരുമായുള്ള അടുപ്പം കൊണ്ടാണ് എന്നത് വ്യക്തമാണ്. കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി സി. പി. എം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമായി പരസ്യമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട വ്യക്തിയാണ് ഈ ദിവ്യ അയ്യർ എന്നതും രാഷ്ട്രീയ കേരളം മറന്നു പോകരുത്.
‘കർണ്ണന് പോലും അസൂയ തോന്നുംവിധമുള്ളതാണ് കെകെആറിന്റെ കവചമെന്നാണ് ഇൻസ്റ്റഗ്രാമിൽ ദിവ്യ എസ് അയ്യർ കുറിച്ചത് ഓർമ്മയില്ലേ ? ഇതിന് ശേഷം കെ കെ രാഗേഷിൻ്റെ ക്ഷണ പ്രകാരം കണ്ണൂർ ജില്ലയിലെ ചില പരിപാടികളിലും ദിവ്യ എസ് അയ്യർ പങ്കെടുത്തിട്ടുണ്ട്. ഇതൊക്കെ കണ്ണൂരിലെ കോൺഗ്രസ്സുകാർക്ക് നല്ല വെടിപ്പായിട്ട് തന്നെ അറിയുന്ന കാര്യവുമാണ്.നിയമസഭയിൽ ഇരിക്കേണ്ട കോൺഗ്രസ്സ് നേതാവായ ശബരീനാഥൻ ഇപ്പോൾ, വാർഡ് കൗൺസിലറായി തിരുവനന്തപുരം കോർപ്പറേഷനിൽ ഇരിക്കേണ്ടി വന്നത് തന്നെ ഭാര്യയായ ദിവ്യ അയ്യരുടെ ഇത്തരം പ്രവർത്തി കൊണ്ടാണ്. സ്വന്തം പാർട്ടിയിൽ പോലും ഒറ്റപ്പെട്ട അവസ്ഥയിലാണ് നിലവിൽ ശബരീനാഥൻ ഉള്ളത്.
മുഖ്യമന്ത്രി വിഡി സതീശനോട് പല കാര്യങ്ങളിലും നമുക്കെല്ലാം എതിർപ്പുണ്ടെങ്കിലും, ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ടിൻ്റെ ചുമതലയിൽ നിന്നും മാറ്റിയ നടപടി ശരിയായ നടപടി ആയി തന്നെയാണ് പൊതുസമൂഹവും ഉദ്യോഗസ്ഥ സമൂഹവും നോക്കി കാണുന്നത്. സോഷ്യൽ മീഡിയകളിൽ റീൽസ് ഇറക്കി ജീവിക്കുന്ന ‘ഉദ്യോഗസ്ഥർ’ , അത് ആണായാലും പെണ്ണായാലും ഒരു തന്ത്ര പ്രധാന തസ്തികയിലും നിയമിക്കരുത് എന്നു തന്നെയാണ് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്. ദിവ്യ അയ്യരുടെ പ്രവർത്തികളിൽ സഹികെട്ടാണ് വിഡി സതീശൻ അവരെ മാറ്റിയിരിക്കുന്നത്. അതല്ലായിരുന്നു എങ്കിൽ, സതീശൻ്റ രാഷ്ട്രീയ ഗുരുവായ കാർത്തികേയൻ്റെ മരുമകളെ അദ്ദേഹം തീർച്ചയായും, വിഴിഞ്ഞത്ത് തുടരാൻ അനുവദിക്കുമായിരുന്നു. അതു കൊണ്ടു തന്നെ, കെ കെ രാഗേഷിൻ്റെ ഇപ്പോഴത്തെ പ്രതികരണത്തിന് ഒരു പ്രസക്തിയുമില്ല. സി.പി.എമ്മിൻ്റെ കണ്ണൂർ ജില്ലയിലെ കനത്ത തോൽവിയിൽ പ്രധാന പങ്കു വഹിച്ച നേതാവ് കൂടിയാണ് ജില്ലാ സെക്രട്ടറിയായ കെകെ രാഗേഷ് എന്നതും നാം മറന്നു പോകരുത്.
