യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലണ്ടനില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പങ്കെടുക്കില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് അറിയിച്ചു. ചര്‍ച്ചകള്‍ക്കായി റൂബിയോ ലണ്ടനിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ പറഞ്ഞിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച ശേഷം, ബ്രിട്ടണിലേയ്ക്കുള്ള തന്റെ യാത്ര വരും മാസങ്ങളിലേക്ക് പുനഃക്രമീകരിക്കുകയാണെന്ന് റൂബിയോ പറഞ്ഞു. ചര്‍ച്ചകള്‍ മുന്നോട്ട് പോകുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുക്രെയ്ന്‍ പ്രതിനിധി ജനറല്‍ കീത്ത് കെല്ലോഗ് ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യയും യുക്രെയ്‌നും ഈ ആഴ്ച ഒരു കരാറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റൂബിയോ ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് കൊണ്ട് ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകുമോ എന്നത് സംശയത്തിലാണ്. വ്യക്തമായ പുരോഗതി ഉടന്‍ ഉണ്ടായില്ലെങ്കില്‍ റഷ്യ-യുക്രെയ്ന്‍ സമാധാന കരാറില്‍ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന് മാര്‍ക്കോ റൂബിയോ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ അധികാരമേറ്റതിനുശേഷം, ട്രംപ് അമേരിക്കന്‍ വിദേശനയം അട്ടിമറിച്ചു. റഷ്യയ്‌ക്കെതിരെ ബൈഡന്‍ ഭരണകൂടം സ്വീകരിച്ച പല നടപടികളും ലഘൂകരിക്കുന്നതിനൊപ്പം വെടിനിര്‍ത്തലിന് സമ്മതിക്കാന്‍ യുക്രെയ്നിനെ ട്രംപ് സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.