പഴയകാലം ഓർക്കുമ്പോൾ പിണറായി തന്നെയല്ലേ ഭേദം?

തിരഞ്ഞെടുപ്പിലെ സാധ്യതകളെ കുറിച്ച് ടീം എക്സ് പ്രസ്സ് കേരളയിലെ മാധ്യമ പ്രവർത്തക ആഗ്ര കൃഷ്ണയുടെ പ്രതികരണം ചുവടെ

പഴയകാലം ഓർക്കുമ്പോൾ പിണറായി തന്നെയല്ലേ ഭേദം?
പഴയകാലം ഓർക്കുമ്പോൾ പിണറായി തന്നെയല്ലേ ഭേദം?

രാഷ്ട്രിയ പാർട്ടികളോട് പ്രത്യേകിച്ച് ആഭിമുഖ്യം ഒന്നുമില്ലാത്ത ഒരുപാട് പേർ മൂന്നാമതും ഇടതുപക്ഷ സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. അതിന് പ്രധാന കാരണമായി ഞാൻ കാണുന്നത്. ഇപ്പോൾ ലഭിക്കുന്ന ക്ഷേമ പദ്ധതികളോ അതല്ലങ്കിൽ വികസനങ്ങളോ മാത്രമല്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് വലിയ ധാരണയില്ലാത്തവർക്ക് പോലും ധാരണയുള്ള മറ്റൊരു കാര്യമുണ്ട്, അത് ഞാൻ പറയാം.

ഒന്നാമതായി പറയാനുള്ളത്, യുഡിഎഫ് സർക്കാറുകളും ഇടതുപക്ഷ സർക്കാറുകളും തമ്മിലുള്ള വ്യത്യാസം തന്നെയാണ്. നമ്മുടെ ജനങ്ങൾ പൊട്ടൻമാരൊന്നുമല്ലല്ലോ? രാഷ്ട്രീയത്തിൽ താല്പര്യം ഇല്ലാത്തവർക്ക് പോലും കാര്യങ്ങൾ കൃത്യമായി തന്നെ തിരിച്ചറിയാനുള്ള വിവേകമൊക്കെയുണ്ട്.

നമ്മൾ കഴിഞ്ഞ പത്ത് വർഷം മുൻപുള്ള യുഡിഎഫ് സർക്കാറിനെ തന്നെ ഒന്നു പരിശോധിച്ച് നോക്കൂ, അക്കാലത്ത് അധികാരത്തിൻ്റെ ഇടനാഴികളിൽ ഇടപെട്ടത് ആരൊക്കെ ആയിരുന്നു എന്നത് അവിടെ നമുക്ക് കാണാൻ കഴിയുന്നതല്ലേ?

സകല, ജാതി-മത ശക്തികളും സാമുദായിക നേതൃത്വവും ദല്ലാൾമാരും എല്ലാം അരങ്ങ് വാണ ആ പഴയ കാലത്തേക്ക് കേരളം പോകരുത് എന്നാഗ്രഹിക്കുന്നവർ തീർച്ചയായും ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഏറ്റവും കൂടുതൽ അഴിമതി ആരോപണങ്ങൾ ഉയർന്നതും യു ഡി എഫ് ഭരണകാലത്ത് തന്നെയാണ്.

പിന്നെ മറ്റൊരു കാര്യം, യുഡിഎഫ് കാലത്തെ പോലെ, സെക്രട്ടറിയേറ്റിനെ ഒരു പൂരപറമ്പ് ആക്കുന്ന സാഹചര്യം ഇടതുപക്ഷ സർക്കാർ ഉണ്ടാക്കിയിട്ടില്ല എന്നതാണ്. എന്തൊക്കെ വിമർശനങ്ങൾ പിണറായിക്ക് നേരെ പറയാമെങ്കിലും, അദ്ദേഹം ഒരു അവതാരങ്ങളെയും സൃഷ്ടിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ഇടനിലക്കാരില്ലാതെ തന്നെ സെക്രട്ടറിയേറ്റിൽ പോയി കാര്യം പറയാനുള്ള ഒരവസരം ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് ഉണ്ടായിട്ടുണ്ട്.

പിന്നെ എനിക്ക് തോന്നിയ മറ്റൊരു കാര്യം, തമ്മിൽ തല്ല് ഇല്ല എന്നതാണ്. യുഡിഎഫ് ഭരിച്ച എല്ലാ കാലത്തും പരസ്പരം പാരവയ്പ്പും തമ്മിലടിയും അവരുടെ നേതാക്കളിൽ മുതൽ മന്ത്രിമാരിൽ വരെ ഉണ്ടായിട്ടുണ്ട്. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ എടുക്കാനുണ്ടായ സാഹചര്യവും അഞ്ചാം മന്ത്രി വിവാദവും ഒന്നും നമുക്ക് മറക്കാൻ പറ്റില്ലല്ലോ? പരസ്പരം ചെളിവാരി എറിഞ്ഞ് ആരോപണങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചവരാണ് കോൺഗ്രസ്സുകാർ.

പലപ്പോഴും ലീഗിന് മുന്നിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കീഴടങ്ങിയതും നമ്മൾ കണ്ടതാണല്ലോ? അത്തരം ഒരു സംഭവവും ഈ പത്ത് വർഷവും പിണറായി സർക്കാരിൻ്റെ കാലത്ത് ഉണ്ടായിട്ടില്ലന്നത് ഉറപ്പിച്ച് പറയാൻ പറ്റും. പൊളിറ്റിക്കൽ സെക്രട്ടറിയെ തിരഞ്ഞെടുത്തതിലെ പിഴവ് മാറ്റി നിർത്തിയാൽ മറ്റൊരു പിഴവും ഞാൻ പിണറായിയിൽ കാണുന്നില്ല. കയ്യടി ലഭിക്കാൻ വേണ്ടി ഒരു ചെപ്പടി വിദ്യയും അദ്ദേഹം കാണിക്കാറില്ല.

എപ്പോഴും ചിരിച്ച് ആളുകളെ പറ്റിക്കുന്ന രാഷ്ട്രീയ നേതൃത്വത്തേക്കാൾ നല്ലത് കർക്കശമായ നിലപാട് പിന്തുടരുന്ന നേതൃത്വം തന്നെയാണ്. പുതിയ കാലം അത്തരം നേതൃത്വത്തെ തന്നെ വീണ്ടും തിരഞ്ഞെടുക്കുമെന്നതാണ് എൻ്റെ അഭിപ്രായം. ഇത് എൻ്റെ വ്യക്തിപരമായ നിലപാട് ആണ് എന്നത് കൂടി പറഞ്ഞേക്കാം.

ആഗ്ര കൃഷ്ണ

Share Email
Top