മലപ്പുറം എന്താണെന്ന് വെള്ളാപ്പള്ളി നടേശന് അറിയണമെങ്കില്‍ ആ നാട്ടിലെ മനുഷ്യരുടെ മനസ്സാണ് അറിയേണ്ടത്. അത് മനസ്സിലാക്കിയിരുന്നു എങ്കില്‍ ക്രൂരന്‍മാരായ മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള വിഷം അദ്ദേഹത്തിന്റെ നാവില്‍ നിന്നും പുറത്ത് വരില്ലായിരുന്നു. മലപ്പുറം പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഒരു പ്രത്യേക രാജ്യമെന്ന രീതിയിലാണ് ഈ സ്ഥലം പരിഗണിക്കപ്പെടുന്നത് എന്നും എന്ത് അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി മൊഴിഞ്ഞത് എന്നതിന് എസ്.എന്‍.ഡി.പി യോഗ നേതൃത്വം മറുപടി പറയണം. അദ്ദേഹം പറയുന്നത് പോലെ സമുദായ അംഗങ്ങള്‍ സ്വതന്ത്രമായി വായു പോലും ശ്വസിക്കാന്‍ കഴിയാതെ ഭയന്നാണ് കഴിയുന്നതെങ്കില്‍, മലപ്പുറത്ത് വന്ന് ഇങ്ങനെ പ്രസംഗിച്ച് പോകാന്‍ വെള്ളാപ്പള്ളിക്ക് കഴിയുമായിരുന്നുവോ എന്നതും ഓര്‍ക്കുന്നത് നല്ലതാണ്.
Also Read: വെള്ളാപ്പള്ളിക്കെതിരെ മലപ്പുറത്തെ ഈഴവ ജനത പ്രതികരിക്കണമെന്ന് പി.ഡി.പി
മഞ്ചേരിയുള്ളത് കൊണ്ടാണ് സമുദായത്തിലുള്ള ചിലര്‍ക്കെങ്കിലും വിദ്യാഭ്യാസം നേടാനായത് എന്ന് അവകാശപ്പെടുന്ന വെള്ളാപ്പള്ളി, മലപ്പുറം ജില്ലയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കളുടെയും, ക്രൈസ്തവരുടെയും വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം എന്താണെന്നത് പഠിക്കുന്നത് നല്ലതാണ്. പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നതാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയിരിക്കുന്ന മറ്റൊരു ചോദ്യം. വെള്ളാപ്പള്ളിയുടെ തലയ്ക്ക് കാര്യമായ എന്തോ തകരാറ് സംഭവിച്ചിട്ടുണ്ടോ എന്നത് ചിലരെങ്കിലും സംശയിക്കുന്നതും ഇത്തരം വിഡ്ഢി ചോദ്യം ചോദിക്കുന്നത് കൊണ്ടാണ്. മുസ്ലീം ലീഗുകാര്‍ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നുവെന്നതടക്കം വലിയ രീതിയിലുള്ള വിവാദ പരാമര്‍ശമാണ് വെള്ളാപ്പള്ളി പ്രസംഗത്തിലുടനീളം നടത്തിയിരിക്കുന്നത്. ഇതും വസ്തുതയ്ക്ക് നിരയ്ക്കാത്തതാണ്.

