സിനിമയാണ് മുഖ്യമെങ്കിൽ എന്തിനാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായത് ? മന്ത്രി പദവിയുടെ അന്തസ്സ് കെടുത്തുമോ ?

സിനിമയാണ് മുഖ്യമെങ്കിൽ എന്തിനാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായത് ? മന്ത്രി പദവിയുടെ അന്തസ്സ് കെടുത്തുമോ ?

തൃശൂരിൽ ബി.ജെ.പി നേടിയ വലിയ അട്ടിമറി വിജയത്തിൻ്റെ നിറം കൊടുത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ബി.ജെ.പിക്ക് ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ നിന്നും ഒരു ലോകസഭ സീറ്റ് ലഭിച്ചിരിക്കുന്നത്. സ്വാഭാവികമായും ആ ലോകസഭ സീറ്റിൽ വിജയിച്ച വ്യക്തിക്ക് കേന്ദ്ര കാബിനറ്റ് റാങ്കോ അതല്ലെങ്കിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രിസ്ഥാനമോ ലഭിക്കണമായിരുന്നു. എന്നാൽ അത് രണ്ടും ലഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ലഭിച്ചതാകട്ടെ നിരവധി സഹമന്ത്രിമാരിൽ ഒരു സഹമന്ത്രി സ്ഥാനം മാത്രമാണ്.

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിൽ നിർണ്ണായക പദവിയിൽ എത്തുമെന്ന് കണ്ട് വോട്ട് ചെയ്തവരെ പോലും നിരാശപ്പെടുത്തുന്ന വാർത്തയാണിത്. ഇതിന് കാരണക്കാരനും സുരേഷ് ഗോപി മാത്രമാണ്. മന്ത്രിസ്ഥാനവും സിനിമാ അഭിനയവും ഒരുമിച്ച് കൊണ്ടുപോകാനുള്ള സുരേഷ് ഗോപിയുടെ തിരക്കഥയാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ അതൃപ്തിയ്ക്ക് കാരണമായിരുന്നത്. കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് ഒതുക്കപ്പെട്ടതിൽ പ്രതിഷേധിച്ച് സിനിമാ അഭിനയം തുടരാനാണ് സുരേഷ് ഗോപിയുടെ തീരുമാനമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തു വരുന്ന വിവരം.

ഇത് തൃശൂരിൽ അദ്ദേഹത്തിന് വോട്ട് ചെയ്തവരോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സഹമന്ത്രിയായി സത്യാപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി സിനിമാ അഭിനയവും തുടരാനാണ് ഭാവമെങ്കിൽ കേന്ദ്ര മന്ത്രിയെന്ന നിലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ പറ്റുന്നത് ശരിയായ നടപടിയല്ല. സിനിമയിൽ നിന്നും ലഭിക്കുന്ന പ്രതിഫലവും പ്രശസ്തിയും നിലനിർത്തുന്നതോടൊപ്പം തന്നെ കേന്ദ്ര മന്ത്രിയെന്ന പവറും വേണമെന്ന ആഗ്രഹം, അധികാരത്തോടുള്ള ആർത്തി ആയി മാത്രമേ കാണാൻ കഴിയുകയുള്ളൂ.

സിനിമയാണ് പ്രധാനമെന്നും മന്ത്രി പദവി രണ്ടാമതാണെന്ന് പറയുന്നതും അംഗീകരിക്കാൻ കഴിയുന്നതല്ല. വിജയിച്ചാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നും തൃശൂരിന് വേണ്ടി പലതും ചെയ്യുമെന്നും നടത്തിയ പ്രചരണമാണ് തൃശൂരിൽ അട്ടിമറി വിജയം നേടാൻ ബി.ജെ.പിയ്ക്ക് സാഹചര്യമൊരുക്കിയിരുന്നത്. ഈ പ്രചരണത്തിന് വിശ്വാസ്യത നൽകാനാണ് പ്രധാനമന്ത്രി തന്നെ അടിക്കടി തൃശൂരിൽ പ്രചരണത്തിന് എത്തിയിരുന്നത്. ആ സന്ദർശനം ഒടുവിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ വരെയാണ് എത്തിച്ചിരുന്നത്. സുരേഷ് ഗോപിയുമായി പ്രധാനമന്ത്രിയ്ക്കുള്ള അടുപ്പത്തിൻ്റെ ആഴമായും ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകൾ ഉൾപ്പെടെ ബി.ജെ.പി സമാഹരിച്ചിരുന്നത്.

