കേരളത്തിലെ വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ മുഖം നോക്കാതെ അതിൻ്റെ വിശ്വരൂപം കാണിച്ച് തുടങ്ങിയതോടെ ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ വലിയ ആശങ്കയിലാണുള്ളത്. ജയിൽ ഡി.ഐ.ജിയെ ഉൾപ്പെടെ വലയിലാക്കിയ വിജിലൻസ് നടപടി ഉദ്യോഗസ്ഥരെയാകെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പൊലീസിനെയും ജയിൽ വകുപ്പിനെയും നിയന്ത്രിക്കുന്ന സെക്രട്ടറിയേറ്റിലെ ഉന്നതൻ്റെ അടുപ്പക്കാരനെയാണ് വിജിലൻസ് പൂട്ടിയിരിക്കുന്നത്.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ അഴിമതി വിരുദ്ധ ‘ഹണ്ടിൽ’ ഇനിയും പല ഉന്നതരും കുടുങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് ഉന്നതരെ ലക്ഷ്യമിട്ട് വിജിലൻസ് റെയ്ഡ് നടക്കാനുള്ള സാധ്യതയും പുതിയ സാഹചര്യത്തിൽ തള്ളിക്കളയാൻ സാധിക്കുകയില്ല. ജയിൽ ഡി.ഐ.ജി വിനോദ് കുമാറിനെ വിജിലൻസ് കുരുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെയാണ്. ടി.പി കേസ് പ്രതി കൊടി സുനിയിൽ നിന്നും ഉൾപ്പെടെ കൈക്കൂലി വാങ്ങിയ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്.
ഗൂഗിള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയിരിക്കുന്നത്. എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡിഐജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
Also Read: നടിയെ ആക്രമിച്ച കേസ്, മാഡം എവിടെ? തെളിവുകൾ എവിടെ? പൊളിച്ചടുക്കി വിചാരണ കോടതി ഉത്തരവ് പുറത്ത്
പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്, ഈ ഉദ്യോഗസ്ഥന് എതിരെ വിജിലൻസ് കേസെടുത്തിരിക്കുന്നത്. പരോള്‍ നൽകാനും പരോള്‍ നീട്ടി നൽകാനും തടവുകാരുടെ ബന്ധുക്കളിൽ നിന്നും വലിയ പണ പിരിവാണ് നടന്നിരിക്കുന്നത്. ജയിലുള്ളിൽ സൗകര്യങ്ങളൊരുക്കാനും സ്ഥലം മാറ്റത്തിനുമുള്ള കൈക്കൂലി ഇതിനുപുറമെയാണ്.
ജയിൽ ആസ്ഥാന ഡിഐജിയായ വിനോദ് കുമാറിൻ്റെ വഴിവിട്ട നടപടികൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു. സംസ്ഥാന പൊലീസ് ഭരണം നിയന്ത്രിക്കുന്ന ഉന്നത നേതൃത്വവുമായി അടുപ്പമുള്ള ജയിൽ ആസ്ഥാന ഡിഐജി ആ സ്വാധീനമുപയോഗിച്ചാണ് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നത് എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജൻ്റാക്കി പണം വാങ്ങിയതിനും വിജിലൻസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതും വ്യക്തമായിട്ടുണ്ട്. ഇതോടെ വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.

സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ. ടി.പി കേസിലെ പ്രതികള്‍ക്ക് വിയ്യൂരിൽ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിനാണ് രണ്ടാമത്തെ സസ്പെൻഷൻ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് വകുപ്പതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഡിഐജിയായ ഉയർത്തിയ വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിക്കുകയാണ് ഉണ്ടായത്. നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയിൽ വീഴ്ച വരുത്തിയപ്പോഴും ഡിഐജിയെ ജയിൽ ആസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ജയിൽ മേധാവിമാർ നിരവധി തവണ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥന് സംരക്ഷണം നൽകുകയാണ് ചെയ്തിരുന്നത്. ഇതിനു പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് ഭരണം ഏൽപ്പിച്ച ഉന്നതനാണ് എന്നാണ് ആരോപണം. ഒടുവിൽ ഇപ്പോൾ വിരമിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കേയാണ് വിജിലൻസ് കേസിൽ പ്രതിയായിരിക്കുന്നത്.