രാഷ്ട്രീയമായി മുസ്ലീം ലീഗിനെ എതിര്‍ക്കുമ്പോഴും, ലീഗ് ഭരണത്തില്‍ ഉള്ളപ്പോള്‍ മലപ്പുറത്തെ ജനങ്ങളെ വേര്‍തിരിച്ച് കണ്ട് ആനുകൂല്യങ്ങള്‍ നല്‍കി എന്ന്, രാഷ്ട്രീയ എതിരാളികള്‍ പോലും വാദങ്ങള്‍ ഉന്നയിക്കുകയില്ല. ലീഗുകാര്‍ക്ക് യു.ഡി.എഫ് ഭരണത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടാകും. അത് പക്ഷേ, ജാതി – മത വേര്‍തിരിവിലല്ല എന്നത് വെള്ളാപ്പള്ളി മനസ്സിലാക്കണം. എല്ലാപാര്‍ട്ടിക്കാരും, അവര്‍ക്കിഷ്ടപ്പെട്ട അനുയായികള്‍ക്കും അവരെ പിന്തുണച്ച വിഭാഗങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കാറുണ്ട്. അതിനെ ആ അര്‍ത്ഥത്തില്‍ മാത്രമേ വീക്ഷിക്കാന്‍ കഴിയൂ. ഈ പറയുന്ന വെള്ളാപ്പള്ളി നടേശനും എസ്.എന്‍.ഡി.പി യോഗവും രണ്ട് മുന്നണികളുടെ ഭരണകാലത്തും ഒട്ടേറെ ആനുകൂല്യങ്ങള്‍ നേടിയിട്ടുണ്ട്. ആ ലിസ്റ്റ് പറയിപ്പിക്കാതിരിക്കുന്നതാണ് വെള്ളാപ്പള്ളിക്ക് നല്ലത്.
എസ്.എന്‍.ഡി.പി യോഗമെന്ന മഹത്തായ പാരമ്പര്യമുള്ള പ്രസ്ഥാനത്തിന്റെ തലപ്പത്ത് കടിച്ച് തൂങ്ങിയിരിക്കുന്ന വെള്ളാപ്പള്ളിമാര്‍, നിഷ്പക്ഷമായി ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍, ആ സ്ഥാനത്ത് ഉണ്ടാകുമോ എന്നതും തിരിച്ചറിയുന്നത് നല്ലതാണ്. കേരളത്തിലെ ഈഴവ വിഭാഗത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ വെള്ളാപ്പള്ളിമാരുടെ സംഘടന നേതൃത്വത്തിനില്ല. അവരിപ്പോഴും സി.പി.എമ്മിനോടും ഇടതുപക്ഷത്തോടുമാണ് അടിയുറച്ച് നില്‍ക്കുന്നത്. ഭരണം മാറുന്നതിന് അനുസരിച്ച് നിറം മാറുന്ന വെള്ളാപ്പള്ളിമാരുടെ അജണ്ട തിരിച്ചറിയാനുള്ള കരുത്തൊക്കെ ഇന്ന് രാഷ്ടീയ കേരളത്തിനുണ്ട്. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്.

മലപ്പുറത്തിന് എതിരെ ഉറഞ്ഞ് തുള്ളുന്ന വെള്ളാപ്പള്ളി നടേശന്‍, മലപ്പുറത്തിന്റെ മഹത്തായ ചരിത്രം ഇനിയെങ്കിലും മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. പേര്‍ച്ചുഗീസുകാരുടെ ആഗമനം മുതല്‍, 1921 വരെ നീണ്ടുനിന്ന ജന്മിത്വത്തിനും അവരെ പിന്തുണച്ച കൊളോണിയല്‍ ഭരണവാഴ്ചക്കുമെതിരെയുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും ചരിത്രത്തില്‍ ഇടം നേടിയത് ‘മലബാര്‍കലാപങ്ങള്‍’ എന്ന പേരിലാണ്. ബ്രിട്ടീഷുകാര്‍ അതിനെ അവമതിക്കാന്‍ ‘മാപ്പിളലഹള’എന്നു വിളിക്കുകയാണ് ഉണ്ടായത്. മലബാറിലെ പ്രമുഖ ജില്ലകളായിരുന്ന പാലക്കാടിന്റെയും കോഴിക്കോടിന്റെയും ഭാഗങ്ങള്‍ ചേര്‍ത്താണ് 1969 ജൂണ്‍ 16-ന്, മലപ്പുറം ജില്ല രൂപീകരിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലീം ലീഗും ഉള്‍പ്പെടുന്ന സപ്തകക്ഷി മുന്നണിയാണ് അന്ന് കേരളം ഭരിച്ചിരുന്നത്.
