ഒരു ജനാധിപത്യ രാജ്യത്ത് പട്ടാള നിയമം കൊണ്ട് വന്ന് തകർക്കാൻ ശ്രമിച്ച ഒരു ഭരണാധികാരിയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ശനിയാഴ്ച ദക്ഷിണ കൊറിയയിൽ നടന്ന ഇംപീച്ച്മെൻ്റ് നടപടികൾ. സ്വന്തം പാർട്ടിയിലെ തന്നെ 12 പേരാണ് പ്രസിഡന്റ് യൂൻ സുക് യോലിനെതിരെ വോട്ട് ചെയ്തത്. തന്റെ ആ ഒറ്റ തീരുമാനത്തിലൂടെ വർഷങ്ങളുടെ പ്രയത്നത്തിലൂടെ ലഭിച്ച നേട്ടങ്ങളാണ് വെണ്ണീറായത്.
ഇംപീച്ച് ചെയ്യപ്പെട്ടു എങ്കിലും ഔദ്യോഗികമായി പദവി നഷ്ടപ്പെട്ടോ എന്ന് ഉറപ്പിക്കാൻ യൂനിന് ഇനി ആറുമാസം കൂടി കാത്തിരിക്കേണ്ടി വരും. പൂർണമായും അധികാര പദവി നഷ്ടപ്പെടാത്തത് കൊണ്ട്തന്നെ കലാപം ഉണ്ടാക്കൽ, രാജ്യദ്രോഹം ഒഴികെയുള്ള കേസുകളിൽ യൂനിന് നിയമ സംരക്ഷണം ലഭിക്കും. എന്നാൽ അന്വേഷണങ്ങൾ നേരിടുക എന്നത് അദ്ദേഹത്തിന് അത്ര എളുപ്പമായിരിക്കില്ല. രാജ്യത്ത് പട്ടാള നിയമം കൊണ്ട് വന്നതിനെതിരെ പൊലീസ്, പാർലമെന്റ്, പ്രോസിക്യൂട്ടർമാർ എന്നിവരിൽ നിന്നാണ് അന്വേഷണം നേരിടുന്നത്. പക്ഷേ നേരിടാൻ ഇതു വരെ അദ്ദേഹം തയാറായിട്ടില്ല. അന്വേഷണ ഏജൻസികൾ പല തവണ ആവശ്യപ്പെട്ടിട്ടും മുഖം തിരിക്കുന്ന ഈ നിലപാടിൽ എത്ര നാൾ തുടരാൻ കഴിയുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി രാജ്യം വിട്ട് പോകുന്നതിന് വിലക്ക് നേരിടുകയാണ് അദ്ദേഹം. ആജീവനാന്ത തടവ് മുതൽ വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതര കുറ്റ കൃത്യത്തിനാണ് ഈ ഭരണാധികാരി വിചാരണ നേരിടുന്നത്.

