അബുദാബി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് ടീമിനെ സജ്ജമാക്കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേരിട്ടാണ് ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. യുദ്ധം വിതരണശൃംഖലയെ ബാധിക്കാതിരിക്കാൻ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയാണ് അവശ്യസാധനങ്ങൾ വിപണിയിൽ എത്തിക്കുന്നത്.
ഭക്ഷ്യലഭ്യതയും വിലസ്ഥിരതയും പരിശോധിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ സാമ്പത്തിക-ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ഷാർജ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. നിലവിലെ സ്റ്റോക്ക് വിവരങ്ങളും വിതരണ ശൃംഖലയുടെ പ്രവർത്തനക്ഷമതയും മന്ത്രി നേരിട്ട് വിലയിരുത്തുകയും ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതൽ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
Also Read: ഖത്തർ ഹെലികോപ്റ്റർ അപകടം; ഒമാൻ അനുശോചനം രേഖപ്പെടുത്തി
പ്രതിസന്ധി ഘട്ടങ്ങളിലും ഉപഭോക്താക്കൾക്ക് ആശങ്കയില്ലാതെ സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് എം.എ. യൂസഫലി വ്യക്തമാക്കി. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വിപണിയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ സർക്കാർ അധികൃതരുമായി ചേർന്ന് കർശനമായ നിരീക്ഷണം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി സിലിക്കൺ സെൻട്രലിലെ ലുലു ഹൈപ്പർമാർക്കറ്റിലും ചെയർമാൻ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






