കോളേജിൽനിന്ന് അച്ചടക്കനടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യപ്പെട്ടാൽ അതിന്റെ പേരിൽ ഹാജർ കുറവിന് ഇളവ് ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. രണ്ടുമാസത്തോളം നീണ്ട സസ്പെൻഷൻ കാരണമാണ് ഹാജർ കുറഞ്ഞതെന്ന വിദ്യാർഥികളുടെ വാദവും കോടതി അംഗീകരിച്ചില്ല. അച്ചടക്കനടപടിയുടെ പ്രത്യാഘാതങ്ങൾ വിദ്യാർഥികൾ തന്നെ നേരിടേണ്ടിവരുമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
കാലടി സർവകലാശാലയിൽ ബിരുദ കോഴ്സുകൾക്ക് കുറഞ്ഞത് 70 ശതമാനവും മറ്റ് കോഴ്സുകൾക്ക് 80 ശതമാനവും ഹാജർ നിർബന്ധമാണ്. ഇതിൽ പരമാവധി 20 ശതമാനം വരെ മാത്രമാണ് ഇളവ് അനുവദിക്കാനാകുക. ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ച് വൈസ് ചാൻസലർക്കാണ് ഇളവ് നൽകാനുള്ള അധികാരം. ഇതിനായി പരീക്ഷയ്ക്ക് 15 ദിവസം മുൻപ് വകുപ്പ് മേധാവിയുടെ ശുപാർശയോടെ രജിസ്ട്രാർക്ക് അപേക്ഷ നൽകണം. എന്നാൽ അച്ചടക്കനടപടിയുടെ ഭാഗമായി സസ്പെൻഷനിലായ കാലയളവ് ഹാജർ ഇളവിനുള്ള കാരണമായി കണക്കാക്കാനാകില്ല.
Also Read: ബാർ ലൈസൻസിൽ ഇനി ഉദ്യോഗസ്ഥ അപ്രമാദിത്വം നടപ്പില്ല! തന്നിഷ്ടത്തിന് കടിഞ്ഞാണിടാൻ കടുത്ത നടപടികൾ
സസ്പെൻഷൻ കാരണം ഹാജർ കുറഞ്ഞാൽ അത് വിദ്യാർഥികൾ സഹിക്കേണ്ടിവരുമെന്ന് 2023-ൽ ഐ.ഇ.എസ് എൻജിനിയറിങ് കോളേജുമായി ബന്ധപ്പെട്ട കേസിലും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അല്ലാത്തപക്ഷം അച്ചടക്കനടപടിക്ക് അർഥമില്ലെന്നും കോടതി നിരീക്ഷിച്ചു. 2017-ലെ മറ്റൊരു ഉത്തരവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിക്കാനുള്ള ഇടങ്ങളാണെന്നും അവിടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കലാലയ അച്ചടക്കവുമായി ബന്ധപ്പെട്ട കേസുകളിൽ ഈ നിലപാട് വീണ്ടും ആവർത്തിക്കുകയാണ് ഹൈക്കോടതി.






