പാലത്തായി കേസിലെ പ്രതിയും ബിജെപി നേതാവുമായ പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ച കോടതി വിധി ലക്ഷക്കണക്കിന് മനുഷ്യരുടെ മനസാക്ഷിയെ ആണ് മരവിപ്പിച്ചിരിക്കുന്നത്. പത്മരാജന് ജാമ്യം ലഭിച്ച ഈ വാർത്ത പുറത്ത് വന്ന അതേ സമയം തന്നെയാണ് സുപ്രീം കോടതിയിൽ നിന്നും ശ്രദ്ധേയമായ ഒരു പ്രസ്താവനയും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ‘ജഡ്ജിമാർ ദൈവങ്ങളല്ലെന്നും’ അവർ എടുക്കുന്ന എല്ലാ വിധികളും പൂർണമായും ശരിയാകണമെന്നില്ലെന്നും’ അഭിപ്രായപ്പെട്ടിരിക്കുന്നത് ജസ്റ്റിസ് സഞ്ജയ് കരോൾ ആണ്.
സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്ന അവസരത്തിൽ തന്റെ യാത്രയയപ്പ് പ്രസംഗത്തിലാണ് ശ്രദ്ധേയമായ ഇത്തരം ഒരു പരാമർശം അദ്ദേഹം നടത്തിയിരിക്കുന്നത്. പാലത്തായി കേസിലെ ഹൈക്കോടതിയുടെ നിലപാടിൻ്റെ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവനയും വിലയിരുത്തപ്പെടേണ്ടത്. ഒരു ജഡ്ജിക്ക് കേവലം നിയമജ്ഞത മാത്രമല്ല സമൂഹത്തോടും മനുഷ്യരോടും അല്പം വിനയവും യഥാർത്ഥ മനുഷ്യനെ തിരിച്ചറിയാനുള്ള കഴിവും കൂടിയുണ്ടായിരിക്കണമെന്നു കൂടി ജസ്റ്റിസ് സഞ്ജയ് കരോൾ ഓർമ്മിപ്പിച്ചിട്ടുണ്ട്.
പാലത്തായി പീഡനക്കേസിൽ പ്രതിയായ സ്കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈകോടതി വിധിയിൽ ഇതിനകം തന്നെ വലിയ രൂപത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. ആദ്യമായി ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നത് സി.പി.എമ്മാണ്. യു ഡി എഫ് സർക്കാരിൻ്റെയും പ്രോസിക്യൂഷൻ്റെയും ഒത്തു കളിയിലൂടെയാണ് ജാമ്യം നേടിയത് എന്നാണ് സിപിഎം കണ്ണൂർ ജില്ലാ സെകട്ടറി തുറന്നടിച്ചിരിക്കുന്നത്.

‘രണ്ട് വർഷത്തിലധികം നീണ്ട വിചാരണക്കൊടുവിലാണ് പ്രതി കുറ്റക്കാരനെന്ന് തലശ്ശേരി കോടതി വിധിച്ചത്. കേരളത്തിന് തന്നെ പ്രതീക്ഷ പകർന്ന വിധിയായിരുന്നു അത്. പീഡിപ്പിച്ച ഡേറ്റും സമയവുമൊക്കെ ആ കുഞ്ഞ് ഓർത്തു വെക്കണമെന്ന് പറയുന്നത് തന്നെ എത്ര ബാലിശമാണ് എന്ന ചോദ്യവും സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്നുണ്ട്.
രക്ഷിതാവിനെ പോലെ സംരക്ഷിക്കാൻ ബാധ്യതയുള്ള സ്വന്തം അധ്യാപകന്റെ ലൈംഗിക വൈകൃതങ്ങൾക്കിരയാക്കപ്പെട്ട് പകച്ച് പോയ ഒരു നാലാം ക്ലാസുകാരിയുടെ മൊഴികളിൽ എത്ര കൃത്യതവേണം എന്നതാണ് മറ്റൊരു ചോദ്യം ?
ഈ കേസ് അന്ന് ക്രൈംബ്രാഞ്ച് ഐജി ആയിരുന്ന എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷിച്ചപ്പോൾ പ്രതിക്ക് അനുകൂലമായ നിലപാടാണ് ശ്രീജിത്ത് സ്വീകരിച്ചിരുന്നത്. ഇത് ഒരു വോയ്സ് ക്ലിപ്പായി പുറത്ത് വരികയും ചെയ്തിരുന്നു. തുടർന്ന് പ്രതിഷേധം ശക്തമായപ്പോഴാണ് സർക്കാർ ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയിരുന്നത്. ഇപ്പോൾ ഇതേ ശ്രീജിത്തിന് ഡിജിപിയായി യുഡിഎഫ് സർക്കാർ ഉദ്യോഗ കയറ്റം നൽകി ജയിൽ മേധാവി ആയി പ്രതിഷ്ടിച്ചപ്പോൾ, പാലത്തായി കേസിലെ പ്രതിയ്ക്കും ജയിലിൽ നിന്നും മോചനവും ലഭിച്ചിരിക്കുകയാണ്.
പ്രതിക്ക് ജാമ്യം അനുവദിച്ച കോടതിക്ക് മുകളിൽ വേറെയും കോടതികൾ ഉള്ളതു കൊണ്ട് ആത്യന്തികമായി ആ പെൺകുട്ടിക്ക് നീതി ലഭിക്കുമെന്ന് തന്നെ നമുക്ക് കരുതാം.
EXPRESS VIEW