Also Read: ‘പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ് മലപ്പുറം, പിന്നോക്കവിഭാഗങ്ങള്‍ക്ക് ഒന്നുമില്ല’: വെള്ളാപ്പള്ളി
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിന്‍ബലത്തിലും, ഇ.എം.എസ്സിന്റെയും സി.എച്ച് മുഹമ്മദ് കോയയുടെയും ഉറച്ച നിലപാടിന്റെയും പശ്ചാത്തലത്തിലുമാണ് പുതിയ ജില്ല പിറന്നിരുന്നത്. സി.എച്ച് മുഹമ്മദ് കോയയും അഹമ്മദ് കുരിക്കളും ഇ.എം.എസ്സിന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായിരുന്നു. അക്കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ പദവി അലങ്കരിച്ചത് മട്ടാഞ്ചേരിയില്‍ നിന്ന് ജയിച്ച ലീഗ് അംഗം എം.പി ജാഫര്‍ഖാനായിരുന്നു. മലബാറിലെ പ്രമുഖ ജില്ലകളായിരുന്ന പാലക്കാടിന്റെയും കോഴിക്കോടിന്റെയും ഭാഗങ്ങള്‍ ചേര്‍ത്താണ് മലപ്പുറം ജില്ല രൂപീകൃതമായത്. 3638 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തൃതി. ഇതില്‍ 758.8684 ചതുരശ്ര കിലോമീറ്റര്‍ വനമാണ്. 2011-ലെ കാനേഷുമാരി കണക്കനുസരിച്ച് ജില്ലയിലെ ജനസംഖ്യ 41.13 ലക്ഷമാണ്. ഇതില്‍ 70.24 ശതമാനം മുസ്ലീങ്ങളും, 27.6 ശതമാനം ഹൈന്ദവരും രണ്ടുശതമാനത്തില്‍ താഴെ ക്രൈസ്തവരുമാണുള്ളത്.

ഭൂവിസ്തൃതിയുടെ കാര്യത്തില്‍ സംസ്ഥാനത്ത് മൂന്നാംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനവുമാണ്, മലപ്പുറത്തിന്റേത്. സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ മുസ്ലീം ലീഗിന് ഇന്ത്യയില്‍ ആദ്യമായി ഒരു സ്റ്റേറ്റില്‍ മാന്യമായ അംഗീകാരം ഒരു മുന്നണിയുടെ ഭാഗമായി ലഭിച്ചതും 1967-ലാണ്. രണ്ടു മന്ത്രിപദവികളും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ സപ്തകക്ഷി മുന്നണി ലീഗിന് നല്‍കിയിരുന്നത്. ഇതോടെയാണ് കോണ്‍ഗ്രസ്സിന്റെ ലീഗിനോടുള്ള സവര്‍ണ മനോഭാവം അലിഞ്ഞില്ലാതായിരുന്നത്. ബാഫക്കി തങ്ങളും, ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയുടെ രൂപീകരണത്തില്‍ സജീവ പങ്കാളികളായി മാറി. ഭൗതികവാദികളായ കമ്മ്യൂണിസ്റ്റുകാരുമായി വിശ്വാസികളായ മുസ്ലീങ്ങള്‍ സഹകരിക്കാന്‍ പാടില്ലെന്ന വാദം മുസ്ലീം സമുദായത്തില്‍ ശക്തമായി നിലനില്‍ക്കെയാണ് അതിനെ തൃണവല്‍ക്കരിച്ച് കമ്മ്യൂണിസ്റ്റ്-ലീഗ് സഖ്യം ഇരുനേതാക്കളും യാഥാര്‍ത്ഥ്യമാക്കിയിരുന്നത്.