”സ്വന്തം പാർട്ടിക്ക് കവചം തീർക്കാൻ ശേഷിയില്ലാത്തവനാണ് ഇപ്പോൾ ദിവ്യ അയ്യർക്ക് കവചം തീർക്കാൻ ഇറങ്ങിയിരിക്കുന്നത്” എന്ന പരിഹാസം സ്വന്തം പാർട്ടി അണികളിൽ നിന്നു തന്നെ കെ കെ രാഗേഷ് ഇപ്പോൾ നേരിടുന്നതും അതു കൊണ്ടാണ്. ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയിൽ നിന്നും മാറ്റാൻ അദാനി നീക്കം നടത്തിയിരുന്നു എന്നു മാത്രമല്ല, അതിനെ പിണറായി തടഞ്ഞിരുന്നു എന്നു കൂടി കെകെ രാഗേഷ് ആരോപിക്കുന്നുണ്ട്. ഇതിനൊക്കെ എന്ത് മറുപടി പറയാനാണ് ? അന്നെന്ത് കൊണ്ട് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയില്ല എന്നതിനും മറുപടി വേണം. ജോലി ചെയ്യാതെ റീൽസ് ചിത്രീകരിച്ച് ഏത് ഉദ്യോഗസ്ഥ നടന്നാലും അവരെ മാറ്റാൻ ആരും ആവശ്യപ്പെടും. ഏത് പൗരനും അതിനുള്ള അവകാശമുണ്ട് എന്നതും കെ കെ ആർ മറന്നു പോകരുത്.
ALSO READ;എസ്.പി ‘ഹേമലതയ്ക്കെതിരെ’ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം സേനയിൽ ശക്തം
കെകെ രാഗേഷിനെയും, പി ശശിയെയും, സി എൻ രവീന്ദ്രനെയും പോലുള്ള ചില അവസരവാദികളെ സ്വന്തം ഓഫീസിൽ ചുമന്നത് കൊണ്ടാണ്, പിണറായി വിജയൻ ഇപ്പോൾ ഈ അവസ്ഥയിൽ എത്തിയിരിക്കുന്നത്. ഇടതുപക്ഷത്തിൻ്റെ ഇപ്പോഴത്തെ കനത്ത തോൽവിയിൽ ഈ മൂവർ സംഘത്തിനും വലിയ പങ്കാണ് ഉള്ളത്. ഇവരെല്ലാം തന്നെ പാർട്ടി താൽപര്യം എന്നതിലുപരി സ്വന്തം ‘വ്യക്തിപരമായ’ താൽപര്യത്തിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തിരുന്നത്. ഈ പറയുന്നതിന് എണ്ണിയെണ്ണി പറയാൻ നിരവധി കാരണങ്ങളും ഉണ്ട്.
ഇത്തരത്തിൽ, സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി പാർട്ടി നൽകിയ സ്ഥാനങ്ങളെ ദുരുപയോഗം ചെയ്ത നേതാവ് വന്ന് സോഷ്യൽ മീഡിയയിലൂടെ എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞാൽ, അത് ഈ രാഷ്‌ട്രീയ കേരളം വിശ്വസിക്കും എന്ന് തോന്നുന്നുണ്ടെങ്കിൽ അത് തെറ്റായ നിരീക്ഷണമായിരിക്കും. ചാർട്ടേഡ് വിമാനത്തിൽ മുഖ്യന്ത്രി മംഗലാപുരത്തേക്ക് പോയി അദാനി സംഘത്തെ കണ്ടതിന്റെ ഫലം വേറെ ചർച്ച ചെയ്യാം. അതിന് ദിവ്യ എസ് അയ്യരുടെ സ്ഥലമാറ്റവുമായി ബന്ധപ്പെടുത്തുന്നതാണ് അംഗീകരിക്കാൻ പറ്റാത്തത്.

പിടിച്ചാൽ പിടിവിടാതെ കർക്കശ നിലപാട് സ്വീകരിക്കുന്ന ഐഎഎസ് ഓഫീസറുടെ പട്ടികയിൽ പെടുന്ന ആളൊന്നുമല്ല ദിവ്യ എസ് അയ്യർ എന്നതും ദിവ്യ അയ്യർക്കായി രംഗത്ത് വന്ന ‘കെ.കെ.ആർ കവചം’ ഓർക്കണം. സബ് കളക്ടറായിരിക്കെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകിയ ചരിത്രമുള്ള ദിവ്യ എസ് അയ്യരെ, ഇപ്പോൾ വിഴിഞ്ഞം തുറമുഖത്തിലെ പദവിയിൽ നിന്നും സ്ഥലം മാറ്റിയത്, ഈ തുറമുഖം കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കാനാണ് എന്ന് കെകെ രാഗേഷ് പറഞ്ഞാൽ, അത് സി. പി. എം പ്രവർത്തകർ പോലും പുഛിച്ച് തള്ളുകയാണ് ചെയ്യുക.
