ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പൊലീസ് ഭരണം പാളിയതായി തന്നെയാണ് ഇപ്പോൾ പൊതുവായ ഒരു വിലയിരുത്തൽ. ഓപ്പറേഷൻ തൂഫാൻ നല്ല ലക്ഷ്യമായിരുന്നു എങ്കിലും ചെറുപ്പക്കാരെ പിടിച്ച് ജയിലിൽ അടക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാൻ കഴിയുകയില്ല. ലഹരിക്ക് അടിമയായവരെ തിരുത്താൻ ഡി അഡിഷൻ സെൻ്ററുകളിലേക്ക് പറഞ്ഞ് വിടുന്നതിന് പകരം ജയിലിലേക്ക് വിടുന്നത് ഇവരെ ക്രിമിനലുകളാക്കി മാറ്റാനാണ് ഇടയാക്കുക. അല്ലങ്കിൽ ജയിലിനുള്ളിലെ ക്രിമിനലുകൾ അവരെ അത്തരത്തിലാക്കി മാറ്റും. ഇതൊരു അപകടകരമായ സാഹചര്യമാണ്. മയക്കുമരുന്ന് മാഫിയയെ പിടിച്ചാണ് അകത്തിടേണ്ടത്. അതിന് അടിമപ്പെട്ടവർക്ക് തിരുത്താനുള്ള അവസരമാണ് നൽകേണ്ടത്. ഇക്കാര്യത്തിൽ ചെന്നിത്തലയുടെ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കം വേണ്ട. മന്ത്രിക്ക് പേരെടുക്കാൻ യുവ തലമുറയെ ജയിലിലാക്കണമോ എന്ന ചോദ്യം പോലും ഇപ്പോൾ പരക്കെ ഉയരുന്നുണ്ട്. ഈ ചോദ്യത്തിനും അഭ്യന്തര മന്ത്രി തന്നെയാണ് മറുപടി പറയേണ്ടത്.
രണ്ടാമത്തെ സംഭവം പൊലീസ് സേനക്ക് അകത്തും ഇപ്പോൾ രമേശ് ചെന്നിത്തലയ്ക്ക് നേരെ പ്രതിഷേധം ശക്തമാകുന്നുണ്ട് എന്നതാണ്. ചേരാനല്ലൂർ വാഹനാപകട വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചെന്ന റിപ്പോർട്ടിൻ്റെ പേരിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകിയതാണ് ഈ പ്രതിഷേധത്തിന് ഇപ്പോൾ കാരണമായിരിക്കുന്നത്. ചേരാനല്ലൂർ എസ്എച്ച്ഒ വിശ്വജിത്, സിഐ രാംകുമാർ, ഗ്രേഡ് എസ്ഐ മനോജ്, ഗ്രേഡ് എഎസ്ഐ അരുൺ എന്നിവരെയാണ് അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ചേരാനല്ലൂർ വാഹനാപകട വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തരമന്ത്രി പരസ്യമായി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ സസ്പെൻഷൻ നടപടി അരങ്ങേറിയത്. അതായത് ആഭ്യന്തര വകുപ്പിൻ്റെ മുഖം രക്ഷിക്കാൻ താഴെക്കിടയിലുള്ള ഉദ്ദ്യോഗസ്ഥരെ ബലിയാടാക്കുന്ന നിലപാടാണിത്.
