പലരുടെയും നിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭക്ഷണപദാർത്ഥമാണ് പാൽ. ആരോഗ്യത്തിന് ഏറെ ഗുണകരമെന്ന് കരുതി നമ്മൾ ദിവസവും കുടിക്കുന്ന പാൽ യഥാർത്ഥത്തിൽ വെജിറ്റേറിയൻ വിഭാഗത്തിൽപ്പെടുമോ അതോ നോൺ-വെജിറ്റേറിയൻ വിഭാഗത്തിലാണോ? കേൾക്കുമ്പോൾ ലളിതമെന്ന് തോന്നാമെങ്കിലും ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുള്ള ഈ സംശയത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
പശു, എരുമ, ആട് തുടങ്ങിയ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന പാൽ ഇന്ത്യയിൽ പൊതുവെ വെജിറ്റേറിയൻ ഭക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പുല്ലും തവിടും ധാന്യങ്ങളുമൊക്കെ ആഹാരമാക്കുന്ന ഈ മൃഗങ്ങളിൽ നിന്നുള്ള പാലിൽ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 തുടങ്ങിയ അത്യാവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും ഊർജ്ജ നിലയ്ക്കും ഏറെ ഗുണകരമാണ്. എന്നാൽ മൃഗങ്ങൾക്ക് നൽകുന്ന തീറ്റയെ അടിസ്ഥാനമാക്കി ഈ വിഷയത്തിൽ പലയിടത്തും വലിയ തോതിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അമേരിക്ക പോലുള്ള ചില രാജ്യങ്ങളിലെ വലിയ ഡെയറി ഫാമുകളിൽ വളർത്തുന്ന കന്നുകാലികൾക്ക് മീൻപൊടിയോ മറ്റ് സംസ്കരിച്ച ജന്തുജന്യ ഉപോൽപ്പന്നങ്ങളോ തീറ്റയായി നൽകാറുണ്ടത്രേ. ഇത് കഴിക്കുന്ന മൃഗങ്ങൾ നൽകുന്ന പാൽ നോൺ-വെജിറ്റേറിയൻ വിഭാഗത്തിൽപ്പെടുത്തണം എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
ALSO READ;കാരണവന്മാർക്ക് പോലും ഭയം, കാരണമുണ്ട്..! ഒന്ന് തൊട്ടുരുമ്മി പോയാൽ മതി, മരണം ഉറപ്പിക്കാം
എങ്കിലും ഒരു മൃഗം എന്താണ് കഴിക്കുന്നത് എന്നതിനെ മാത്രം ആശ്രയിച്ചല്ല പാലിന്റെ വർഗ്ഗീകരണം തീരുമാനിക്കുന്നത്. ഇന്ത്യയിൽ പാടേ പച്ചപ്പുല്ലും ഉണക്കപ്പുല്ലും ചോളവും ഗോതമ്പ് അടങ്ങിയ തീറ്റകളും എണ്ണക്കുരുക്കളുമാണ് കന്നുകാലികൾക്ക് സാധാരണയായി നൽകുന്നത്. ഇന്ത്യൻ ഭക്ഷ്യ ലേബലിംഗ് നിയമപ്രകാരം പാൽ പൂർണ്ണമായും വെജിറ്റേറിയൻ ഭക്ഷണമായാണ് തരംതിരിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെ പാക്കറ്റ് പാലിൽ പച്ച നിറത്തിലുള്ള വെജിറ്റേറിയൻ ചിഹ്നമാണ് പതിക്കാറുള്ളത്. കൂടാതെ പാൽ ഉത്പാദനം എന്നത് തികച്ചും സ്വാഭാവികമായ ഒരു ജൈവിക പ്രക്രിയയാണ്. മൃഗം കഴിക്കുന്ന തീറ്റയിലെയും വെള്ളത്തിലെയും പോഷകങ്ങൾ ദഹിപ്പിക്കപ്പെട്ട് രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രത്യേകിച്ച് അകിടിലെ സ്തനഗ്രന്ഥികളിലേക്കും എത്തുന്നു. അവിടെയുള്ള പ്രത്യേക കോശങ്ങൾ ഈ പോഷകങ്ങൾ ഉപയോഗിച്ച് പാൽ ഉത്പാദിപ്പിക്കുകയും അത് ശേഖരിച്ച് പിന്നീട് നമ്മളിലേക്ക് എത്തുകയും ചെയ്യുന്നു.
മൃഗങ്ങളുടെ തീറ്റയെച്ചൊല്ലി ചില സംശയങ്ങളും വാദങ്ങളും ഉയരുന്നുണ്ടെങ്കിലും, ഇന്ത്യയുടെ പരമ്പരാഗതവും ഔദ്യോഗികവുമായ രീതി അനുസരിച്ച് പാൽ എക്കാലത്തും ഒരു വെജിറ്റേറിയൻ ഭക്ഷണമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള പാൽ നമ്മുടെ ഭക്ഷണക്രമത്തിന്റെ പ്രധാന ഭാഗമായി തുടരുമ്പോൾ തന്നെ, അത് എങ്ങനെയൊക്കെ വർഗ്ഗീകരിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ഇത്തരം വസ്തുതകൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.






