ധോണി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ആര്‍ത്തിരമ്പി ചെപ്പോക്ക്; ചെവി പൊത്തി റസ്സല്‍

ധോണി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ആര്‍ത്തിരമ്പി ചെപ്പോക്ക്; ചെവി പൊത്തി റസ്സല്‍

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഓരോ മത്സരവും തെളിയിക്കുന്നത് ആരാധകര്‍ക്ക് ‘തല’ ധോണിയോടുള്ള സ്നേഹവും ആവേശവുമാണ്. ധോണി ബാറ്റിങ്ങിനിറങ്ങിയാല്‍ തന്നെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരിക്കുന്ന മഞ്ഞക്കുപ്പായക്കാരൊന്നാകെ ആര്‍ത്തിരമ്പും. അതിന് ചെന്നൈയുടെ ചെപ്പോക്കെന്നോ എവേ സ്റ്റേഡിയങ്ങളെന്നോ വ്യത്യാസവുമില്ല. മത്സരം തോല്‍ക്കുമ്പോഴും ധോണി ക്രീസിലുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഓരോ റണ്‍സും സ്റ്റേഡിയത്തിലെ ആരാധകര്‍ ആഘോഷിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

മത്സരത്തിന് പിന്നാലെ ധോണിക്കൊപ്പം നില്‍ക്കുന്ന ചിത്രം റസ്സല്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ‘ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സ്നേഹിക്കുന്നത് ഈ മനുഷ്യനെയാണെന്ന് ഞാന്‍ കരുതുന്നു’, എന്ന ക്യാപ്ഷനോടെയാണ് തനിക്കൊപ്പവും ഗൗതം ഗംഭീറിനൊപ്പവും ധോണി നില്‍ക്കുന്ന ചിത്രം റസ്സല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്തത്.ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 7 വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം. കൊല്‍ക്കത്തയെ 137 റണ്‍സുകളിലൊതുക്കിയ ചെന്നൈ 14 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദാണ് (67*) ചെന്നൈയെ മൂന്നാം വിജയത്തിലേക്ക് നയിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്വാദും അഞ്ചാമനായി ഇറങ്ങിയ മഹേന്ദ്ര സിങ് ധോണിയും ചേര്‍ന്നാണ് മത്സരം ഫിനിഷ് ചെയ്തത്. മൂന്ന് പന്ത് നേരിട്ട ധോണി ഒരു റണ്‍ മാത്രമെടുത്തു.

കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിലും ധോണി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ പതിവുപോലെ ചെപ്പോക്ക് ആര്‍ത്തിരമ്പി. ചെന്നൈയ്ക്ക് വിജയിക്കാന്‍ വെറും മൂന്ന് റണ്‍സ് മാത്രം ആവശ്യമുള്ളപ്പോഴാണ് മുന്‍ ക്യാപ്റ്റന്‍ ക്രീസിലെത്തുന്നത്. 17-ാം ഓവറില്‍ ശിവം ദുബെയുടെ വിക്കറ്റ് വീണപ്പോള്‍ തന്നെ ഗാലറി ധോണിക്ക് വേണ്ടി ആര്‍ത്തുവിളിച്ചിരുന്നു.പിന്നീട് ധോണി ക്രീസിലെത്തിയപ്പോഴും സ്റ്റേഡിയത്തില്‍ നിലക്കാത്ത ആരവമായിരുന്നു. ബൗണ്ടറി ലൈനില്‍ നില്‍ക്കുകയായിരുന്ന കൊല്‍ക്കത്ത താരം ആന്ദ്രേ റസ്സല്‍ ഈ ശബ്ദം കേട്ട് സഹിക്കാനാവാതെ ചെവിപൊത്തിപ്പിടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഡ്രെസിങ് റൂമില്‍ നിന്ന് ധോണി ഇറങ്ങിയതും ചെപ്പോക്കില്‍ 125 ഡെസിബെല്‍ വരെ ശബ്ദം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

Top