കോലഞ്ചേരി: ഐസ്ക്രീം മോഷ്ടിച്ചത് ചോദ്യം ചെയ്ത ബേക്കറി ഉടമയെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചു. എറണാകുളം കോലഞ്ചേരിയിലെ ബേക്കറി ഉടമയായ ബാസ്റ്റിനാണ് മർദ്ദനത്തിന് ഇരയായത്. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് സംഭവം.
ബേക്കറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം പണം നൽകാതെ രണ്ട് പേർ എടുത്തു കൊണ്ടുപോവുകയായിരുന്നു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കടയുടമയായ ബാസ്റ്റിൻ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതരായ സംഘം ബാസ്റ്റിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന് ശേഷം ഇയാളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ബാസ്റ്റിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു.