സിയോളിലെ ഈ രാഷ്ട്രീയ കോളിളക്കം അമേരിക്ക-ജപ്പാൻ- ദക്ഷിണ കൊറിയൻ ബന്ധത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കും എന്നതിൽ സംശയമില്ല. ടോക്കിയോയുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും ഇരു രാജ്യങ്ങളെയും കോർത്തിണക്കി ഒരു ട്രൈ ലാറ്ററൽ ബന്ധം നില നിർത്താനും യൂനിന്റെ നേതൃത്വം സഹായിച്ചിരുന്നു. സിയോൾ ഉത്തര പസിഫിക്കിൽ സ്ഥിര സാന്നിധ്യമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജ്യങ്ങൾ നിലവിലെ സംഭവ വികാസങ്ങളിൽ ആശങ്കയിലാണ്.
Also Read:പുടിന്‍ ‘മിടുക്കന്‍’; സെലന്‍സ്‌കിയെ സമ്മര്‍ദ്ദത്തിലാക്കി ട്രംപ്
അഭിഭാഷകനിൽ നിന്നും പ്രസിഡന്റ് പദവിയിലേക്ക്
കടുത്ത യാഥാസ്ഥിതികനും ഏറെക്കാലം അഭിഭാഷകനുമായിരുന്നു യൂൻ. രാഷ്ട്രീയത്തിൽ വേണ്ടത്ര അനുഭവ സമ്പത്ത് ഇല്ലാത്ത ഇദ്ദേഹം 2022 ൽ ആണ് അഞ്ച് വർഷത്തെ ലിബറൽ ഭരണത്തിന് തിരശ്ശീല ഇട്ട് കൊണ്ട് അധികാരത്തിലെത്തുന്നത്. പ്രസിഡൻഷ്യൽ പദവിയിലേക്ക് മത്സരിക്കുന്നതിന് ഒരു വർഷം മുൻപ് മാത്രമാണ് രാഷ്ട്രീയ പദവിയിലെത്തുന്നത്. അന്നത്തെ ഉത്തര കൊറിയൻ ആണവ പ്രതിസന്ധിയും ശിഥിലമായ സാമ്പത്തിക വ്യവസ്ഥയും അധികാരം നേടുന്നതിന് അനുകൂല സാഹചര്യമൊരുക്കി. രണ്ടര വർഷം പ്രസിഡന്റ് പദവി വഹിച്ച അദ്ദേഹം രാഷ്ട്രീയത്തിനപ്പുറം നിയമവുമായാണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്.
പദവിയിലുള്ള സമയത്ത് ഉത്തരകൊറിയയിൽ നിന്നുള്ള നിരന്തര ഭീഷണിയും, പ്രതി പക്ഷ നിയന്ത്രിത പാർലമെന്റുമായുള്ള തർക്കങ്ങളും ഒക്കെ വെല്ലു വിളിയായിരുന്നു. അതിനൊപ്പം യൂനും ഭാര്യയും ഉൾപ്പെടുന്ന അഴിമതി ആരോപണവും ഉയർന്ന് വന്നിരുന്നു. ഇത്തരം വിമർശനങ്ങളെ വ്യക്തിപരമായി എടുത്ത് പരിഹാരത്തിനായി വിശ്വസ്തരുടെ ഉപദേശങ്ങൾ തേടാനും അദ്ദേഹം മടിച്ചിരുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

ഒരു ഉയർന്ന നേതൃ സ്ഥാനം വഹിക്കാനുള്ള കഴിവില്ല എന്ന വിമർശനവും യൂൻ നേരിട്ടിരുന്നു. പ്രസിഡന്റെന്ന നിലയിൽ യൂൻ ഒട്ടും തയാറെടുപ്പുകൾ നടത്തിയിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം വേണ്ടപ്പെട്ട ചിലരോട് മാത്രം സംസാരിച്ച് നടപ്പാക്കുകയാണ് ചെയ്യുന്നതെന്നും ഒരിക്കൽ സിയോൾ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രസിഡൻഷ്യൽ ലീഡർഷിപ്പ് പ്രസിഡന്റ് വിമർശിച്ചിരുന്നു.
സമാധാനപരമായിരുന്നില്ല യൂനിന്റെ പ്രസിഡൻഷ്യൽ ഭരണം. അമർഷവും വിദ്വേഷവും പരസ്യമായി പ്രകടിപ്പിക്കുന്നതിൽ ഒരു മടിയും കാണിച്ചിരുന്നില്ല. നോർത്ത് കൊറിയയുടെ പിന്തുണയോടെ നടക്കുന്ന ദേശ വിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാക്കുക എന്നതായിരുന്നു പട്ടാളം ഭരണം കൊണ്ടു വരുന്നതിന് പിന്നിൽ യൂൻ നിരത്തിയ ന്യായീകരണം.
Also Read:പുടിന്‍ ‘മിടുക്കന്‍’; സെലന്‍സ്‌കിയെ സമ്മര്‍ദ്ദത്തിലാക്കി ട്രംപ്
അടുത്തതാര് ?
നിരീക്ഷണങ്ങൾ പ്രകാരം പ്രതിപക്ഷ ജനാധിപത്യ പാർട്ടി നേതാവായ ലീ ജീ-മ്യുങിനാണ് പ്രസിഡന്റ് പദവിയിലേക്ക് കൂടുതൽ സാധ്യത. പട്ടാള ഭരണം പ്രഖ്യാപിക്കുന്ന സമയത്തും ഇംപീച്മെന്റ് നടപടികളുടെ സമയത്തും ശക്തമായ പ്രവർത്തനമാണ് ഇദ്ദേഹം കാഴ്ച വച്ചത്. 2022 ലെ തിരഞ്ഞടുപ്പിൽ വെറും 0.7 ശതമാനം വോട്ടിനാണ് യൂനിനോട് ലീ പരാജയപ്പെട്ടത്. യൂനിന്റെ കൺസർവേറ്റീവ് പീപ്പിൾസ് പവർ പാർട്ടിയിൽ നിന്നും നേതാവായ ഹാങ് ഡോങ് ഹൂനിനും സിയോൾ മേയർ ഓഹ് സേ ഹൂനിനും സാധ്യത കാണുന്നുണ്ട്.