ദിവ്യ എസ് അയ്യർ സർക്കാർ ഭൂമി പതിച്ച് നൽകിയതിന് എതിരെ, ഒന്നാം പിണറായി സർക്കാറിൽ പരാതി നൽകിയത് തന്നെ ഇപ്പോഴത്തെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ വി ജോയ് ആണ്. പരാതി നൽകുമ്പോൾ അദ്ദേഹം എംഎൽഎ മാത്രമായിരുന്നു. സി. പി. എം നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ദിവ്യ എസ് അയ്യരെ അന്ന് പിണറായി സർക്കാർ സ്ഥലം മാറ്റിയിരുന്നത്. ഈ ഭൂമി കൈമാറ്റം സംബന്ധിച്ച് അന്നത്തെ തിരുവനന്തപുരം ജില്ലാ കളക്ടർ വാസുകിയുടെയും ലാൻഡ് റവന്യൂ കമ്മീഷണറുടെയും റിപ്പോർട്ട് പരിശോധിച്ചാൽ, സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളാണ് ദിവ്യ അയ്യർ നേരിടേണ്ടി വരുമായിരുന്നത്. അവിടെയാണ് കെകെ രാഗേഷിനെ പോലുള്ളവർ രക്ഷകരായി അവതരിച്ചിരുന്നത്.
ഇതു സംബന്ധമായ ഒരു പരാതി രണ്ടാം പിണറായി സർക്കാറിൻ്റെ കാലത്ത് വിജിലൻസ് ഡയറക്ടർക്ക് മുന്നിൽ വന്നപ്പോൾ, സർക്കാർ അനുമതിക്കായി വിജിലൻസ് ഡയറക്ട്രേറ്റ് അയച്ചെങ്കിലും, ദിവ്യ എസ് അയ്യർക്ക് എതിരായ അന്വേഷണത്തിന് അനുമതി നൽകാതിരിക്കുകയാണ് അന്നത്തെ പിണറായി സർക്കാർ ചെയ്തിരുന്നത്. ഈ ഫയലിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കെ കെ രാഗേഷ് തീർത്ത ‘കവചത്തെയാണോ’ ദിവ്യ ആവർത്തിച്ച് പറയുന്ന കർണ്ണന് പോലും അസൂയ തോന്നുന്ന കെ കെ ആർ കവചമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഈ സംശയം ദിവ്യ എസ് അയ്യർക്ക് എതിരെ പരാതി നൽകിയ അഭിഭാഷകനും ഇപ്പോൾ ഉന്നയിക്കുന്നുണ്ട്. ഇതിന് ഇനി മറുപടി പറയേണ്ടതും ദിവ്യ എസ് അയ്യർ തന്നെയാണ്.
അതുകൊണ്ട് , ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റിയത് വിഴിഞ്ഞം തുറമുഖത്ത് മുഖ്യമന്ത്രിയുടെ മറ്റെന്തോ അജണ്ട നടപ്പാക്കാനാണ് എന്നു പറഞ്ഞാൽ, ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ പോലും ആ വാദം വിലപ്പോവുകയില്ല. അതു കൊണ്ടാണ് അവരുടെ പഴയ ചരിത്രം ഇവിടെ ഓർമ്മിപ്പിക്കുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്, ഓരോന്നായി പറത്തുവരാൻ തുടങ്ങിയിരിക്കുന്നു എന്ന് വിളിച്ചു പറയുന്ന കെകെ രാഗേഷ്, ദിവ്യ എസ് അയ്യർക്ക് എതിരായി തിരുവനന്തപുരത്തെ സി.പി.എം നേതാക്കൾ നൽകിയ പരാതിയ്ക്ക് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചാണ് ആദ്യം മറുപടി പറയേണ്ടത്. രാഗേഷ് പറഞ്ഞാലും അല്ലെങ്കിലും ഈ വിഷയം വിജിലൻസ് കോടതിയിൽ എത്താനുള്ള എല്ലാ സാധ്യതയും ഇനിയുമുണ്ട്.
