ആരോഗ്യത്തിന് നല്ലതെന്ന് കരുതി കഴിക്കുന്നത് വില്ലനാകാം; സപ്ലിമെന്റുകൾ കഴിക്കും മുൻപ് ഈ തെറ്റ് ചെയ്യരുത്!

ഒരാളുടെ ആഹാരരീതി, ജീവിതശൈലി, പ്രായം, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചാണ് സപ്ലിമെന്റുകളുടെ ആവശ്യം വരുന്നത്

ആരോഗ്യത്തിന് നല്ലതെന്ന് കരുതി കഴിക്കുന്നത് വില്ലനാകാം; സപ്ലിമെന്റുകൾ കഴിക്കും മുൻപ് ഈ തെറ്റ് ചെയ്യരുത്!
ആരോഗ്യത്തിന് നല്ലതെന്ന് കരുതി കഴിക്കുന്നത് വില്ലനാകാം; സപ്ലിമെന്റുകൾ കഴിക്കും മുൻപ് ഈ തെറ്റ് ചെയ്യരുത്!

ആരോഗ്യ സംരക്ഷണത്തിനായി വൈറ്റമിനുകളും മിനറലുകളും അടങ്ങിയ ഡയറ്ററി സപ്ലിമെന്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇക്കാലത്ത് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. എന്നാൽ ശരീരത്തിന്റെ യഥാർത്ഥ ആവശ്യം മനസിലാക്കാതെ സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

സപ്ലിമെന്റ് ശരിക്കും ആവശ്യമാണോ എന്ന് തിരിച്ചറിയുക

സപ്ലിമെന്റുകൾ എന്നത് മുൻകരുതലെന്ന നിലയിൽ വെറുതെ കഴിക്കേണ്ട ഒന്നല്ല, മറിച്ച് ശരീരത്തിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഒരാളുടെ ആഹാരരീതി, ജീവിതശൈലി, പ്രായം, ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ചാണ് സപ്ലിമെന്റുകളുടെ ആവശ്യം വരുന്നത്. പ്രത്യേക ഭക്ഷണക്രമം പിന്തുടരുന്നവർക്കും പോഷകങ്ങൾ ആഗിരണം ചെയ്യാൻ പ്രയാസമുള്ളവർക്കും മാത്രമാണ് സാധാരണയായി ഇവ ആവശ്യമായി വരുന്നത്. വൈറ്റമിൻ ബി12, ഡി, അല്ലെങ്കിൽ ഇരുമ്പിന്റെ അളവ് കുറവാണോ എന്ന് അറിയാൻ ഡോക്ടറുടെ നിർദേശപ്രകാരം രക്തപരിശോധന നടത്താവുന്നതാണ്. സോഷ്യൽ മീഡിയയിലെ പരസ്യങ്ങളോ സുഹൃത്തുക്കളുടെ ഉപദേശമോ കേട്ട് സ്വയം സപ്ലിമെന്റുകൾ വാങ്ങി കഴിക്കുന്നത് ശരീരത്തിൽ പോഷകങ്ങൾ അമിതമാകാനും മറ്റ് രോഗനിർണയങ്ങൾ വൈകാനും ഇടയാക്കും.

Also Read:നിശബ്ദ കൊലയാളി! ഉപ്പും പുകവലിയും മാത്രമല്ല വില്ലൻ; വയറ്റിലെ ക്യാൻസർ നിങ്ങളെ നിശബ്ദമായി കീഴടക്കുന്നുണ്ടോ?

കൃത്യമായ ഡോസേജും സുരക്ഷിതത്വവും ഉറപ്പാക്കുക

ഏതൊരു സപ്ലിമെന്റും ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. വൈറ്റമിനുകളും മിനറലുകളും ശരീരത്തിന് അത്യാവശ്യമാണെങ്കിലും, അമിതമായ അളവിൽ ഉള്ളിലെത്തുന്നത് പാർശ്വഫലങ്ങൾക്ക് വഴിവെക്കും. പ്രത്യേകിച്ച് വൈറ്റമിൻ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകൾ ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്നത് വിഷാംശമായി മാറാൻ സാധ്യതയുണ്ട്.

ഘടകങ്ങളും മരുന്നുകളുമായുള്ള പ്രതിപ്രവർത്തനങ്ങളും പരിശോധിക്കുക

സപ്ലിമെന്റുകൾ വാങ്ങുന്നതിന് മുൻപ് ലേബൽ ശ്രദ്ധാപൂർവ്വം വായിച്ച് അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളും ദിവസേന കഴിക്കേണ്ട അളവും പരിശോധിക്കണം. പ്രകൃതിദത്തം എന്ന് എഴുതിയിരിക്കുന്നത് കൊണ്ട് മാത്രം അവ പൂർണമായും സുരക്ഷിതമാകണമെന്നില്ല. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം എന്നിവയ്ക്കോ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളോ കഴിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. ചില സപ്ലിമെന്റുകൾ ഈ മരുന്നുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ, നിലവിൽ കഴിക്കുന്ന എല്ലാ മരുന്നുകളെക്കുറിച്ചും ഡോക്ടറോട് സംസാരിക്കേണ്ടതാണ്.

(ശ്രദ്ധിക്കുക: ഈ വിവരങ്ങൾ അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല.)

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top