വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം; സുരക്ഷാ പഴുതുകൾ കണ്ടെത്തിയെന്ന് സെർട്ട്-ഇൻ

ഹാക്കർമാർക്ക് ഉപകരണങ്ങളിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും സുരക്ഷാ പരിരക്ഷകൾ മറികടക്കാനും ഈ സുരക്ഷാ പിഴവുകൾ വഴിയൊരുക്കും

വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം; സുരക്ഷാ പഴുതുകൾ കണ്ടെത്തിയെന്ന് സെർട്ട്-ഇൻ
വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം; സുരക്ഷാ പഴുതുകൾ കണ്ടെത്തിയെന്ന് സെർട്ട്-ഇൻ

രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് ഡിവൈസുകളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി. ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ഉപയോഗിക്കുന്നവരെല്ലാം ഈ ഭീഷണി നേരിടുന്നുണ്ട്.

പ്രത്യേകമായി തയ്യാറാക്കിയ അറ്റാച്ച്‌മെന്റുകൾ അയച്ചുകൊണ്ടാണ് ഹാക്കർമാർ ഈ പിഴവുകൾ മുതലെടുക്കുന്നത്. അറ്റാച്ച്‌മെന്റുകളുടെ ഫയൽ നാമങ്ങൾ കൈകാര്യം ചെയ്യുന്നതിലും സന്ദേശങ്ങൾ വാലിഡേറ്റ് ചെയ്യുന്നതിലും വാട്‌സ്ആപ്പിന്റെ ഭാഗത്തുണ്ടാകുന്ന വീഴ്ചയാണ് ഇതിന് കാരണം. ഇതിലൂടെ ഉപഭോക്താവ് തിരിച്ചറിയാത്ത രീതിയിൽ ആപ്പ് പ്രോസസുകളിലേക്ക് നുഴഞ്ഞുകയറാൻ ഹാക്കർമാർക്കാവും.

Also Read:രോഗങ്ങളില്ലാത്ത ലോകം ലക്ഷ്യം; എഐ ഗവേഷണത്തിനായി 500 മില്യൺ ഡോളർ നിക്ഷേപവുമായി സക്കർബർഗ്

ഹാക്കർമാർക്ക് ഉപകരണങ്ങളിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും സുരക്ഷാ പരിരക്ഷകൾ മറികടക്കാനും ഈ സുരക്ഷാ പിഴവുകൾ വഴിയൊരുക്കും. ഇതിലൂടെ സിസ്റ്റങ്ങൾ പൂർണ്ണമായും കൈക്കലാക്കാനും വ്യക്തിഗത വിവരങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കാനും ഇവർക്ക് സാധിക്കും. കൂടാതെ, മറ്റ് സ്രോതസ്സുകളിൽ നിന്ന് അപകടകരമായ ഫയലുകൾ വാട്‌സ്ആപ്പിലേക്ക് കടത്തിവിടാനും അക്രമകാരികൾക്ക് കഴിയും.

ഈ സൈബർ ഭീഷണി ഒഴിവാക്കാൻ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഉപയോക്താക്കൾ ഉറപ്പുവരുത്തണം. പുതിയ അപ്‌ഡേറ്റുകളിൽ ഇത്തരം സുരക്ഷാ പഴുതുകൾ അടയ്ക്കാനുള്ള ‘സെക്യൂരിറ്റി പാച്ചുകൾ’ വാട്‌സ്ആപ്പ് ഉൾപ്പെടുത്താറുണ്ട്. മുടങ്ങാതെ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നത് സൈബർ ആക്രമണ സാധ്യത കുറയ്ക്കുമെന്ന് സെർട്ട്-ഇൻ നിർദ്ദേശിച്ചു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top