വടകരയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം; എളമരം കരീം

വടകരയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം; എളമരം കരീം

കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് എളമരം കരീം. വര്‍ഗീയത പ്രചരിപ്പിക്കുന്നതല്ല രാഷ്ട്രീയമെന്നും എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതെന്ന് യുഡിഎഫ് പഠിക്കണമെന്നും എളമരം കരീം പറഞ്ഞു. മോദിയെ പുറത്താക്കുകയെന്ന ചുമതല കോണ്‍ഗ്രസ് വടകരയില്‍ നടപ്പാക്കിയില്ലെന്നും എളമരം കരീം ആരോപിച്ചു.

കേരളത്തില്‍ മുഴുവന്‍ പ്രചാരണം നടത്തിയ പിണറായി വിജയന്‍ ഒരിക്കല്‍ പോലും വിദ്വേഷ പ്രചരണം നടത്തിയില്ലെന്നും എളമരം കരീം ചൂണ്ടിക്കാണിച്ചു. നികൃഷ്ടമായ ഭാഷയില്‍ കെ കെ ശൈലജയെ കോണ്‍ഗ്രസ് അവഹേളിച്ചു. ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കിയില്ല. സമൂഹ മാധ്യമങ്ങളില്‍ അവഹേളിച്ചു. ഇതും പോരാതെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിച്ചുവെന്നും എളമരം കരീം കുറ്റപ്പെടുത്തി.

ആര്‍എസ്എസ് അജണ്ടയില്‍ ലീഗ് വീണു പോകരുത്. തീവ്രമായി മനുഷ്യനെ ഭിന്നിപ്പിച്ച് സംസാരിച്ചാല്‍ കൈ അടിക്കാന്‍ ചിലര്‍ കാണും. അവരെ ജനങ്ങള്‍ മൂലക്ക് ഇരുത്തിയിട്ടുണ്ടെന്ന് കെ എം ഷാജിയെ പരോക്ഷമായി വിമര്‍ശിച്ച് എളമരം കരീം വ്യക്തമാക്കി. ഇതേ സ്ഥിതി തന്നെ ആകും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക്. എല്ലാ ലീഗുകാരും അങ്ങനെയല്ലെന്ന് പറഞ്ഞ എളമരം കരീം ചില കോണ്‍ഗ്രസ് നേതാക്കളും ഇതിനെല്ലാം എതിരാണെന്നും ചൂണ്ടിക്കാണിച്ചു.

Top