Also Read:പിണറായി സ്വയം മാറി നിൽക്കാൻ സാധ്യത, തരൂരിനെ ഇറക്കാൻ ബി.ജെ.പി, ആത്മവിശ്വാസം കൈവിടാതെ യു.ഡി.എഫ്…
അഴിമതിക്കാരുടെ പേടി സ്വപ്നമായാണ് വിജിലൻസ് ഡിപ്പാർട്ട്മെൻ്റ് ഇപ്പോൾ മാറിയിരിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ നിരവധി പേരാണ് വിജിലൻസിൻ്റെ കെണിയിൽ വീണിരിക്കുന്നത്. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ജയിൽ ഡി.ഐ.ജിക്ക് എതിരായ നടപടി.
ഏതാനും ആഴ്ചകൾക്ക് മുൻപ്, ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-1 അങ്കമാലി ഓഫീസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറും അങ്കമാലി സ്വദേശിയുമായ വിൽസനും കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസിൻ്റെ പിടിയിലായിരുന്നു. സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിന് 15,000/- രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ കൈയ്യോടെ പിടിക്കപ്പെട്ടിരുന്നത്.
ഈ കേസോടെ തുടർച്ചയായ നാല് പ്രവർത്തി ദിവസത്തിൽ നാല് ട്രാപ്പ് കേസ്സുകളിലായി നാല് സർക്കാർ ഉദ്യോഗസ്ഥരെയാണ് കൈക്കൂലി വാങ്ങവേ വിജിലൻസ് കൈയ്യോടെ പിടികൂടിയിരുന്നത്. തുടർച്ചയായ ട്രാപ്പ് കേസ്സുകളുടെ എണ്ണത്തിൽ ഇത് വിജിലൻസിൻ്റെ ചരിത്ര നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഭൂമി തരം മാറ്റുന്നതിനായി 50,000/- രൂപ കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ ഉല്ലാസ് മോൻ കെ.ആർ നെയും, പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കുന്നതിനായി 5,000/- രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും വേങ്ങൂർ സ്വദേശിയുമായ ജിബി മാത്യു.എം നെയും, ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് 5,000/- രൂപ കൈക്കൂലി വാങ്ങിയ ആലപ്പുഴ മാന്നാർ കുട്ടംപേരൂർ-കുന്നത്തൂർ ശ്രീ. ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ്-ഗ്രൂപ്പ് ഓഫീസറുമായ ശ്രീനിവാസനെയും ഈ സംഭവത്തിൻ്റെ അടുത്ത ദിവസങ്ങളിലായാണ് വിജിലൻസ് കൈയ്യോടെ പിടികൂടിയിരുന്നത്.
പരാതിയുമായി ആര് ചെന്നാലും, അതല്ലെങ്കിൽ ആര് വിജിലൻസിന് വിവരങ്ങൾ കൈമാറിയാലും ഉടനടി നടപടി എന്നതാണ് വിജിലൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഇപ്പോഴത്തെ രീതി. അത് ഏത് ഉന്നതന് എതിരെ ആണെങ്കിലും നടപടി ഉറപ്പാണ്.
കർക്കശക്കാരനായ മനോജ് എബ്രഹാമാണ് വിജിലൻസ് ഡയറക്ടർ എന്നതിനാൽ, ഉദ്യോഗസ്ഥരുടെ നടപടികൾക്കും ഇപ്പോൾ ഇരട്ടി വേഗതയാണുള്ളത്. ഒരു ശുപാർശയ്ക്കും സ്വാധീനത്തിനും വഴങ്ങാത്ത ഓഫീസറാണ് മനോജ് എബ്രഹാം എന്നതിനാൽ, മുഖം നോക്കാതെ നടപടി സ്വീകരിക്കാനുളള ധൈര്യം വിജിലൻസിലെ മറ്റ് ഉദ്യോഗസ്ഥർക്കും ഇപ്പോഴുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥർ തന്നെ തുറന്നു പറയുന്നുമുണ്ട്. വരും ദിവസങ്ങളിൽ ആരൊക്കെ വിജിലൻസിൻ്റെ കെണിയിൽ വീഴുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. പൊലീസ് ഉൾപ്പെടെയുള്ള സകല ഡിപ്പാർട്ട്മെൻ്റുകളിലെയും അഴിമതിക്കാർ ഈ ഭയത്തിലാണ് ഇപ്പോഴുള്ളത്.
വീഡിയോ കാണാം…






