കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ ഹൈക്കോടതിക്കെതിരെ പരാമർശങ്ങൾ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ഭാഷയിൽ രൂക്ഷവിമർശനം ഉയർത്തി ഹൈക്കോടതി സിംഗിൾ ബെഞ്ച്. നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണമാണ് ഇതെന്നും, അനാവശ്യവും അപകടകരവുമായ ഇത്തരം ഉത്തരവുകൾ എങ്ങനെയാണ് ഒരു ഉദ്യോഗസ്ഥന് ഇറക്കാൻ കഴിയുകയെന്നും കോടതി ചോദിച്ചു. ഉത്തരവിന്റെ ആദ്യ രൂപം തയ്യാറാക്കിയത് കേസിലെ പ്രതിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി പരിഹസിച്ചു.
സർക്കാരിനെയല്ല, മറിച്ച് ഉദ്യോഗസ്ഥരുടെ തന്നിഷ്ടത്തെയാണ് തങ്ങൾ വിമർശിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, “എന്ത് അസംബന്ധമാണ് നിങ്ങൾ ഈ കാണിച്ചുകൂട്ടുന്നത് എന്ന് ചോദിച്ചു. ഈ ഗുരുതരമായ വീഴ്ചയുടെ പശ്ചാത്തലത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ബിജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു. വരുന്ന വെള്ളിയാഴ്ച അദ്ദേഹം കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.





