ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എം.എസ്. ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ച് നിർണ്ണായക അപ്‌ഡേറ്റ് നൽകി സിഎസ്‌കെ നായകൻ റുതുരാജ് ഗെയ്‌ക്‌വാദ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് വേളയിലാണ് ഗെയ്‌ക്‌വാദ് ധോണിയുടെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചത്. കാലിലെ വേദനയെത്തുടർന്ന് സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ധോണിക്ക് ഈ മത്സരത്തിലും പ്ലെയിംഗ് ഇലവനിൽ ഇടംപിടിക്കാനായില്ല. താരം സാവധാനം സുഖം പ്രാപിച്ചുവരികയാണെന്നും പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കാൻ അല്പം കൂടി സമയം ആവശ്യമാണെന്നും ഗെയ്‌ക്‌വാദ് വ്യക്തമാക്കി.
ടോസ് നേടിയ റുതുരാജ് ഗെയ്‌ക്‌വാദ് ബെംഗളൂരുവിനെതിരെ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉയർന്ന സ്കോർ പിറക്കാൻ സാധ്യതയുള്ള പിച്ചിൽ ആർസിബിയെ കുറഞ്ഞ റൺസിൽ ഒതുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ധോണിയുടെ ലഭ്യതയെക്കുറിച്ച് ആരാധകർക്കിടയിൽ ആശങ്കയുണ്ടെങ്കിലും താരം ഉടൻ തന്നെ കളത്തിലിറങ്ങാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റ്. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം രണ്ടാം മത്സരത്തിൽ ബാറ്റിംഗിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചത് ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ടെന്നും മാറ്റങ്ങളില്ലാത്ത ടീമുമായാണ് തങ്ങൾ ഇറങ്ങുന്നതെന്നും ഗെയ്‌ക്‌വാദ് കൂട്ടിചേർത്തു.
Also Read: റിഷഭ് പന്തിന്റെ ക്യാപ്റ്റൻ ഇന്നിംഗ്‌സ്; സൺറൈസേഴ്സിനെ വീഴ്ത്തി ലക്നൗവിന് ആദ്യ ജയം
മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിൽ സഞ്ജു സാംസൺ, റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ എന്നിവർ അണിനിരക്കുമ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി വിരാട് കോഹ്‌ലി, ഫിലിപ്പ് സാൾട്ട്, ദേവദത്ത് പടിക്കൽ എന്നിവർ കളത്തിലിറങ്ങുന്നു. ധോണിക്ക് പകരം സഞ്ജു സാംസണാണ് സിഎസ്‌കെയുടെ വിക്കറ്റ് കീപ്പർ വേഷം കൈകാര്യം ചെയ്യുന്നത്. പരിക്കിന്റെ പിടിയിലായ ധോണി എപ്പോൾ ടീമിലേക്ക് മടങ്ങിയെത്തും എന്ന കാര്യത്തിൽ കൃത്യമായ തീയതി ക്യാപ്റ്റൻ വെളിപ്പെടുത്തിയില്ലെങ്കിലും, താരം ടീമിനൊപ്പം സജീവമായി ഉണ്ടെന്നത് ആരാധകർക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ട്.