ഒരു ജഡ്ജിയുടെ മകൻ പ്രതിസ്ഥാനത്ത് വന്നാൽ ആദ്യം ഈ വിവരം പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്ദ്യോഗന്ഥൻ മേലുദ്ദ്യോഗസ്ഥരെ അറിയിക്കുകയാണ് ചെയ്യുക. അതിനുശേഷം മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് മറ്റ് നടപടികൾ കൈക്കൊള്ളുക. സ്വാഭാവികമായും എസ്എച്ച്ഒ വിശ്വജിത്ത് ഈ വിവരം തൻ്റെ മേലുദ്ദ്യോഗസ്ഥരായ അസിസ്റ്റൻ്റ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർ, കമ്മീഷണർ എന്നിവരെ അറിയിച്ചിട്ടുണ്ടാകും എന്നത് ഉറപ്പാണ്. മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമല്ലാതെ ഇത്തരം ഹൈ പ്രൊഫൈൽ സംഭവങ്ങളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്ദ്യോഗസ്ഥർ വീഴ്ച വരുത്താൻ ഒരു സാധ്യതയുമില്ല. പ്രത്യേകിച്ച് നെടുമ്പാശ്ശേരിയിൽ സമാനമായ മറ്റൊരു അപകടത്തിൽ മൂന്ന് പേർ മരിച്ചത് കോളിളക്കമുണ്ടാക്കിയ സാഹചര്യത്തിൽ ചേരാനല്ലൂർ പൊലീസ് മനപൂർവ്വം വീഴ്ച വരുത്താനുള്ള സാധ്യത കുറവാണ്. സേനയിൽ ഉയരുന്ന വികാരവും അതു തന്നെയാണ്. പൊലീസിൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടായത് മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചത് കൊണ്ടായിരിക്കണം. അതല്ലങ്കിൽ, ഇക്കാര്യം പൊലീസ് ഉന്നതർ തന്നെ തുറന്നു പറയേണ്ടതുണ്ട്.
പൊലീസിന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാൻ സ്ഥലത്ത് എത്തിയ എഡിജിപി പി.വിജയൻ, ഇക്കാര്യം കൂടി പരിശോധിച്ചിട്ടുണ്ടോ എന്നതും അറിയേണ്ടതുണ്ട്. സംഭവ സ്ഥലത്ത് എത്തിയ എഡിജിപി റിപ്പോർട്ട് ഡിജിപിക്ക് മിന്നൽ വേഗത്തിൽ മെയിൽ ചെയ്തതും തൊട്ടു പിന്നാലെ സസ്പെൻഷൻ ഉത്തരവ് വന്നതും എല്ലാം ആഭ്യന്തര മന്ത്രിയുടെ പ്രത്യേക താൽപര്യ പ്രകാരം മാത്രമാണ്. മറ്റ് പല സംഭവങ്ങളിലും ഇത്തരം മിന്നൽ വേഗത നമ്മളാരും കണ്ടിട്ടില്ലല്ലോ അതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. വിഴ്ച വരുത്തിയത് എസ് എച്ച് ഒ ആണെങ്കിലും മുകളിൽ ഉള്ള ഉന്നതർ ആണെങ്കിലും ഒരുപോലെ ശിക്ഷിക്കപ്പെടേണ്ടതുണ്ട്.
ആദ്യഘട്ടത്തിൽ തെളിവ് ശേഖരിക്കുന്നതിലുണ്ടായ വീഴ്ച, എഫ്ഐആർ ഇടുന്നതിലുണ്ടായ കാലതാമസം, എന്നീ വീഴ്ചകൾ പൊലീസിനു സംഭവിച്ചത് എന്തു കൊണ്ടാണ് എന്നത് വിശദമായി തന്നെ പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇപ്പോൾ സസ്പെൻഷനിൽ ആയവരുടെ മൊഴിയും നിർണ്ണായകമായിരിക്കും. ആരെയും സംരക്ഷിക്കാൻ നിൽക്കാതെ എന്താണ് സംഭവിച്ചത് എന്നത് നടപടിക്ക് വിധേയരായവർ തുറന്നു പറയുകയാണ് വേണ്ടത്. അതല്ലങ്കിൽ, നെടുമ്പാശ്ശേരിയിലെ സംഭവത്തിൽ ഇടപെട്ട ഉന്നതർ ഇപ്പോഴും, രക്ഷപ്പെട്ട് നിൽക്കുന്നതു പോലെ ചേരാനല്ലൂരിലെ സംഭവത്തിലും ആവർത്തിക്കും. അത് ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇത്രയും കാര്യങ്ങൾ തുറന്നു പറയേണ്ടി വരുന്നത്.
EXPRESS VIEW






