“God for us, God alongside us, God within us”_ Richard Rohr
ലോകത്ത് പലതരം വിചിത്രമായ ആചാരങ്ങളും ആഘോഷങ്ങളുമുണ്ട്. തക്കാളിയേറ് ഉത്സവമായ ‘ടൊമാറ്റിന’യെക്കുറിച്ചും മണ്ണിൽ കുളിക്കുന്ന മറ്റ് പ്രാദേശിക ആചാരങ്ങളെക്കുറിച്ചുമെല്ലാം നമ്മൾ കേട്ടിട്ടുമുണ്ട്. എന്നാൽ, ചാണകം വാരിയെറിഞ്ഞുള്ള ഒരൊന്നാന്തരം ആഘോഷം സങ്കൽപ്പിക്കാൻ കഴിയുമോ? അങ്ങനെയൊരിടമാണ് കർണാടകയിലെ ഗുമാതപുര ഗ്രാമം. ദീപാവലിയുടെ ഭാഗമായി ഗ്രാമവാസികൾ പരസ്പരം ചാണകം എറിയുന്ന ‘ഗോരെഹബ്ബ’ എന്ന ഈ ഉത്സവം ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്, അതും ഒരു അമേരിക്കൻ യൂട്യൂബറുടെ വീഡിയോയിലൂടെ..!
ടൈലർ ഒലിവേര എന്ന യൂട്യൂബർ ഈ ‘ചാണക വിതറൽ’ ഉത്സവത്തിൽ പങ്കെടുത്ത ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ചത്, “എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അനുഭവമായിരുന്നു അത്” എന്നാണ്. ഈ ആചാരത്തെ “ഇന്ത്യയ്ക്കുള്ളിൽ മലമൂത്ര വിസർജ്ജന ഉത്സവം” എന്ന് തലക്കെട്ട് നൽകി ചിത്രീകരിച്ചതോടെ, അദ്ദേഹത്തിനെതിരെ പ്രതിഷേധം ഇരമ്പി. സ്വന്തം ഇഷ്ടപ്രകാരം ചാണകം ഏറ് വാങ്ങാൻ പോയിട്ട്, ഇപ്പോൾ രാജ്യത്തെ അപമാനിക്കുന്നുവെന്നാണ് ഇന്ത്യൻ ഉപയോക്താക്കളുടെ പ്രധാന ആരോപണം.
എന്താണ് ഈ ‘ചാണക വിതറൽ ഉത്സവം’?

പശുവിന്റെ ചാണകം എറിഞ്ഞ് മേലാകെ ഹോളി പോലെ ‘ചാണകമയമാക്കുന്ന’ ഈ ആചാരം, ഗോമൂത്രവും ചാണകവും പുണ്യമായി കരുതുന്ന ഇന്ത്യൻ സംസ്കാരത്തിൽ അത്ര പുതിയ കാര്യമല്ല. കർണാടകയിലെ ഗുമാതപുര ഗ്രാമത്തിൽ ദീപാവലിയുടെ അവസാനം നടക്കുന്ന ‘ഗോരെഹബ്ബ’ ഉത്സവം എന്നാണ് ഇതിന്റെ പേര്.
പശുവിന്റെ ചാണകത്തിൽ നിന്ന് ജനിച്ചതായി വിശ്വസിക്കപ്പെടുന്ന ഗ്രാമദേവതയായ ബീരേശ്വര സ്വാമിയെ ആദരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പ്രാദേശിക ആചാരമാണിത്. അന്നേ ദിവസം ഗ്രാമവാസികൾ ഉണങ്ങിയ ചാണകം പരസ്പരം വാരിയെറിയുന്നു. ഇത് അവർക്ക് ആഘോഷവും വിശ്വാസവുമാണ്. ലോകത്ത് മറ്റേതെങ്കിലും രാജ്യത്ത് ജീവനുള്ള ഒരു ജീവിയുടെ വിസർജ്യം എറിഞ്ഞുകൊണ്ട് ഉത്സവങ്ങൾ നടക്കാറുണ്ടോ എന്ന കൗതുകകരമായ ചോദ്യവും ഈ വീഡിയോ ഉയർത്തുന്നുണ്ട് എന്നത് പറയാതെ വയ്യ..!
