കോക്രോച്ച് ജനതാപാർട്ടി കേരളത്തിലും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണല്ലോ ? ആദ്യമേ പറയട്ടെ, കോക്രോച്ച് ജനതാപാർട്ടി ഒരിക്കലും കേരളത്തിൽ വേര് പിടിക്കാൻ പോകുന്നില്ല. മുൻപ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി കേരളത്തിൽ ഘടകം രൂപീകരിച്ചത് ഓർമ്മയില്ലേ, സോഷ്യൽ മീഡിയകളിലൂടെ വലിയ ഓളം ഉണ്ടാക്കി തുടങ്ങിയ ആം ആദ്മി പാർട്ടി ആവി ആയതു പോലെ ഈ പാറ്റാ പാർട്ടിയും കേരളത്തിൽ ആവിയായി മാറും.
വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങൾ ഏറ്റെടുത്താണ് കോക്രോച്ച് പാർട്ടി സമര രംഗത്ത് സജീവമായി ഇറങ്ങുന്നത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ ചൊല്ലിയുള്ള പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തു നിന്നും ധർമ്മേന്ദ്ര പ്രധാന് രാജിവയ്ക്കേണ്ടി വന്നു എന്നതും ഒരു വസ്തുതയാണ്. എന്നാൽ ഈ രാജി പാറ്റ പാർട്ടിയുടെ ഇടപെടൽ കൊണ്ട് മാത്രം സംഭവിച്ച ഒന്നല്ല.
കോക്രോച്ച് പാർട്ടിക്ക് സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികളെയും യുവതീ യുവാക്കളെയും ആകർഷിക്കാൻ കഴിഞ്ഞെങ്കിലും കേന്ദ്ര സർക്കാറിന് എതിരായ ഈ സമരത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചതും വിദ്യാർത്ഥികൾക്ക് ധൈര്യം പകർന്ന് ഒപ്പം നിന്നതും കമ്യൂണിസ്റ്റ് പാർട്ടികളുടെ വിദ്യാർത്ഥി യുവജന സംഘടനകളും അവരുടെ നേതാക്കളുമാണ്. ഇക്കാര്യത്തിൽ എസ്എഫ്ഐ , എ ഐ എസ് എ, എഐഎസ്എഫ് , ഡിവൈഎഫ്ഐ… സംഘടനകൾ വഹിച്ച പങ്ക് വളരെ വലുതാണ്.
ഇൻസ്റ്റ അക്കൗണ്ടിലൂടെ കോക്രോച്ച് ജനതാ പാർട്ടി ഉണ്ടാക്കി ഓളം സൃഷ്ടിച്ച അഭിജിത് ദീപ്കെ അമേരിക്കയിൽ നിന്നും ഡൽഹിയിലേക്ക് വിമാനം കയറും മുൻപ് ഉറപ്പ് വരുത്തിയത് ഇടതു സംഘടനകളുടെ പിന്തുണയാണ്.
പ്രത്യേകിച്ച്, എസ് എഫ് ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷിൻ്റെ സാന്നിധ്യം അഭിജിത്ത് ഉറപ്പ് വരുത്തിയിരുന്നു. ജെഎൻയു വിദ്യാർത്ഥി യൂണിയൻ്റെ മുൻ പ്രസിഡൻ്റ് കൂടിയായ ഐഷി ഘോഷ് ഒപ്പമുണ്ടെങ്കിൽ, സമരത്തിന് അത് കരുത്താകുമെന്ന് ആദ്യം തിരിച്ചറിഞ്ഞതും അഭിജിത്ത് ദീപ്കെയാണ്.
പൊലീസുകാരുടെയും ആർ എസ് എസുകാരുടെയും മർദ്ദനം നിരവധി തവണ ഏറ്റിട്ടുള്ള ഐഷി ഘോഷിൻ്റെയും മറ്റ് ഇടതുപക്ഷ നേതാക്കളുടെയും പിന്തുണയുള്ളത് കൊണ്ട് മാത്രമാണ് ശക്തമായ പൊലീസ് കടന്നാക്രമണത്തിനിടയിലും ചിന്നിചിതറി പോകാതെ സമരക്കാരെ ഒരു പരധി വരെ നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞിരുന്നത്. അതല്ലങ്കിൽ, ഈയാംപാറ്റകളെ പോലെ ഡൽഹിയിൽ തന്നെ ഈ പാറ്റകളുടെ കൂട്ടവും എരിഞ്ഞടങ്ങുമായിരുന്നു.
