അഗത ക്രിസ്റ്റി എവിടെ പോയി? 11 ദിവസം ലോകത്തെ കുഴക്കിയ തിരോധാനത്തിന് പിന്നിലെ ഇന്നും തീരാത്ത നിഗൂഢത

ലോകം മുഴുവൻ വായനക്കാരുള്ള പ്രശസ്ത ക്രൈം എഴുത്തുകാരി അഗത ക്രിസ്റ്റി 1926 ഡിസംബർ 3ന് സ്വന്തം വീട്ടിൽനിന്ന് അപ്രത്യക്ഷയായി. അന്ന് അവർക്ക് 36 വയസായിരുന്നു. തുടർന്ന് 11 ദിവസം അഗത എവിടെയായിരുന്നു, എന്താണ് സംഭവിച്ചത് എന്നത് ഇന്നും പൂർണമായി ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു

അഗത ക്രിസ്റ്റി എവിടെ പോയി? 11 ദിവസം ലോകത്തെ കുഴക്കിയ തിരോധാനത്തിന് പിന്നിലെ ഇന്നും തീരാത്ത നിഗൂഢത
അഗത ക്രിസ്റ്റി എവിടെ പോയി? 11 ദിവസം ലോകത്തെ കുഴക്കിയ തിരോധാനത്തിന് പിന്നിലെ ഇന്നും തീരാത്ത നിഗൂഢത

ലോകം മുഴുവൻ വായനക്കാരുള്ള പ്രശസ്ത ക്രൈം എഴുത്തുകാരി അഗത ക്രിസ്റ്റി 1926 ഡിസംബർ 3ന് സ്വന്തം വീട്ടിൽനിന്ന് അപ്രത്യക്ഷയായി. അന്ന് അവർക്ക് 36 വയസായിരുന്നു. തുടർന്ന് 11 ദിവസം അഗത എവിടെയായിരുന്നു, എന്താണ് സംഭവിച്ചത് എന്നത് ഇന്നും പൂർണമായി ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. ഈ സംഭവത്തെ കേന്ദ്രമാക്കിയാണ് ‘നായിക അഗത ക്രിസ്റ്റി’ എന്ന ബയോ ഫിക്ഷൻ രചിക്കപ്പെട്ടത്. അഗതയുടെ ആത്മകഥയും ലഭ്യമായ മറ്റു പുസ്തകങ്ങളും ഇന്റർനെറ്റ് വിവരങ്ങളും പരിശോധിച്ചിട്ടും ആ 11 ദിവസങ്ങളെക്കുറിച്ച് അഗത തന്നെ വ്യക്തമായ രേഖകളൊന്നും അവശേഷിപ്പിച്ചിട്ടില്ലെന്നതാണ് എഴുത്തുകാരിയെ ഈ വിഷയത്തിലേക്ക് കൂടുതൽ ആകർഷിച്ചത്.

അഗതയെ കാണാതായതോടെ വലിയ അന്വേഷണമാണ് നടന്നത്. പതിനായിരത്തോളം പോലീസുകാരെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചു. ഷെർലക് ഹോംസിന്റെ സ്രഷ്ടാവ് ആർതർ കൊനാൻ ഡോയൽ, ഡൊറോത്തി സയേഴ്സ് തുടങ്ങിയ പ്രമുഖ എഴുത്തുകാരും അവരുടേതായ രീതിയിൽ അന്വേഷണങ്ങളും സിദ്ധാന്തങ്ങളും മുന്നോട്ടുവച്ചു. പുസ്തകങ്ങളുടെ വിൽപ്പന കൂട്ടാനുള്ള നാടകമാണ് തിരോധാനമെന്ന ആരോപണം മുതൽ ആത്മഹത്യ ചെയ്തിരിക്കാമെന്ന സംശയം വരെ അക്കാലത്ത് ഉയർന്നു. ഒടുവിൽ 11 ദിവസത്തിന് ശേഷം യോർക്ക്ഷെയറിലെ സ്വാൻ ഹോട്ടലിൽ മറ്റൊരു പേരിൽ താമസിക്കുന്ന അഗതയെ കണ്ടെത്തി. എങ്ങനെ അവിടെയെത്തിയെന്നോ താൻ യഥാർഥത്തിൽ ആരാണെന്നോ ഓർമയില്ലെന്നായിരുന്നു അഗതയുടെ വിശദീകരണം. താൽക്കാലികമായി ഓർമയുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നം ഉണ്ടായിരിക്കാമെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ അഭിപ്രായം.

