To live in hearts we leave behind is not to die...
ഞാനും നിങ്ങളും നമ്മളെല്ലാവരും സുഹൃത്തുക്കളാണെന്ന് കരുതുക, നമ്മളിങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും വിചാരിക്കുക, അങ്ങനെ മുന്നിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന ഒരാൾ പെട്ടെന്ന് മരിച്ചുപോയെന്ന് ഒരു നിമിഷം ഒന്ന് ചിന്തിക്കണം. അല്പം കഠിനമാണെല്ലേ.. കാര്യമുണ്ട് !
മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ആ വ്യക്തിയും, മരണശേഷം നമ്മുടെ മുന്നിലുള്ള ശരീരവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഒറ്റവാക്കിൽ പറഞ്ഞാൽ അത് ‘ജീവൻ’ ആണ്. മനുഷ്യൻ ഉണ്ടായ കാലം മുതൽ അവശേഷിക്കുന്ന ഈ പ്രഹേളികയ്ക്ക് ചിലർ ‘ആത്മാവ്’ എന്നും മറ്റു ചിലർ ‘ചൈതന്യ ശക്തി’ (വൈറ്റൽ ഫോഴ്‌സ്) എന്നും പേരിട്ടു. ഈ അദൃശ്യ ശക്തിയുടെ ഉത്തരം കണ്ടെത്താൻ കഴിഞ്ഞ 300 വർഷമായി ശാസ്ത്രലോകം നടത്തിയ ശ്രമങ്ങളുടെയും ഗവേഷകർ തമ്മിലുള്ള വലിയ ആശയ പോരാട്ടങ്ങളുടെയും അവിശ്വസനീയമായ കഥയാണിത്. ഗ്രേം കെ. ഹണ്ടറിൻ്റെ ‘വൈറ്റൽ ഫോഴ്സ്: ദി ഡിസ്‌കവറി ഓഫ് മോളിക്യുലാർ ബേസിസ് ഓഫ് ലൈഫ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങൾ.
അരിസ്റ്റോട്ടിൽ മുതൽ ഡെസ്കാർട്ടസ് വരെ: ആത്മാവിൻ്റെ നിർവചനങ്ങൾ
പ്രാചീന മനുഷ്യർ ജീവനെ കണ്ടത് കാണാൻ സാധിക്കാത്ത, തൊട്ടുനോക്കാൻ സാധിക്കാത്ത അദൃശ്യമായ ഒന്നായാണ്. ഗ്രീക്കുകാർ ഇതിനെ പ്യൂമ (ശ്വാസം) എന്നും ഇന്ത്യക്കാർ പ്രാണൻ എന്നും വിളിച്ചു.
ഏകദേശം 2300 വർഷങ്ങൾക്ക് മുൻപ് അരിസ്റ്റോട്ടിൽ ഈ ചോദ്യത്തിന് ഉത്തരമായി ‘സൗൾ’ (ആത്മാവ്) എന്ന ആശയം മുന്നോട്ട് വെച്ചു. ഈ ആത്മാവ് ശരീരവുമായി ചേർന്ന് പ്രവർത്തിക്കാനാണ് കഴിയുന്നത്. വളരാൻ സഹായിക്കുന്ന സസ്യങ്ങളുടെ ആത്മാവിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യർക്ക് ചിന്തിക്കാനും ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനും സാധിക്കുന്ന ‘റാഷണൽ സൗൾ’ ആണുള്ളതെന്നും അദ്ദേഹം വാദിച്ചു.
17-ാം നൂറ്റാണ്ടിൽ റനേ ഡെസ്കാർട്ടസ് എത്തി. അദ്ദേഹം ആത്മാവിനെയും ശരീരത്തെയും വേർതിരിക്കാൻ സാധിക്കുന്ന വ്യത്യസ്ത എന്റിറ്റികളായി കണ്ടു. അദ്ദേഹത്തിൻ്റെ സമകാലികനായിരുന്ന വില്യം ഹാർവി, ഹൃദയം ആത്മാവിൻ്റെ ഇരിപ്പിടമല്ല, മറിച്ച് ഒരു മെക്കാനിക്കൽ പമ്പാണ് എന്നും, മനുഷ്യശരീരം അനേകം മെഷീനുകളുടെ കൂട്ടായ്മയാണെന്നും വാദിച്ചു.
മെഷീനുകൾക്ക് സ്വയം സുഖം പ്രാപിക്കാനോ വളരാനോ കഴിയില്ല എന്ന ചോദ്യമുയർന്നപ്പോൾ, ജീവന് കാരണമായ ആ അദൃശ്യമായ ശക്തിയെ അവർ ‘വൈറ്റൽ ഫോഴ്‌സ്’ അഥവാ ചൈതന്യ ശക്തി എന്ന് വിളിക്കാൻ തുടങ്ങി.
വൈറ്റലിസവും മെക്കാനിസവും തമ്മിലുള്ള ഈ യുദ്ധത്തിൽ ആദ്യ വിജയം മെക്കാനിസ്റ്റുകൾക്ക് നേടിക്കൊടുത്തത് കെമിസ്ട്രിയായിരുന്നു.