കെ.ടി ജലീല്‍ ചൂണ്ടിക്കാണിച്ചതു പോലെ, ചില ചേരുവകള്‍ ചേരുമ്പോഴാണ്, അസാധ്യമെന്ന് കരുതുന്ന പലതും സാധ്യമാവുക. അത്തരമൊരു രാഷ്ട്രീയ ചേരുവയാണ് 1967-ല്‍ കൂടിച്ചേര്‍ന്നിരുന്നത്. അതിന്റെ പ്രതിഫലനമായിരുന്നു മലപ്പുറം ജില്ലയുടെ രൂപീകരണം. അതുപോലെ തന്നെ, കമ്മ്യൂണിസ്റ്റ്- ലീഗ് കൂട്ടുകെട്ടിന്റെ ഉപോല്‍പ്പന്നമായിരുന്നു കോഴിക്കോട് സര്‍വകലാശാല. സപ്തകക്ഷി സര്‍ക്കാരിന്റെ സംഭാവനയെന്ന നിലയിലാണ് നിരവധി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മലപ്പുറം ജില്ലയില്‍ 67-69 കാലങ്ങളില്‍ സ്ഥാപിതമായിരുന്നത്. 1921-ലെ മലബാര്‍ കലാപത്തെ വര്‍ഗ്ഗീയലഹളയായി മുദ്രകുത്തിയ കോണ്‍ഗ്രസ്, ജനസംഘത്തോടൊപ്പം ചേര്‍ന്ന് മലപ്പുറം ജില്ലയുടെ രൂപീകരണത്തെയും ശക്തിയുക്തം എതിര്‍ത്തതും, ചരിത്ര വസ്തുതയാണ്.

കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദും എം.പി ഗംഗാധരനും വഴിക്കടവില്‍ നിന്നും പൊന്നാനിയില്‍ നിന്നും ജില്ലാ രൂപീകരണത്തിനെതിരെ രണ്ടു ജാഥകള്‍ക്കാണ് നേതൃത്വം നല്‍കിയിരുന്നത്. അവര്‍ മലപ്പുറം ജില്ലാ രൂപീകരണത്തെ ”കുട്ടിപ്പാക്കിസ്ഥാന്‍’ സൃഷ്ടിക്കപ്പെടുന്നു എന്ന മട്ടിലാണ് പ്രചരിപ്പിച്ചിരുന്നത്. കേരളഗാന്ധി കെ കേളപ്പനും ജില്ലക്കെതിരായ നീക്കത്തിന് ചൂട്ടുപിടിച്ചു. ജനസംഘം കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി കൊണ്ട് അവര്‍, കോഴിക്കോട്ടങ്ങാടിയില്‍ പ്രകടനങ്ങളും സമരപരിപാടികളും ആസൂത്രണം ചെയ്തു. മലബാറില്‍ നിലനിന്നിരുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കലായിരുന്നു ഇവരുടെയെല്ലാം ആത്യന്തിക ലക്ഷ്യം. അതിലവര്‍ക്ക് പക്ഷെ വിജയിക്കാനായില്ലെന്നതും, കേരളം എന്നും ഓര്‍ക്കുന്ന ചരിത്രമാണ്. മലപ്പുറം ജില്ലയുടെ രൂപീകരണവും കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സംസ്ഥാപനവും തുടങ്ങി മലപ്പുറത്തുകാരുടെ തലവര മാറ്റിയെഴുതിയ കഥ വിഷം തുപ്പുന്ന വെള്ളാപ്പള്ളിമാര്‍ അറിയണം.
വൈജ്ഞാനിക രംഗത്തും വലിയ രൂപത്തിലാണ് മലപ്പുറം മുന്നേറിയത്. മലപ്പുറത്തെ മഹാഭൂരിപക്ഷം മുസ്ലീങ്ങളും കുടിയാന്‍മാരോ കുടികിടപ്പുകാരോ കര്‍ഷക തൊഴിലാളികളോ ആയിരുന്നു. പരമ്പരാഗതമായി ഭൂസ്വത്തിന്റെ അവകാശികളായ മുസ്ലീം പ്രമാണിമാരും വലിയ തറവാട്ടുകാരും ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കാളികളായവരല്ല. സമരക്കാരായ മാപ്പിള പോരാളികളെ അധികാരികള്‍ക്ക് ഒറ്റുകൊടുത്തതിന് ഉപകാരസ്മരണയായി അധികാരികള്‍ സമ്മാനിച്ചതാണ് കണ്ണെത്താദൂരത്തോളമുള്ള അവരുടെ ഭൂസ്വത്ത്. അല്ലാതെ അവരാരും അധ്വാനിച്ചുണ്ടാക്കിയതോ പണം കൊടുത്ത് സ്വന്തമാക്കിയതോ ആയിരുന്നില്ല.