ALSO READ:‘20ൽ കണ്ടുമുട്ടി, 30ൽ വിവാഹം’..! അഹാനയ്ക്ക് താലി ചാർത്തി നിമിഷ്, സാക്ഷിയായി ദുൽഖർ സൽമാൻ

ഈ തിരോധാനത്തിന് മുമ്പുള്ള അഗതയുടെ ജീവിതവും പിന്നീട് നിരവധി ചർച്ചകൾക്ക് വഴിയൊരുക്കി. അമ്മയുടെ മരണം, ഭർത്താവിന് മറ്റൊരു സ്ത്രീയുമായുണ്ടായ അടുപ്പം തുടങ്ങിയ സംഭവങ്ങൾ അവരുടെ മാനസികാവസ്ഥയെ ബാധിച്ചിരിക്കാമെന്നാണ് വിവിധ വ്യാഖ്യാനങ്ങൾ. ഭർത്താവുമായി അടുപ്പമുണ്ടായിരുന്ന സ്ത്രീയുടെ പേരാണ് ഹോട്ടലിൽ അഗത ഉപയോഗിച്ചതെന്ന വിവരവും ഈ സംശയങ്ങൾക്ക് ശക്തി നൽകി. എന്നാൽ ഇതുമാത്രമാണ് തിരോധാനത്തിന് കാരണമെന്ന് ഉറപ്പിക്കാനാവില്ല. അഗതയുടെ ജീവിതത്തിലെ ഈ സംഭവവുമായി സാമ്യമുണ്ടെന്ന് പറയപ്പെടുന്ന കഥാഘടനയാണ് ഗിലിയൻ ഫ്ലിന്റെ ‘ഗോൺ ഗേൾ’ എന്ന നോവലിലും പിന്നീട് അതേ പേരിലുള്ള സിനിമയിലും ചർച്ചയായത്.

‘നായിക അഗത ക്രിസ്റ്റി’ എഴുതാൻ തുടങ്ങിയപ്പോൾ എഴുത്തുകാരിക്കും 36 വയസായിരുന്നു എന്ന യാദൃശ്ചികതയാണ് പുസ്തകരചനയെ കൂടുതൽ വ്യക്തിപരമായ അനുഭവമാക്കിയത്. കുട്ടിക്കാലത്തെ പഠനപ്രശ്നങ്ങൾ മുതൽ തിരസ്കാരങ്ങൾക്കിടയിലും എഴുത്ത് തുടരാനുള്ള അഗതയുടെ ശ്രമം വരെ സ്വന്തം അനുഭവങ്ങളുമായി ബന്ധിപ്പിച്ചാണ് അവരുടെ മനസ്സിലേക്ക് കടക്കാൻ എഴുത്തുകാരി ശ്രമിച്ചത്. അഗതയോട് സംസാരിക്കാൻ ‘അന്ന’ എന്ന സാങ്കൽപ്പിക കഥാപാത്രത്തെയും സൃഷ്ടിച്ചു. ഏറെനാൾ നീണ്ട എഴുത്തിനും എഡിറ്റിങ്ങിനുമൊടുവിൽ രൂപപ്പെട്ട പുസ്തകം അഗതയെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നതല്ലെന്നും, ഒരു നൂറ്റാണ്ടിന്റെ അകലത്തിൽ ഒരേ പ്രായത്തിൽ നിന്ന രണ്ട് സ്ത്രീകളുടെ മനസ്സുകളെ ബന്ധിപ്പിക്കാനുള്ള ശ്രമമാണെന്നും എഴുത്തുകാരി പറയുന്നു. അതുകൊണ്ടുതന്നെ തന്റെ പുസ്തകങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്നായി ‘നായിക അഗത ക്രിസ്റ്റി’ ഇന്നും തുടരുന്നു.

Share Email
Top