ഇപ്പോൾ രാഷ്ട്രീയ പാർട്ടി ആകാൻ ഉദ്ദേശിക്കുന്നില്ല എന്നൊക്കെ അഭിജിത്ത് ദീപ്ക്കെയും കോക്രോച്ച് പാർട്ടി നേതാക്കളും പറയുന്നുണ്ടെങ്കിലും അവരുടെ ആത്യന്തികമായ ലക്ഷ്യം തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് തന്നെയാണ്.
ആ പരിപ്പ് പക്ഷേ കേരളത്തിൽ വേവാൻ പോകുന്നില്ല. ഉത്തരേന്ത്യയിൽ ഇപ്പോൾ കോക്രോച്ച് ജനതാപാർട്ടി ഉയർത്തിക്കാട്ടുന്ന സർക്കാർ വിദ്യാലയങ്ങളിലെ പരിതാപകരമായ അവസ്ഥയൊന്നും, കേരളത്തിൽ ഇല്ല.
രാജ്യത്ത് തന്നെ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ രംഗത്തും ജനങ്ങളുടെ ജീവിത നിലവാരത്തിലും എല്ലാം വിപ്ലവകരമായ മാറ്റം എന്നേ കേരളത്തിൽ കൊണ്ടു വന്നു കഴിഞ്ഞു. ഇക്കാര്യത്തിൽ ഇഎംഎസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് സർക്കാർ മുതൽ ഏറ്റവും ഒടുവിൽ ഭരിച്ച പിണറായി സർക്കാർ വരെ നടത്തിയ ഇടപെടലുകൾ രാഷ്ട്രീയ കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയുകയില്ല. ഇന്ന് സ്വകാര്യ സ്ഥാപനങ്ങളെ വെല്ലുന്ന ഹൈടെക്ക് സംവിധാനങ്ങളും നിലവാരവും ഇവിടുത്ത സർക്കാർ വിദ്യാലയങ്ങൾക്ക് ഉണ്ട്.
കേരളത്തിലെ പുതിയ തലമുറയും ഒരു പരീക്ഷണം എന്ന നിലയിൽ കോക്രോച്ച് ജനതാ പാർട്ടിയിൽ ആകൃഷ്ടരായി പോവില്ലേ എന്നതാണ് ചോദ്യമെങ്കിൽ അതിനും കൃത്യമായ മറുപടിയുണ്ട്.
എസ് എഫ് ഐയും ഡിവൈഎഫ്ഐയും ഒക്കെ ഉള്ളടത്തോളം കാലം ഒരു പാറ്റകളും ഇവിടെ വാഴാൻ പോകുന്നില്ല. അങ്ങനെ ഒരു സ്പെയ്സ് ഇവിടെ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഡൽഹിയിലും ബിജെപി ഭരിക്കുന്ന മറ്റ് ചില സംസ്ഥാനങ്ങളിലും കോക്രോച്ച് പാർട്ടിക്ക് അവസരം ലഭിക്കുന്നത് അവിടങ്ങളിൽ പ്രതിപക്ഷം ശക്തമല്ലാത്തത് കൊണ്ടാണ്. യഥാർത്ഥത്തിൽ അത് കോൺഗ്രസ്സിൻ്റെ വലിയ പരാജയം കൂടിയാണ്. പുതിയ തലമുറയെ ആകർഷിക്കേണ്ട എൻ എസ് യുവും യൂത്ത് കോൺഗ്രസ്സും എല്ലാം ഇന്ന് വെറും പടമായ അവസ്ഥയിലാണ് നിലവിലുള്ളത്. ക്ഷുഭിത യൗവ്വനത്തെ ഉൾക്കൊള്ളാനോ നയിക്കാനോ ഉള്ള ശേഷിയൊന്നും കോൺഗ്രസ്സിൻ്റെ ഈ പോഷക സംഘടനകൾക്കില്ല. അതുകൊണ്ടാണ് അവർ മരവിച്ച രൂപത്തിൽ ഇപ്പോൾ നിഷ്ക്രിയമായി ഇരിക്കുന്നത്. ഈ സ്പെയ്സിലേക്കാണ് കോക്രോച്ച് ജനതാ പാർട്ടി ലാൻഡ് ചെയ്തിരിക്കുന്നത്.
