റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂന്നാം വര്‍ഷത്തിലെത്തി നില്‍ക്കുന്നതിനിടെ റഷ്യയുടെ ആണവായുധങ്ങളെക്കുറിച്ചുള്ള അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യ പലപ്പോഴും യുക്രെയ്‌നിനും യുക്രയ്‌നെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എതിരെയും ആണവ ആക്രമണ ഭീഷണി മുഴക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, പുടിന്‍ റഷ്യയുടെ ആണവായുധ സിദ്ധാന്തം പരിഷ്‌കരിക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിധി ഗണ്യമായി കുറയ്ക്കുകയും ചെയ്തിരുന്നു.
അമേരിക്കന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡിഐഎ) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ റഷ്യ ആണവായുധ ശേഖരം വികസിപ്പിക്കുക മാത്രമല്ല, ആ ആണവായുധങ്ങള്‍ വിതരണം ചെയ്യുന്നതിനായി പുതിയ പ്ലാറ്റ്ഫോമുകള്‍ നിര്‍മ്മിച്ചതായി പറയുന്നു.

Also Report: ആണവായുധ ശേഖരം വികസിപ്പിക്കാനൊരുങ്ങി റഷ്യ, ആരൊക്കെ ഭയക്കണം
യുക്രെയ്‌നിനും, ആ രാജ്യത്തെ പിന്തുണയ്ക്കുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എതിരെയും റഷ്യ ആണവായുധം ഉപയോഗിക്കാനുള്ള സാധ്യത കുറവാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, റഷ്യയുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടെന്ന് കണ്ടാല്‍ റഷ്യ ആണവായുധം ഉപയോഗിക്കാന്‍ മടിക്കുകയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. യുക്രെയ്‌നുമായുള്ള സംഘര്‍ഷത്തില്‍ റഷ്യ ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡിഐഎയുടെ റിപ്പോര്‍ട്ടിലുണ്ട്.
റഷ്യയുടെ പുതിയ ആണവായുധ സിദ്ധാന്തം എന്താണ്?
ഒരു വലിയ സംഘര്‍ഷത്തില്‍, ആണവായുധ ഉപയോഗത്തിനുള്ള പരിധി കുറച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം പുടിന്‍ റഷ്യയുടെ ആണവ സിദ്ധാന്തം പരിഷ്‌കരിച്ചിരുന്നു. പുതിയ സിദ്ധാന്തം അനുസരിച്ച്, ഏതൊരു രാജ്യവും റഷ്യയെ ആക്രമിച്ചാല്‍ റഷ്യയ്ക്ക് തിരിച്ച് ആണവ ആക്രമണം നടത്താന്‍ കഴിയും . ആണവായുധങ്ങളുള്ള ഒരു രാജ്യത്തിന്റെ സഹായത്തോടെയുള്ള യുക്രെയ്‌നിന്റെ ആക്രമണത്തെ സംയുക്ത ആക്രമണമായി റഷ്യ പരിഗണിക്കുമെന്നും, തുടര്‍ന്ന് ആണവായുധങ്ങള്‍ ഉപയോഗിച്ച് റഷ്യ തിരിച്ചടിക്കുമെന്നും നേരത്തെ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തന്ത്രപരമായ വ്യോമയാനം, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍, ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് റഷ്യയിലേക്ക് വന്‍തോതിലുള്ള അതിര്‍ത്തി ആക്രമണം നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ റഷ്യ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പുടിന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.