ആഗോള ഊർജ്ജ വിപണിയെ പിടിച്ചുകുലുക്കുന്ന നിർണ്ണായക മുന്നറിയിപ്പുമായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി രംഗത്ത്. ഇറാൻ-ഇസ്രയേൽ സംഘർഷം വഷളാവുകയും ഹോർമുസ് കടലിടുക്ക് പൂർണമായും അടയുകയും ചെയ്താൽ ലോകം നേരിടാൻ പോകുന്നത് സങ്കല്പങ്ങൾക്കും അപ്പുറമുള്ള പ്രതിസന്ധിയാണെന്ന് വ്യക്തമാക്കി മന്ത്രി.
പ്രമുഖ ന്യൂസ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം തുറന്നു പറഞ്ഞത്. “ഈ പ്രതിസന്ധി 2027 മാർച്ച് 31 വരെ നീണ്ടുനിൽക്കുകയാണെങ്കിൽ, അത് കേവലം ഒരു പ്രാദേശിക യുദ്ധമല്ല, ആഗോളതലത്തിൽ തന്നെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നയിക്കുക” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരമൊരു സാഹചര്യം ലോകത്തെ ഊർജ്ജ സമ്പദ്‌വ്യവസ്ഥയെ തന്നെ അട്ടിമറിക്കുമെന്നത് ഉറപ്പാണ്.
ALSO READ ; കാർയാത്രക്കാർ പേടിക്കണം..! പെട്രോളിന് തീ പിടിക്കാൻ സെക്കൻഡുകൾ മതി, സിഎൻജിക്കോ?
അതേസമയം, ഇന്ത്യയുടെ സുരക്ഷയെക്കുറിച്ച് അദ്ദേഹം ഉറപ്പ് നൽകി. സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചതിനാൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനില്ല. നിലവിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ, പ്രകൃതിവാതകം, എൽപിജി എന്നിവയുടെ കരുതൽ ശേഖരം ഇന്ത്യയുടെ പക്കലുണ്ട്. 30 ദിവസം വരെ ഹോർമുസ് അടച്ചിട്ടാലും പിടിച്ചുനിൽക്കാൻ പാകത്തിലുള്ള ആഭ്യന്തര സ്റ്റോക്ക് നമുക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 60-60-60 എന്ന ഈ കരുതൽ സംവിധാനം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയൊരു കവചമാണ്.