എന്നാൽ വിജയിച്ചു കഴിഞ്ഞപ്പോൾ സുരേഷ് ഗോപി അദ്ദേഹത്തിൻ്റെ തനിനിറം കാട്ടിയിരിക്കുകയാണ്. സിനിമ അഭിനയം തുടരുമെന്ന പ്രഖ്യാപനമാണ് ആദ്യം തന്നെ അദ്ദേഹം നടത്തിയത്. കേന്ദ്രമന്ത്രി പദവിയുടെ വലുപ്പത്തേക്കാൾ, ചെയ്യാൻ പോകുന്ന സിനിമയുടെ വലുപ്പമാണ്, മാധ്യമങ്ങൾക്കു മുന്നിൽ സുരേഷ് ഗോപി തുറന്നു കാട്ടിയിരുന്നത്. അതിനുള്ള തിരിച്ചടി കൂടിയാണ് കാബിനറ്റ് റാങ്ക് നൽകാതെയുള്ള കേന്ദ്ര സഹമന്ത്രിസ്ഥാനത്തെ ഒതുക്കൽ എന്നതും വ്യക്തമാണ്. സുരേഷ് ഗോപിയുടെ പ്രതികരണവും മന്ത്രിസഭയിൽ അദ്ദേഹം ഒതുക്കപ്പെട്ടതും ബി.ജെ.പി പ്രവർത്തകരെയാണ് ഇപ്പോൾ വല്ലാതെ ബാധിച്ചിരിക്കുന്നത്. തൃശൂർ വിജയത്തിൻ്റെ നിറം കൊടുത്തുന്ന സംഭവവികാസങ്ങളിൽ അവർ ശരിക്കും നിരാശരാണ്.

സിനിമയിൽ തുടരാനായിരുന്നെങ്കിൽ പിന്നെ എന്തിനാണ് സുരേഷ് ഗോപി മത്സരിച്ചതെന്ന ചോദ്യമാണ് നിഷ്പക്ഷരായ തൃശൂരിലെ വോട്ടർമാരും ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. സിനിമയിലെ അഭിനയം രാഷ്ട്രീയത്തിൽ വേണ്ടന്ന പ്രതികരണങ്ങളും സോഷ്യൽ മീഡിയകളിൽ വ്യാപകമാണ്.

അതേസമയം, പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ഒരു ജനപ്രതിനിധി ഒരിക്കലും എടുക്കാൻ പാടില്ലാത്ത നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചതെന്ന വികാരമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനുമുള്ളത്. ഈ അതൃപ്തിയാണ് ജോർജ് കുര്യനെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുവാനും ഇടവരുത്തിയിരിക്കുന്നത്.

സുരേഷ് ഗോപിയോടുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ അനിഷ്ടം, അവസാന നിമിഷം വരെ തുടർന്നത് കൊണ്ടാണ്, ഡൽഹിയിൽ എത്താനുള്ള നിർദ്ദേശം ഏറ്റവും ഒടുവിൽ മാത്രം സുരേഷ് ഗോപിക്ക് ലഭിച്ചിരുന്നത്. അതാകട്ടെ കേരളത്തിൽ ആദ്യമായി ലോക സഭയിലേക്ക് വിജയിച്ച ബി.ജെ.പി സ്ഥാനാർത്ഥി എന്ന പരിഗണനകൊണ്ടു മാത്രവുമായിരുന്നു. എങ്കിലും കേന്ദ്ര നേതാക്കളുടെ അനിഷ്ടം അവർ സഹമന്ത്രിസ്ഥാനത്തിൽ ഒതുക്കിയതിലൂടെ ഇപ്പോൾ പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്. സുരേഷ് ഗോപിക്ക് പുറമെ ജോർജ് കുരുനെ സഹമന്ത്രിയാക്കിയതും കേന്ദ്ര നേതൃത്വത്തിൻ്റെ തന്ത്രപരമായ നിലപാട് മൂലമാണ്.

‘താൻ സിനിമയിൽ അഭിനയിക്കണമെന്ന് പിടിവാശി പിടിച്ചാൽ അത് ഒടുവിൽ അംഗീകരിക്കപ്പെടുമെന്നും, പ്രധാനമന്ത്രി സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി സ്ഥാനമെങ്കിലും നൽകുമെന്നുമാണ് ‘ സുരേഷ് ഗോപി കരുതിയിരുന്നതെന്നാണ് ബി.ജെ.പിക്കുള്ളിലെ അണിയറ സംസാരം. എന്നാൽ, സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയായതോടെ സുരേഷ് ഗോപിയുടെ ആ പ്രതീക്ഷയാണിപ്പോൾ തകർന്നിരിക്കുന്നത്. വി മുരളീധരൻ മുൻപ് വഹിച്ച പദവി പോലെ വെറും ഒരു സഹമന്ത്രി എന്നതിന് അപ്പുറം സ്വതന്ത്രമായി ഒരു തീരുമാനവും എടുക്കാൻ ഇപ്പോൾ ലഭിച്ച വകുപ്പിലും സുരേഷ് ഗോപിക്ക് ഇനി കഴിയുകയില്ല. അതാകട്ടെ ഒരു യാഥാർത്ഥ്യവുമാണ്.

ഇത് തിരിച്ചറിഞ്ഞ് രാജി ഭീഷണി മുഴക്കിയ സുരേഷ് ഗോപിയെ, ബി.ജെ.പി നേതാക്കൾ നേരിട്ട് കണ്ട് അനുനയിപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയെ അനുനയിപ്പിക്കാൻ, പി.കെ കൃഷ്ണദാസിൻ്റെയും എം.ടി രമേശിൻ്റെയും നേതൃത്വത്തിൽ നേതാക്കൾ ഹോട്ടലിൽ എത്തിയതും വലിയ വാർത്തകളായി പുറത്ത് വന്നതും ബി.ജെ.പിക്ക് ആകെ നാണക്കേടായിരിക്കുകയാണ്. വല്ലാത്തൊരു ഗതികേട് തന്നെയാണിത്. അതെന്തായാലും പറയാതെ വയ്യ.

EXPRESS KERALA VIEW

Top