അതു പോലെ തന്നെ, ധനകാര്യത്തോടൊപ്പം തുറമുഖവും മുഖ്യമന്ത്രി വിഡി സതീശൻ ഏറ്റെടുത്തത് യാദൃശ്ചികമല്ല എന്ന കെ കെ രാഗേഷിൻ്റെ വാദവും തെറ്റാണ്. ഇതെല്ലാം തന്നെ മറുപടി അർഹിക്കാത്ത ആരോപണങളാണ് . ഏത് വകുപ്പ് ആരൊക്കെ കൈവശം വയ്ക്കണമെന്ന് തീരുമാനിക്കുന്നത് തന്നെ മുഖ്യമന്ത്രിയാണ്. അതിന് അദ്ദേഹത്തിനാണ് അവകാശം. കെ കെ രാഗേഷിന് അതും അറിയില്ലന്നുണ്ടോ ? ഏത് ഉദ്യോഗസ്ഥനെ തുറമുഖ വകുപ്പ് ചുമതലയിൽ നിയമിക്കണമെന്ന് തീരുമാനിക്കുന്നതും വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ്. ആ ഉത്തരവാദിത്വം വിഡി സതീശൻ നിർവ്വഹിച്ചതിൽ കെ കെ രാഗേഷിന് എന്തിനാ പൊളളുന്നത് ?ദിവ്യ എസ് അയ്യരെ മാറ്റുന്നതിൽ ഇത്രയ്ക്കും പൊള്ളേണ്ട കാര്യം എന്താണ് എന്നാണ് മനസ്സിലാകാത്തത് ? അവരുടെ ഭർത്താവായ ശബരീനാഥിനില്ലാത്ത പ്രതിഷേധം കെകെ രാഗേഷിന് ഉണ്ടാവേണ്ട ഒരു കാര്യവുമില്ല. ഇനി വിഴിഞ്ഞം പോർട്ട് സംബന്ധിച്ച ഇപ്പോഴത്തെ വിവാദമാണ് പ്രശ്നമെങ്കിൽ, അതും ദിവ്യ അയ്യരുടെ നിയമനവും തമ്മിൽ ഒരു ബന്ധവും ഇല്ലന്നതും നാം ഓർക്കണം.
അദാനിയുടെ കയ്യിലുള്ള വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓഹരി വിറ്റത് സംബന്ധിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ആ പരിശോധന നടക്കട്ടെ. അതല്ലാതെ, അതിനിടയിൽ കോലിട്ട് മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. യാഥാർത്ഥ്യം ഇതായിരിക്കെ, വിഴിഞ്ഞം പോർട്ടിന്റെ വളർച്ചയിൽ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഡോ: ദിവ്യ എസ് അയ്യർ ആണ് എന്നൊക്കെ പറഞ്ഞ് പുകമറ സൃഷ്‌ടിക്കുന്നത്, അവരെ വീണ്ടും അവിടെ അവരോധിക്കുന്നതിനു വേണ്ടിയുള്ള സമ്മർദ്ദ തന്ത്രത്തിൻ്റെ ഭാഗമായിട്ടേ കാണാൻ കഴിയുകയൊള്ളൂ.
ALSO READ;മുഖ്യമന്ത്രിയുടെ നില പരുങ്ങലിൽ, തൊട്ടതെല്ലാം പാളി, പിന്തുണച്ചവരും കൈവിടുന്ന അവസ്ഥ !
റീൽസ് എടുക്കുന്നതല്ല അഡ്‌മിനിസ്ട്രേഷൻ ഭരണമെന്നത് മനസ്സിലാക്കുന്ന ആരും ഈ നീക്കത്തെ പിന്തുണയ്ക്കുകയില്ല. ഇതേ കുറിച്ച് കൂടുതൽ പറയിപ്പിക്കാതിരിക്കുന്നതാണ് കെകെആർ കവചത്തിനും നല്ലത്. കെ കെ രാഗേഷ് ഉന്നയിക്കുന്ന മറ്റൊരു ആരോപണം, തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ചൊന്നും കൃത്യമായ ധാരണയില്ലാത്ത ആളാണ് പുതിയ ചുമതലക്കാരൻ എന്നതാണ്.
അതിനും കൃത്യമായ മറുപടി പറയാനുണ്ട്. ദിവ്യ എസ് അയ്യർ വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതല ഏറ്റെടുക്കുമ്പോൾ അവർക്ക് ഈ തുറമുഖത്തെ കുറിച്ച് എന്ത് ധാരണയാണ് ഉണ്ടായിരുന്നത് ? സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകിയതാണോ ദിവ്യയുടെ എക്സ്പീരിയൻസ് ? അതും ഈ ഘട്ടത്തിൽ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും ചർച്ച ചെയ്യേണ്ടതുണ്ട്.
EXPRESS VIEW
വീഡിയോ കാണാം…






