ടൂറിസം രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന വേൾഡ് ട്രാവൽ അവാർഡ്സ് 2026-ൽ ഷാർജ നിക്ഷേപവികസന അതോറിറ്റിയായ (ഷുറൂഖ്) ലോകവേദിയിൽ വീണ്ടും അഭിമാനമായി മാറിയിരിക്കുന്നു. ഷാർജയുടെ പൈതൃകവും പ്രകൃതിസൗന്ദര്യവും ഒത്തിണങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഇത്തവണ നാല് സുപ്രധാന പുരസ്കാരങ്ങളാണ് തേടിയെത്തിയിരിക്കുന്നത്.
മിഡിലീസ്റ്റിലെ ഏറ്റവും മികച്ച ദേശീയോദ്യാനത്തിനുള്ള പ്രഖ്യാപനത്തിൽ ഷാർജയിലെ മെലീഹ നാഷണൽ പാർക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സൗദി അറേബ്യ, ഒമാൻ, ഇറാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ ദേശീയോദ്യാനങ്ങളെ പിന്തള്ളിയാണ് യു.എ.ഇയിൽ നിന്നുള്ള ഏക പ്രതിനിധിയായ മെലീഹ ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഫായ പാലിയോലാൻഡ്സ്കേപ്പിന്റെ ഭാഗമായ മെലീഹയിൽ, 2,10,000 വർഷത്തിലേറെ പഴക്കമുള്ള മനുഷ്യചരിത്രത്തിന്റെ അടയാളങ്ങളും അപൂർവ്വ മരുഭൂമി കാഴ്ചകളും വാനനിരീക്ഷണ സൗകര്യങ്ങളും സംയോജിപ്പിച്ചിരിക്കുന്നു.
Also Read: ബഹ്റൈനിൽ വൻ ലഹരിവേട്ട..! സ്ത്രീയടക്കം 10 പ്രവാസികൾ പിടിയിൽ, 14 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
ഷാർജയുടെ ചരിത്രമുറങ്ങുന്ന ‘ഹാർട്ട് ഓഫ് ഷാർജ’യിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ചെഡി അൽ ബെയ്ത്ത് റിസോർട്ട് ഇത്തവണ രണ്ട് വലിയ പുരസ്കാരങ്ങളാണ് നേടിയത്. നൂറ്റാണ്ടിലധികം പഴക്കമുള്ള അഞ്ച് പൈതൃക വീടുകൾ പുനരുദ്ധരിച്ച് ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ഈ പഞ്ചനക്ഷത്ര കേന്ദ്രം ‘മിഡിലീസ്റ്റ് ലീഡിങ് ബുട്ടീക് റിസോർട്ട്’, ‘ഷാർജാസ് ലീഡിങ് റിസോർട്ട്’ എന്നീ അംഗീകാരങ്ങളാണ് നേടിയത്. ഷാർജയുടെ ചരിത്രവ്യക്തിത്വമായ ഇബ്രാഹിം ബിൻ മുഹമ്മദ് അൽ മിദ്ഫയുടെ വീടും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഇതേ റിസോർഡിലെ ചെഡി ഗ്രാൻഡ് സ്യൂട്ട് തുടർച്ചയായ ഏഴാം വർഷവും ‘ഷാർജാസ് ലീഡിങ് ഹോട്ടൽ സ്യൂട്ട്’ പദവി നിലനിർത്തി വലിയൊരു റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. നാടൻ തനിമയും പൈതൃകവും ഒട്ടും ചോരാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രങ്ങൾ ഒരുക്കുന്ന ഷുറൂഖിന്റെ പ്രവർത്തനങ്ങൾക്കുള്ള ആഗോള അംഗീകാരമാണ് ഈ പുരസ്കാരങ്ങളെന്ന് സി.ഇ.ഒ. അഹമ്മദ് ഒബൈദ് അൽ ഖസീർ വ്യക്തമാക്കി.






