‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എൻ്റർടെയ്ൻമെൻ്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം ‘ധൂമകേതു’വിന്റെ വേൾഡ് വൈഡ് റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം സെപ്റ്റംബർ 11-ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മലയാളത്തിൽ അപൂർവ്വമായി മാത്രം കാണാറുള്ള അണ്ടർവാട്ടർ ദൃശ്യങ്ങളുമായി എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.
സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സജിൻ ഗോപു, നിഖില വിമൽ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ പ്രധാന താരങ്ങളും വേഷമിടുന്നു. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സോണിയും മനുവും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.






