ഒരു പരസ്യം കണ്ടിട്ട് എന്തിനാണ് ഇത്ര വിരളുന്നത്?; പിആർഡി വിവാദത്തിൽ സർക്കാരിനെ ന്യായീകരിച്ച് മുൻ ധനമന്ത്രി

യുഡിഎഫ് ഭരണകാലത്തെ വീഴ്ചകളെക്കുറിച്ച് പറയുന്നത് പിആർഡിയുടെ ജോലിയല്ലെന്ന വാദത്തെയും അദ്ദേഹം തള്ളി

ഒരു പരസ്യം കണ്ടിട്ട് എന്തിനാണ് ഇത്ര വിരളുന്നത്?; പിആർഡി വിവാദത്തിൽ സർക്കാരിനെ ന്യായീകരിച്ച് മുൻ ധനമന്ത്രി
ഒരു പരസ്യം കണ്ടിട്ട് എന്തിനാണ് ഇത്ര വിരളുന്നത്?; പിആർഡി വിവാദത്തിൽ സർക്കാരിനെ ന്യായീകരിച്ച് മുൻ ധനമന്ത്രി

യുഡിഎഫ് സർക്കാരിന്റെ ഭരണകാലവും പിണറായി സർക്കാരിന്റെ നേട്ടങ്ങളും താരതമ്യം ചെയ്ത് പിആർഡി നൽകിയ പരസ്യത്തെ ന്യായീകരിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്തെത്തി. ഒരു പരസ്യം കണ്ട് യുഡിഎഫ് നേതാക്കൾ ഇത്രമാത്രം ഭയപ്പെടേണ്ട ആവശ്യമുണ്ടോ എന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. പ്രതിപക്ഷ നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ ഉയർത്തുന്ന വിമർശനങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും ഐസക് വ്യക്തമാക്കി.

സർക്കാർ പൊതുപണം ചെലവഴിച്ച് പരസ്യം നൽകുന്നു എന്ന ആക്ഷേപത്തിന് കണക്കുകൾ നിരത്തിയാണ് അദ്ദേഹം മറുപടി നൽകിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പരസ്യങ്ങൾക്കായി 151 കോടി രൂപ ചെലവഴിച്ച കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്ര സർക്കാരും മറ്റു സംസ്ഥാന സർക്കാരുകളും നടത്തുന്ന വൻതോതിലുള്ള പരസ്യ പ്രചാരണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരള സർക്കാരിന്റെ പരസ്യച്ചെലവ് വെറും ‘ഓലപ്പടക്കം’ മാത്രമാണെന്നും ഐസക് പരിഹസിച്ചു.

Also Read: അതിഥിയായി വന്ന കപ്പൽ തകർക്കപ്പെട്ടിട്ടും കേന്ദ്രത്തിന് മൗനം; കേന്ദ്ര നിലപാട് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി

മാധ്യമ ധാർമ്മികതയെക്കുറിച്ചുള്ള വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പത്ത് വർഷം മുൻപുള്ള കേരളത്തിന്റെ അവസ്ഥയും ഇന്നത്തെ പുരോഗതിയും വായനക്കാരെ ഓർമ്മിപ്പിക്കാനാണ് പത്രത്തിന്റെ ഒന്നാം പേജിൽ ഇത്തരമൊരു പരസ്യം നൽകിയത്. അക്കങ്ങളും പട്ടികകളും നൽകി ബോറടിപ്പിക്കുന്നതിന് പകരം, വായനക്കാരിൽ കൗതുകം ഉണർത്തുന്ന രീതിയിൽ പഴയ വാർത്തകളെ ഓർമ്മിപ്പിക്കുകയാണ് ചെയ്തത്. യുഡിഎഫിന്റെ ‘ഇരുണ്ട കാലത്തെ’ തുറന്നുകാട്ടുന്ന ഈ പരസ്യം വായനക്കാർക്കിടയിൽ കൃത്യമായി സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

യുഡിഎഫ് ഭരണകാലത്തെ വീഴ്ചകളെക്കുറിച്ച് പറയുന്നത് പിആർഡിയുടെ ജോലിയല്ലെന്ന വാദത്തെയും അദ്ദേഹം തള്ളി. ശരിയായ വസ്തുതകൾ ജനങ്ങളെ അറിയിക്കുന്നതിൽ തെറ്റില്ലെന്നും രണ്ട് മുന്നണികളുടെയും ഭരണകാലത്തെക്കുറിച്ചുള്ള ശരിതെറ്റുകൾ ചർച്ച ചെയ്യപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് എത്ര ഓടിയൊളിച്ചാലും ഇത്തരം ചോദ്യങ്ങൾ തങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും, പരാതിയുള്ളവർക്ക് നിയമനടപടി സ്വീകരിക്കാമെന്നും ‘എന്നാൽ താൻ പോയി കേസ് കൊട്’ എന്ന സിനിമാ ഡയലോഗ് പരാമർശിച്ചുകൊണ്ട് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചു.

Share Email
Top