സി.പി.എം നേതൃത്വത്തിൽ രണ്ട് നീതി, പി ജയരാജനില്ലാത്ത എന്ത് അധിക യോഗ്യതയാണ് ഇപിക്കുള്ളത് ?

വിവാദങ്ങൾ ഉണ്ടാക്കി സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ ഇപി ജയരാജൻ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ. സീനിയർ സംസ്ഥാന കമ്മറ്റി അംഗമായ പി. ജയരാജൻ വീണ്ടും സെക്രട്ടറിയേറ്റിന് പുറത്ത്. സി.പി.എമ്മിലെ അണിയറ സംഭവവികാസങ്ങൾ കരുതുന്നതിലും അപ്പുറമാണ്.

സി.പി.എം നേതൃത്വത്തിൽ രണ്ട് നീതി, പി ജയരാജനില്ലാത്ത എന്ത് അധിക യോഗ്യതയാണ് ഇപിക്കുള്ളത് ?
സി.പി.എം നേതൃത്വത്തിൽ രണ്ട് നീതി, പി ജയരാജനില്ലാത്ത എന്ത് അധിക യോഗ്യതയാണ് ഇപിക്കുള്ളത് ?

റ്റ സംസ്ഥാനത്തേ ഭരണമൊള്ളൂവെങ്കിലും രാജ്യത്തെ സകല രാഷ്ട്രീയ പാര്‍ട്ടികളും കണ്ടു പഠിക്കേണ്ട മാതൃക തീര്‍ത്താണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇപ്പോള്‍ തിരശ്ശീല വീണിരിക്കുന്നത്. അടിസ്ഥാനഘടകമായ ബ്രാഞ്ച് തലം മുതലുള്ള എല്ലാ ഘടകങ്ങളിലെയും സമ്മേളനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചാണ് സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിച്ചിരിക്കുന്നത്. ഇനി മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സോടെ രാജ്യത്തെ സി.പി.എമ്മിന്റെ സമ്മേളന പരമ്പരകള്‍ക്ക് അവസാനമാകും.

Also Read: കിമ്മിൻ്റെ ‘പുതിയ തന്ത്രം’ അമേരിക്കയെ ഉന്നമിട്ട്, വരുന്നത് വമ്പൻ ആണവ അന്തർവാഹിനി

ഈ സമ്മേളന കാലയളവിനുള്ളിലെ മൂന്ന് വര്‍ഷക്കാലത്തെ, സി.പി.എമ്മിന്റെയും ഇടതുപക്ഷ സര്‍ക്കാറിന്റെയും പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തിയാണ്, കേരളത്തിലെ വിവിധ ഘടകങ്ങളിലെ സി.പി.എം സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും ശക്തമായി തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ കൃത്യമായി താഴെ തട്ടുമുതല്‍ സംഘടനാ സംവിധാനങ്ങള്‍ പൂര്‍ത്തീകരിച്ച് ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കല്ലാതെ, മറ്റൊരു പാര്‍ട്ടിക്കും രാജ്യത്ത് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഇനിയൊട്ട് കഴിയുകയുമില്ല. അതാണ് നിലവിലെ അവസ്ഥ.

കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മാത്രമല്ല കേഡര്‍ സ്വഭാവം പുലര്‍ത്തുന്നു എന്ന് അവകാശപ്പെടുന്ന ബി.ജെ.പി പോലും സംഘടനാ സമ്മേളനങ്ങള്‍ നടത്തിയല്ല, നോമിനേഷന്‍ വഴിയാണ് പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിക്കാറുള്ളത്. കോണ്‍ഗ്രസ്സിലെ പോലുള്ള തമ്മിലടി ബി.ജെ.പിയില്‍ വലിയ രൂപത്തില്‍ കാണാതിരിക്കുന്നത് ആ പാര്‍ട്ടിയെ ആര്‍.എസ്.എസ് നിയന്ത്രിക്കുന്നതുകൊണ്ടു മാത്രമാണ്. കെ സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ഉടനെ നടത്തിയിരുന്ന ഒരു പ്രധാന പ്രഖ്യാപനം കോണ്‍ഗ്രസ്സിനെ മിനി കേഡര്‍പാര്‍ട്ടിയാക്കി മാറ്റുമെന്നതായിരുന്നു. എന്നാല്‍, സുധാകരന് ഇതുവരെ അതിന് സാധിച്ചിട്ടില്ല.

കേരളം തിരഞ്ഞെടുപ്പുകളിലേക്ക് പോകുന്ന സാഹചര്യത്തില്‍, താഴെ തട്ടുമുതല്‍ സംഘടനയെ സജീവമാക്കി വിജയകരമായി സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനും കരുത്താകും. സി.പി.എം നേതൃത്വം ഒതുക്കുന്നു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന സി.പി.എം കേന്ദ്ര കമ്മറ്റി അംഗം കൂടിയായ കെ.കെ ശൈലജയെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എടുക്കുക വഴി ഈ വിമര്‍ശനങ്ങളുടെ മുനകൂടിയാണ് സി.പി.എം ഇപ്പോള്‍ ഒടിച്ചിരിക്കുന്നത്.