കെമിസ്ട്രിയുടെ പിതാവായ അന്റോയിൻ ലവോയിസർ, ‘പ്രാണവായു’ എന്നത് ഓക്സിജൻ എന്ന ഭൗതിക വസ്തുവാണെന്ന് തെളിയിച്ചു. സ്വീഡിഷ് ഗവേഷകനായ ജോൺസ് ജേക്കബ് ബെഴ്സേലിയസ്, കെമിസ്ട്രിയെ ഓർഗാനിക്, ഇനോർഗാനിക് എന്നിങ്ങനെ രണ്ടായി തിരിച്ചു. “ജീവനുള്ളവയിൽ നിന്ന് (ഓർഗാനിക്) ഉണ്ടാകുന്ന പദാർത്ഥങ്ങളെ മനുഷ്യന് ഒരിക്കലും ലബോറട്ടറിയിൽ ഉണ്ടാക്കാൻ സാധിക്കില്ല” എന്നും, ഇത് വൈറ്റൽ ഫോഴ്‌സിൻ്റെ കാരണമാണെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ 1828-ൽ, ബെഴ്സേലിയസിൻ്റെ ശിഷ്യനായ ഫെഡ്രിച്ച് വൂളർ ചരിത്രം തിരുത്തി. ഇനോർഗാനിക് ആയ രണ്ട് ലവണങ്ങൾ (സോൾട്ടുകൾ) കൂട്ടിച്ചേർത്തപ്പോൾ, ഓർഗാനിക് ആയ യൂറിയ (മൂത്രം) ലബോറട്ടറിയിൽ നിർമ്മിക്കാൻ അദ്ദേഹത്തിന് സാധിച്ചു. “ഞാൻ കുറച്ച് മൂത്രം ഉണ്ടാക്കി” എന്ന് തൻ്റെ ഗുരുവിന് കത്തെഴുതിയ ആ നിമിഷം, കെമിസ്ട്രിയുടെ ലോകത്ത് നിന്ന് വൈറ്റലിസം തകരാൻ തുടങ്ങി. 1860-ഓടെ ഈ സിദ്ധാന്തം പൂർണ്ണമായി ഇല്ലാതായി.
Also Read: സാധാരണക്കാരന് അറിയാത്ത ‘അസാധാരണ സിമന്റ്’ രഹസ്യങ്ങൾ..! വെറുമൊരു പൊടിയല്ല, ഇത് ഒരു കെമിക്കൽ ബോംബ്
കെമിസ്ട്രിയിൽ നിന്ന് പുറത്താക്കപ്പെട്ട വൈറ്റലിസം കളം മാറി ചവിട്ടി ബയോളജിയിലേക്ക് എത്തി.
ലൂയി പാസ്റ്റർ ഈസ്റ്റിന് ജീവനുണ്ടെന്നും, ആ ജീവനാണ് ഫെർമെന്റേഷന് കാരണം എന്നും തെളിയിച്ച് ‘നിയോവൈറ്റലിസം’ എന്ന ആശയം അവതരിപ്പിച്ചു. അപ്പോഴും, ഓരോ സെല്ലിലും ഒരു ഓരോ Information അടങ്ങിയിട്ടുണ്ട് എന്ന ചോദ്യം ബാക്കിയായിരുന്നു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരു ഭ്രൂണം കൃത്യമായി മനുഷ്യനായിത്തന്നെ മാറുന്നത് അതല്ലാതെ ഒരിക്കലും ഒരു ഡൈനോസറായി മാറില്ല എന്ന തത്ത്വമുയർന്നത്.
ഈ ‘വിവരം’ അല്ലെങ്കിൽ ‘നോളഡ്ജ്’ അടങ്ങിയ മോളിക്യൂൾ ഏതാണ് എന്ന ചോദ്യത്തിന് 1953-ൽ ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും ഉത്തരം നൽകി. ഡിഎൻഎയുടെ (DNA) ഇരട്ട പീരിയൻ കോവണി രൂപം കണ്ടെത്തിയതോടെ, ജീവന്റെ അടിസ്ഥാനം ഒരു മോളിക്യൂളിൽ അടങ്ങിയിരിക്കുന്ന ഇൻഫർമേഷൻ ആണെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞു. ജീവന് കാരണമായ അദൃശ്യ ശക്തിയല്ല, മറിച്ച് തന്മാത്രാതലത്തിലെ വിവര കൈമാറ്റമാണ് ജീവൻ്റെ അടിസ്ഥാനമെന്ന് ഇതോടെ ലോകം സമ്മതിച്ചു.
വൈറ്റലിസവും മെക്കാനിസവും തമ്മിലുള്ള യുദ്ധം അവസാനിച്ചു എന്ന് പൂർണ്ണമായി പറയാനാകില്ല. ഡിഎൻഎ പോലുള്ള ഓർഗാനിക് മോളിക്യൂൾസിനെ ലബോറട്ടറിയിൽ ഉണ്ടാക്കാൻ സാധിക്കുമെങ്കിലും, ആ ഡിഎൻഎ ഉപയോഗിച്ച് പുതുതായി ഒരു ജീവനെ സൃഷ്ടിക്കാൻ മനുഷ്യന് ഇപ്പോഴും സാധിച്ചിട്ടില്ല.
എന്തുകൊണ്ടാണ് ഇത് സാധിക്കാത്തത് എന്ന ചോദ്യം ചോദിക്കുന്ന ‘സിസ്റ്റം ബയോളജി’യും ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ‘സിന്തറ്റിക് ബയോളജി’യും ഇപ്പോഴും സജീവമാണ്. ഒരു ചോദ്യത്തിന് ഉത്തരം കിട്ടുമ്പോൾ മറ്റൊരു ചോദ്യം ഉണ്ടാകുമെന്നതാണ് ഈ ശാസ്ത്രീയ യാത്രയുടെ പ്രത്യേകത. മനുഷ്യൻ്റെ അറിവുകൾ ഉയർത്താനും ജീവിതനിലവാരം വർദ്ധിപ്പിക്കാനും ഈ ശാസ്ത്രീയ യുദ്ധം സഹായകമാണ്, അപ്പോൾ ഇനിയും ജീവൻ്റെ അടിസ്ഥാനത്തിലേക്കുള്ള അന്വേഷണം തുടർന്നുകൊണ്ടേയിരിക്കും…