പരമ്പരാഗത സമ്പന്ന മുസ്ലീം തറവാട്ടുകാരും സവര്‍ണ്ണ ഹിന്ദുക്കളും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ത്തവരാണ്. സമരക്കാരെ ബ്രിട്ടീഷ് പട്ടാളത്തിന് ചൂണ്ടിക്കാണിച്ച് കൊടുത്ത് സ്ഥാനമാനങ്ങള്‍ നേടിയവരാണ് ഇവരില്‍ നല്ലൊരു വിഭാഗം എന്നതും, ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.

കുടിയിറക്കല്‍ നിരോധന നിയമം ആദ്യത്തെ ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്നതോടെയാണ്, എത്രയോ പതിറ്റാണ്ടുകളായി കൂരകെട്ടിത്താമസിച്ചിരുന്ന മണ്ണില്‍ നിന്നും, പതിനായിരക്കണക്കിന് സാധാരണക്കാരായ മനുഷ്യര്‍ വഴിയാധാരമാക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമം, ഏറനാട് വള്ളുവനാട് താലൂക്കുകളിലെ അഥവാ ഇന്നത്തെ മലപ്പുറം ജില്ലയിലെ മുസ്ലീം – ഹിന്ദു കര്‍ഷകരെ ഉള്‍പ്പെടെ ജീവിതത്തിലാദ്യമായി ഭൂമിയുടെ അവകാശികളാക്കി മാറ്റുകയാണ് ഉണ്ടായത്. ആ ഉടമസ്ഥബോധത്തിന്റെ കരുത്തിലാണ് മലപ്പുറത്തെ പുതിയ തലമുറ സ്വാതന്ത്ര്യ ബോധമുള്ളവരായി വളര്‍ന്നിരുന്നത്. കേരളത്തിലെ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും, ഈഴവാദി പിന്നോക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഉറപ്പാക്കുന്നതിന് പ്രഥമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍കൈയ്യെടുത്ത് പാസ്സാക്കിയ കേരള സ്റ്റേറ്റ് സര്‍വീസ് ആന്റ് സബോര്‍ഡിനേറ്റ് നിയമം, മലപ്പുറം ജില്ലയിലെ സാധാരണക്കാരായ ഹിന്ദു പിന്നോക്ക വിഭാഗങ്ങള്‍ക്കും മുസ്ലീം ജനവിഭാഗത്തിനും മുന്നോട്ട് കുതിക്കാന്‍ വലിയതോതിലാണ് ഊര്‍ജ്ജം നല്‍കിയിരുന്നത്.
മുസ്ലീം ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ജില്ലാ കളക്ടറുടെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങണമെന്ന കരിനിയമവും, മാപ്പിളമാര്‍ നടത്തിയ കാര്‍ഷിക കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉദ്ദേശിച്ച് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന മാപ്പിള ഔട്ട്‌റേജസ് ആക്റ്റും, കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വലിച്ചുകീറി ചവറ്റുകൊട്ടയിലെറിഞ്ഞത് മലപ്പുറത്തിന്റെ മണ്ണില്‍ ചെങ്കൊടിക്ക് സ്വാധീനം ഉറപ്പിക്കാന്‍ വഴി ഒരുക്കുന്നതായിരുന്നു. മനുഷ്യരെ മതത്തിന്റെയും ജാതിയുടെയും കണ്ണിലൂടെ കാണുന്ന വെള്ളാപ്പള്ളിമാര്‍ക്ക് ഇതൊന്നും മനസ്സിലാകുകയില്ല. സംഘപരിവാറിന്റെ കേരള അജണ്ട നടപ്പാക്കാന്‍, അവര്‍ ഇതും ഇതിലപ്പുറവും ഇനിയും പറയും. അതാകട്ടെ, വ്യക്തവുമാണ്.
Express View
വീഡിയോ കാണാം……