പാറ്റകൾക്ക് ഉത്തരേന്ത്യയിൽ കോൺഗ്രസ്സിൻ്റെ കഞ്ഞികുടി മുട്ടിക്കാം എന്നല്ലാതെ, കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല. കോൺഗ്രസ്സിന് ലഭിക്കേണ്ട ഭരണ വിരുദ്ധ വോട്ടുകളായിരിക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാൽ പ്രധാനമായും പാറ്റാ പാർട്ടിക്ക് ലഭിക്കുക. ആത്യന്തികമായി അങ്ങനെ ഒരു ഭിന്നിപ്പ് വോട്ടെടുപ്പിൽ സംഭവിച്ചാൽ അതും ബിജെപിക്ക് തന്നെയാണ് ആത്യന്തികമായി ഗുണം ചെയ്യുക. ഇനി ഇതു തന്നെയാണോ ബി.ജെ.പി ആഗ്രഹിക്കുന്നത് എന്നത് പോലും സംശയിക്കേണ്ട കാര്യം തന്നെയാണ്.
ഒരു പ്രത്യയശാസ്ത്രത്തിൻ്റെയും പിൻബലമില്ലാതെ ലാൻഡ് ചെയ്ത കോക്രോച്ച് ജനതാ പാർട്ടി ഇന്ത്യാ സഖ്യത്തിൽ ചേർന്ന് ബിജെപിക്ക് എതിരായ മൂവ്മെൻ്റിൽ പങ്കാളി ആയാൽ മാത്രമേ പിടിച്ച് നിൽക്കാൻ സാധിക്കുകയൊള്ളൂ. അത്തരം നീക്കങ്ങൾ നടത്തുന്നതിന് പകരം കേരളം പോലെയുള്ള സമരങ്ങളുടെ തലസ്ഥാനത്ത് വന്ന് സമരം സംഘടിപ്പിക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. പാറ്റകൾക്ക് ഒരിക്കലും പറ്റിയ ഇടമല്ല കേരളം പ്രബുദ്ധരായ കേരളത്തിലെ ജനത ഇങ്ങനെ… ഒരു ജീവിയുടെ പേരിൽ പിറന്ന സംഘടനയെ അംഗീകരിക്കുകയുമില്ല.
ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി താൽക്കാലികമായ തിരിച്ചടി മാത്രമാണ്. ഒരു തിരഞെടുപ്പ് തോൽവിയോടെ ഇടതുപക്ഷം കേരളത്തിൽ നിന്നും ഒലിച്ച് പോകുമെന്ന് രാഷ്ട്രീയ എതിരാളികൾ പോലും കരുതുകയില്ല. അങ്ങനെയാണ് പാറ്റകളുടെ ധാരണയെങ്കിൽ അത് തെറ്റാണ്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ശക്തമായി തിരിച്ചു വരിക തന്നെ ചെയ്യും. അപ്പോഴേക്കും നിലവിലെ സി.പി.എം സംവിധാനം തന്നെ സ്വാഭാവികമായും മാറി പുതിയ നേതൃത്വവും വരും. അവരുടെ സംഘടനാ ശേഷിയോട് മുട്ടി നിൽക്കാൻ ഇന്ന് മാത്രമല്ല, നാളെയും ആർക്കും കഴിയും എന്ന് തോന്നുന്നുമില്ല.
രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിൻ്റെ പിന്തുണയിൽ പ്രത്യേകിച്ച് ജൻസികളുടെ പിന്തുണയിൽ പിറവിയെടുത്ത പാർട്ടിയാണ് കോക്രോച്ച് പാർട്ടി എന്ന് പറയുമ്പോഴും ഒരു കാര്യം മറന്ന് പോകരുത്. അടുത്തയിടെ കേരളത്തിൽ നടന്ന കാമ്പസുകളിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ, ബഹുഭൂരിപക്ഷം യൂണിയനുകളിലും വിജയിച്ചിരിക്കുന്നത് എസ് എഫ് ഐയാണ്. അതും ആ സംഘടന ഒറ്റയ്ക്ക് നേടിയ വിജയമാണ് എന്നതും, ഈ പാറ്റകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
EXPRESS VIEW
വീഡിയോ കാണാം…