Also Read:ജനനത്തിനും മരണത്തിനും അനുമതിയില്ല..! ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ‘ചക്രവ്യൂഹം’, ഈ കാരണം ഞെട്ടിക്കും
വീഡിയോയെക്കാൾ ഉപരി ടൈലർ ഒലിവേരയുടെ വീഡിയോകളും അടിക്കുറിപ്പുകളുമാണ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്.
ഒലിവേര ഒരു ഹസ്മത്ത് സ്യൂട്ടും (Hazmat Suit) കണ്ണടയും ധരിച്ചാണ് ഉത്സവത്തിൽ പങ്കെടുത്തത്. എങ്കിലും, ചാണക ഏറിൽ അയാൾ പൂർണ്ണമായും മുങ്ങിപ്പോയി എന്ന് വേണം പറയാൻ.
“എന്നെ ഒഴിവാക്കൂ, ഇത്രയധികം ഭ്രാന്തന്മാർ,” എന്നും “എനിക്ക് ഇവിടെ നിന്ന് പോകണം” എന്നും പറഞ്ഞ് അയാൾ ആൾക്കൂട്ടത്തിനിടയിലൂടെ നീങ്ങുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പിന്നീട് അദ്ദേഹം “I Survived India’s Poop-Throwing Festival” എന്ന പേരിൽ മറ്റൊരു വീഡിയോയും പോസ്റ്റ് ചെയ്തു. ഇതിന് ശേഷമുള്ള അടിക്കുറിപ്പാണ് (ചിത്രം സ്യൂട്ടിൽ ചാണകം പുരണ്ട രൂപത്തിലായിരുന്നു) ഇന്ത്യൻ ഉപയോക്താക്കളെ ചൊടിപ്പിച്ചത്.
ഒരു മതപാരമ്പര്യത്തെ ബഹുമാനപൂർവ്വം കാണിക്കുന്നതിനുപകരം പരിഹസിക്കുകയും ഇന്ത്യയുടെ നെഗറ്റീവ് ഇമേജ് പ്രചരിപ്പിക്കുകയും ചെയ്തുവെന്ന ശക്തമായ ആരോപണങ്ങളാണ് ഒലിവേരക്കെതിരെ ഉയർന്നത്.
വിമർശനം ഉയർന്നതോടെ, ഇന്ത്യൻ ഉപയോക്താക്കൾ തന്റെ വീഡിയോ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന സ്ക്രീൻഷോട്ടുകൾ വരെ ഒലിവേര പങ്കിട്ടു.
Also Read:ബാബ വാംഗയുടെ ആ പ്രവചനം സത്യമായാൽ ഫലം ഭീകരമായിരിക്കും..! പണം ഇല്ലാതാകും, സ്വർണ്ണം മാത്രം തിളങ്ങും..?
ചാണകത്തിന്റെ പേരിൽ ‘പശുക്കൾക്കിടയിൽ’ പോലും നടക്കാൻ സാധ്യതയില്ലാത്ത തരം ബഹളമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്..! ‘ഗോരെഹബ്ബ’ എന്ന പരമ്പരാഗത ആചാരം ഒരു അമേരിക്കൻ യൂട്യൂബറിന് ‘ദുഃഖകരമായ അനുഭവം’ സമ്മാനിച്ചപ്പോൾ, അത് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെയും, വിദേശ സഞ്ചാരികൾ അത് അവതരിപ്പിക്കുന്ന രീതിയെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സ്വന്തം ഇഷ്ടപ്രകാരം ആചാരത്തിൽ പങ്കെടുത്തിട്ട് പിന്നീട് പരിഹസിക്കുന്നത് ശരിയാണോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ തീവ്രമായി തുടരുന്നുണ്ട്. ഏതായാലും, ഈ ‘ചാണക ഏറ് യുദ്ധ വീഡിയോ’ഇപ്പോഴും ലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ച് വൈറലായി മുന്നോട്ട് പോകുകയാണ്.