അധികാര പദവിയിലിരിക്കെ വിചാരണ നേരിടുകയും പദവി നഷ്ടപ്പെടുകയും ചെയ്യുന്ന ആദ്യ സംഭവമല്ല ഇത്. 1987 ൽ ജനാധിപത്യ സംവിധാനത്തിലേക്ക് മാറിയത് മുതൽ അഴിമതിയിലും നിയമ വിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരെ പാർട്ടി തന്നെ വിചാരണ ചെയ്യുന്ന സവിശേഷ സംവിധാനമാണ് ഇവിടെ ഉണ്ടായിരുന്നത്. അധികാരികളെ ഉത്തരവാദിത്വമുള്ളവരാക്കാൻ കൊണ്ടു വന്ന ഈ സംവിധാനം പിന്നീട് ലക്ഷ്യം മാറി പ്രതികാരം നടപ്പാക്കാനുള്ള മാർഗമായി പാർട്ടികൾ ഉപയോഗിക്കുന്ന സംഭവ വികാസങ്ങൾക്കും കൊറിയ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

Also Read:ഇസ്രയേലിനും അമേരിക്കയ്ക്കും തലവേദനയായി സിറിയയിലേയ്ക്ക് റഷ്യയുടെ രംഗപ്രവേശം!!!
ഇത്തരത്തിൽ അധികാരം നഷ്ടപ്പെട്ട ചില നേതാക്കൻമാരിലൊരാളാണ് ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റായ റോ മൂ ഹ്യുൻ. അധികാരത്തിലെത്തി കഷ്ടിച്ച് ഒരു വർഷം ആകുമ്പോഴാണ് ഇംപീച്ച് ചെയ്യപ്പെടുന്നത്. പിന്നീട് ഭരണഘടനാ കോടതി അധികാരം പുന സ്ഥാപിച്ചുവെങ്കിലും അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.
2017ൽ മുൻ പ്രസിഡന്റ് ലീ മ്യുങ് ബാകിന് അഴിമതി ആരോപിച്ച് 17 വർഷം തടവ് ശിക്ഷ വിധിച്ചു. എന്നാൽ 2022 ൽ കോടതി മാപ്പ് നൽകുകയും ചെയ്തു. ലീയുടെ പിൻഗാമിയായ പാർക്ക് ഗ്യൂൻ ഹൈയും 2016 ൽ ഇംപീച്ച് ചെയ്യപ്പെടുകയും 24 വർഷത്തെ തടവിന് വിധിക്കപ്പെടുകയും ചെയ്തു. എന്നാൽ 2021 ൽ അവരെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്.

Also Read:ഇന്ത്യ- റഷ്യ ‘ഡീലിൽ’ പതറി അമേരിക്കൻ ചേരി, ഇനി നടക്കാൻ പോകുന്നത് വ്യാപാര രംഗത്തെ വൻ ഇടപാട്
2024 ൽ മുൻ പ്രസിഡന്റ് മൂൺ ജെ ഇന്നും അഴിമതി ആരോപണത്തിൽ അന്വേഷണം നേരിട്ടിരുന്നു. ഇതൊരു രാഷ്ട്രീയ പക പോക്കലാണെന്ന ആക്ഷേപവും ഉയർന്ന് വന്നിരുന്നു. ഈ ചരിത്രത്തിലേക്കാണ് അപ്രതീക്ഷിത നീക്കത്തിലൂടെ യൂനും നടന്നു കയറിയിരിക്കുന്നത്. എത്ര കാലം ഈ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാകുമെന്നാണ് ഇനി അറിയേണ്ടത്.