MV Govindan

വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദന്‍, ശക്തമായ അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള നേതാവ് കൂടിയാണ്. അതേസമയം, എന്തൊക്കെ ന്യായീകരണങ്ങള്‍ പറഞ്ഞാലും പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റായ ഒരു തീരുമാനം തന്നെയാണ്. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ച വിവാദത്തില്‍പ്പെടുകയും തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുകയും ചെയ്ത ഇപി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിലനിര്‍ത്തി കൊണ്ട് എടുത്ത ഈ തീരുമാനം പൊതുസമൂഹത്തിന് മാത്രമല്ല, സി.പി.എം അണികള്‍ക്ക് പോലും ബോധ്യപ്പെടുന്നതല്ലെന്നതും സി.പി.എം നേതൃത്വം മനസ്സിലാക്കണം.

ഇടതുപക്ഷമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയ ഇ.പിയെ പാര്‍ട്ടി പദവിയില്‍ നിന്നും മാറ്റി നിര്‍ത്താതിരുന്നത് തെറ്റായ സന്ദേശമാണ് പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ എന്താണ് പി ജയരാജന്റെ അയോഗ്യത എന്നതും എന്താണ് ഇപി ജയരാജന്റെ യോഗ്യത എന്നതിനും സി.പി.എം നേതൃത്വം മറുപടി പറയേണ്ടതുണ്ട്. ഇപി ജയരാജനോട് ക്ഷമിക്കാമെങ്കില്‍ കൊല്ലത്തെ വിഭാഗീയത വിഷയത്തിന്റെ പേരില്‍, സംസ്ഥാന കമ്മറ്റിയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട… മഹിളാ അസോസിയേഷന്‍ നേതാവ് സൂസന്‍ കൊടിയോടും സി.പി.എം നേതൃത്വത്തിന് ക്ഷമിക്കാമായിരുന്നു. എന്നാല്‍ അത് സംഭവിച്ചിട്ടില്ല.

EP Jayarajan

കരുനാഗപ്പള്ളിയിലെ പ്രശ്‌നം തീര്‍ക്കുന്നതുവരെ അവിടെ നിന്നുള്ള ഒരാളെയും ജില്ലാ കമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും ഉള്‍പ്പെടുത്തേണ്ട എന്നതാണ് പാര്‍ട്ടി തീരുമാനമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. അങ്ങനെയെങ്കില്‍, കേന്ദ്ര കമ്മറ്റി അംഗമായ ഇപി ജയരാജന്‍ സി.പി.എമ്മിന് ഉണ്ടാക്കിയ പ്രതിസന്ധി സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ്സ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും വരെ ഇപി ജയരാജനെയും സെക്രട്ടറിയേറ്റില്‍ നിന്നും മാറ്റി നിര്‍ത്തണമായിരുന്നു. കാരണം, കേന്ദ്ര കമ്മറ്റി അംഗമായ ഇപിക്ക് എതിരായ സി.പി.എം നിലപാട് എന്താണെന്നത് സംബന്ധിച്ച് പാര്‍ട്ടി കോണ്‍ഗ്രസ്സിനു ശേഷം മാത്രമാണ് വ്യക്തത വരികയൊള്ളൂ. അച്ചടക്ക നടപടിയുടെ കാര്യത്തില്‍ രണ്ട് നിലപാട് സ്വീകരിക്കുന്നത് എന്തായാലും ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്ന നിലപാടല്ല. അതെന്തായാലും ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയുകയില്ല.

പദവി നിഷേധിക്കപ്പെടുന്നവരും തഴയപ്പെട്ടവരുമെല്ലാം…പാര്‍ട്ടി തീരുമാനം ശിരസാ വഹിക്കുന്നതിനാല്‍ ഇപ്പോഴത്തെ തഴയലൊന്നും തന്നെ ഒരു പാര്‍ട്ടി എന്ന രൂപത്തില്‍ സി.പി.എമ്മിനെ കാര്യമായി തല്‍ക്കാലം ബാധിക്കില്ലെങ്കിലും ഭാവിയില്‍ ഇത്തരം നിലപാടുകള്‍ വലിയ പ്രതിന്ധിയുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. ഇത്തവണ ഏകകണ്ഠമായാണ് പുതിയ സംസ്ഥാന കമ്മറ്റിയെയും സെക്രട്ടറിയേറ്റിനെയും തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും അത് എല്ലാ കാലത്തും നടക്കണമെന്നില്ലന്നതും ഓര്‍ക്കുന്നത് നല്ലതാണ്.

