പ്രതിപക്ഷ നേതാവ് ആരാകും? പിബി യോഗം ഇന്നും തുടരും; പിണറായിക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമോ?

നിലവിൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ വികാരം

പ്രതിപക്ഷ നേതാവ് ആരാകും? പിബി യോഗം ഇന്നും തുടരും; പിണറായിക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമോ?
പ്രതിപക്ഷ നേതാവ് ആരാകും? പിബി യോഗം ഇന്നും തുടരും; പിണറായിക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമോ?

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം രണ്ടാം ദിവസമായ ഇന്നും ഡൽഹിയിൽ തുടരുകയാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ ചർച്ചകൾ ഇന്നലത്തെ യോഗത്തിൽ ആരംഭിച്ചിരുന്നു. ഇന്ന് ചർച്ചകൾ തുടരുമ്പോൾ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച തീരുമാനത്തിനാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും, നിലവിൽ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ പാർട്ടിയിൽ മാറ്റം വേണമെന്ന നിലപാട് കേന്ദ്ര നേതൃത്വത്തിലെ ചിലർക്കുണ്ടോ എന്നത് നിർണ്ണായകമാകും.

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ ഇടപെടൽ ഉണ്ടാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സൂചന നൽകിയിട്ടുണ്ട്. വിഷയം പിബി ഗൗരവമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ തന്റെ അഭിപ്രായം യോഗത്തിൽ അറിയിക്കുമ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് എന്തായിരിക്കും എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ഇതിനിടെ, സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കേന്ദ്രത്തെ അറിയിച്ചേക്കും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തുടർച്ചയെ കേന്ദ്രം എങ്ങനെ സമീപിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ.

മറുഭാഗത്ത്, പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ സി.പി.ഐ ഉറച്ചുനിൽക്കുന്നത് സി.പി.എമ്മിന് മുന്നിൽ പുതിയ വെല്ലുവിളിയായിട്ടുണ്ട്. സി.പി.ഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഈ നിലപാട് വ്യക്തമാക്കിയത്. വർഷങ്ങളായി മുന്നണിയിൽ നിലനിൽക്കുന്ന കീഴ്വഴക്കങ്ങൾക്കപ്പുറം പുതിയ സാഹചര്യത്തിൽ അർഹമായ പ്രാതിനിധ്യം വേണമെന്നാണ് സി.പി.ഐയുടെ ആവശ്യം. മുന്നണിയിലെ പ്രധാന കക്ഷികൾ തമ്മിലുള്ള ഈ തർക്കം പരിഹരിക്കുക എന്നതും സി.പി.എമ്മിന് മുന്നിലുള്ള കടമ്പയാണ്.

Share Email
Top