ഏതൊരു വാഹനത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയാലും ഇന്ത്യക്കാര്‍ ആദ്യമെറിയുന്ന ചോദ്യം എത്ര മൈലേജ് കിട്ടും എന്നായിരിക്കുമെന്നു പൊതുവെ പറയാറുണ്ട്. ഈ പറച്ചിലില്‍ അല്‍പം കാര്യമില്ലാതില്ല എന്ന് പരിശോധിച്ചാല്‍ മനസിലാകും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വാഹനങ്ങളില്‍ മാരുതിയുടെ കാറുകള്‍ ആദ്യസ്ഥാനങ്ങള്‍ കയ്യാളുന്നതിനു പുറകിലെ പ്രധാന കാരണങ്ങളിലൊന്ന് ഈ മൈലേജ് തന്നെയാണ്. ഒരു ശരാശരി ഇന്ത്യക്കാരന്‍ കാര്‍ വാങ്ങിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴേ മനസിലേക്കെത്തുന്നത് മാരുതിയുടെ വാഹനങ്ങളായിരിക്കും. ഉയര്‍ന്ന മൈലേജ് സമ്മാനിക്കുന്ന, മാരുതിയുടെ 5 വാഹനങ്ങള്‍ ഏതൊക്കെയെന്നു നോക്കിയാലോ?
മാരുതി സുസുക്കി ഇഗ്‌നിസ്
ഇന്ധനക്ഷമതയുള്ള കാറുകളില്‍ പത്താം സ്ഥാനമാണ് ഇഗ്‌നിസിന്. 1.2 ലീറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനാണ് ഇഗ്‌നിസിലുള്ളത്. മാനുവലിലും എഎംടി മോഡലിനും ലീറ്ററിന് 20.89 കിലോമീറ്ററാണ് ഇന്ധനക്ഷമത. മുന്‍തലമുറ മാരുതി സ്വിഫ്റ്റിലും ഡിസയറിലും ഉപയോഗിച്ചിരുന്ന എന്‍ജിനാണിത്. ഇതിനു പുറമേ 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനിലും നേരത്തെ ഇഗ്‌നിസ് ഇറങ്ങിയിരുന്നു. മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഇഗ്‌നിസിന്റെ ഡീസല്‍ മോഡലിനെ മാരുതി സുസുക്കി പിന്‍വലിച്ചു.
റെനോ ക്വിഡ്
റെനോയുടെ ഇന്ത്യന്‍ വിപണിയിലെ ചെറുകാര്‍ ക്വിഡിന്റെ ഇന്ധനക്ഷമത മാനുവല്‍ ട്രാന്‍സ്മിഷനില്‍ 21.7 കിലോമീറ്ററിനും ഓട്ടമാറ്റിക് ട്രാന്‍സ്മിഷനില്‍ 22.5 കിലോമീറ്ററുമാണ്. 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ക്വിഡിലുള്ളത്. ആള്‍ട്ടോ കെ10ന് ഒത്ത എതിരാളിയായാണ് റെനോ ക്വിഡിനെ ഇറക്കിയത്. ഇന്ധനക്ഷമതയിലും ക്വിഡ് നിരാശപ്പെടുത്തുന്നില്ല.
മാരുതി സുസുക്കി ഫ്രോങ്സ്/ടൊയോട്ട ടൈസോര്‍
1.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് മാരുതി ഫ്രോങ്സിലുള്ളത്. ഒരു ലീറ്റര്‍ പെട്രോളിന് മാനുവല്‍ ഗിയര്‍ബോക്സില്‍ 21.79 കിലോമീറ്ററും എഎംടിയില്‍ 22.89 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. കൂടുതല്‍ കരുത്തുറ്റ 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഫ്രോങ്സിലുണ്ട്. ടര്‍ബോ എന്‍ജിനിലേക്കെത്തുമ്പോള്‍ ഇന്ധനക്ഷമത മാനുവലിന് 21.50 കിലോമീറ്ററും ഓട്ടമാറ്റിക്കില്‍ 20.01 കിലോമീറ്ററുമായി കുറയുന്നു. ഫ്രോങ്സിന്റെ ബാഡ്ജ് എന്‍ജിനിയേഡ് ടൊയോട്ട മോഡലായ ടൈസോറിനും സമാനമാണ് ഇന്ധനക്ഷമത.
മാരുതി സുസുക്കി ബലേനോ/ടൊയോട്ട ഗ്ലാന്‍സ
മാനുവല്‍/എഎംടി ട്രാന്‍സിമിഷനുകളിലെത്തുന്ന ബലേനോക്കും ഗ്ലാന്‍സക്കും 1.2 ലീറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. മാനുവലില്‍ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലീറ്ററിന് 22.35 കിലോമീറ്റര്‍. ഓട്ടമാറ്റിക്കില്‍ 22.94 കിലോമീറ്ററാണ് ഇന്ധനക്ഷമത.
മാരുതി സുസുക്കി ആള്‍ട്ടോ കെ10
ഇന്ത്യയില്‍ ഇന്നു ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിലുള്ള കാര്‍ ആള്‍ട്ടോ കെ 10 തന്നെ. 1.0 ലീറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത്. ഇന്ധനക്ഷമത മാനുവല്‍ മോഡലില്‍ 24.39 കിലോമീറ്ററും ഓട്ടമാറ്റിക്കില്‍ ലീറ്ററിന് 24.9 കിലോമീറ്ററും. ബാധ്യതയാവില്ലെന്ന് ഉറപ്പിക്കാവുന്ന മോഡലായി ഇന്നും ഇന്ത്യന്‍ കാര്‍ വിപണിയില്‍ വിരാജിക്കുകയാണ് ആള്‍ട്ടോ. അപ്പോഴും ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് ആറു ലക്ഷം രൂപയോളം വിലവരുന്നുണ്ട്.