Pinarayi Vijayan

ഒരു പാര്‍ട്ടി എന്ന നിലയിലും മുന്നണി എന്ന നിലയിലും കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ ശക്തരാണ്. ഏറ്റവും വലിയ പാര്‍ട്ടി ഇന്നും സി.പി.എം തന്നെയാണ്. അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ സ്വാധീന ശക്തിയും എതിരാളികളേക്കാള്‍ എത്രയോ ഇരട്ടിയിലേറെയാണ്. സംഘടനാ തലത്തില്‍ എന്തൊക്കെ പോരായ്മകള്‍ സി.പി.എമ്മിനും വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കും ഉണ്ടെങ്കിലും ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം പ്രതിപക്ഷ സംഘടനകളും അംഗീകരിക്കുന്നതാണ്.

സി.പി.എമ്മിന്റെ ഈ സംഘടനാ കരുത്ത് തന്നെയാണ് മൂന്നാം വട്ടവും ഇടതുപക്ഷം അധികാരത്തില്‍ എത്തുമെന്ന ചര്‍ച്ചകളുടെയും അടിസ്ഥാനം. കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഇപ്പോള്‍ തന്നെ തര്‍ക്കം മുറുകുന്നതും മുസ്ലീം ലീഗ് തന്ത്രപ്രധാന സ്ഥാനം ലക്ഷ്യമിടുന്നതും എല്ലാം അധികാരമോഹികളുടെ കൂട്ടമായി യു.ഡി.എഫ് നേതൃത്വം വിലയിരുത്തപ്പെടാന്‍ കാരണമായിട്ടുണ്ട്. അധികാരം ലഭിക്കും മുന്‍പ് തന്നെ ഇതാണ് അവസ്ഥയെങ്കില്‍, അധികാരം ലഭിച്ചാല്‍ എന്താകും എന്ന ചര്‍ച്ചകളും യു.ഡി.എഫിന് ഇതിനകം തന്നെ തിരിച്ചടിയായിട്ടുണ്ട്.

BJP

ബി.ജെ.പിയാകട്ടെ, ഒരിക്കല്‍ കൂടി ഇടതുപക്ഷത്തിന് തുടര്‍ ഭരണം ലഭിച്ചാല്‍, ഒരേ സമയം ഇടതുപക്ഷവും യു.ഡി.എഫും തകരുമെന്ന കണക്ക് കൂട്ടലിലുമാണ് നിലവില്‍ മുന്നോട്ട് പോകുന്നത്. അവരുടെ ഈ കണക്ക് കൂട്ടലും, ഇടതുപക്ഷത്തിന്റെ മൂന്നാം ഊഴത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്. സി.പി.എം സമ്മേളനങ്ങള്‍ ഇടതുപക്ഷത്തിന് കരുത്തായി മാറുമെന്ന് തന്നെയാണ് സി.പി.എം കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നത്. സമരം മറന്നുപോകുന്ന പാര്‍ട്ടിയായും വഴിപാട് സമരങ്ങളുടെ ഏറ്റെടുപ്പുകാര്‍ മാത്രമായും സി.പി.എം. മാറരുതെന്ന സംസ്ഥാനസമ്മേളനത്തിലെ ചര്‍ച്ചയുടെ പൊതുവികാരത്തെയും പോസറ്റീവായാണ് കേന്ദ്ര നേതൃത്വം കാണുന്നത്.

Also Read: റഷ്യയ്‌ക്കെതിരെ കാനഡയുടെ പോർവിളി, കണ്ണടച്ച് അമേരിക്ക

നേതൃത്വം നിര്‍ദേശിക്കുന്ന ചട്ടപ്പടി സമരങ്ങളുടെ പ്രയോക്താക്കള്‍ മാത്രമായി മാറുകയാണ് അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളെന്ന വിമര്‍ശനം ഉള്‍കൊണ്ടു മുന്നോട്ട് പോകാന്‍ സി.പി.എം കീഴ് ഘടകങ്ങള്‍ക്ക് ഇനി കൃത്യമായ നിര്‍ദ്ദേശം നല്‍കുമെന്നാണ് സൂചന. പ്രാദേശികമായ പ്രശ്നങ്ങള്‍ ഏറ്റെടുക്കാതെയും ജനങ്ങളുമായി ബന്ധമുള്ള വിഷയങ്ങളുടെ ഭാഗമാകാതെയും മാറുന്നത് പാര്‍ട്ടിയെ നിര്‍ജീവമാക്കുമെന്ന യാഥാര്‍ത്ഥ്യം വൈകിയെങ്കിലും സി.പി.എം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ ശൂന്യതയിലേക്ക് ബി.ജെ.പി. കടന്നുകയറുന്നതും പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യം കൂടി പരിഗണിച്ചാണ് പാര്‍ട്ടി ഏറ്റെടുക്കേണ്ട 35 ദൗത്യങ്ങള്‍ റിപ്പോര്‍ട്ടിലും ചര്‍ച്ചയിലും ഇടംപിടിച്ചിരിക്കുന്നത്.


Express View

Share Email
Top