ഡൽഹി: ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യ നേതാക്കളുടെ സംയുക്ത വാർത്താസമ്മേളനം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം നേതാക്കൾ മാധ്യമങ്ങളെ കണ്ടു. രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന ചായസൽക്കാരത്തിനു ശേഷമായിരുന്നു വാർത്താസമ്മേളനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ്, സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, എൻ.സി.പി.-എസ്.സി.പി. എം.പി. സുപ്രിയ സുലെ, സമാജ്വാദി പാർട്ടി എം.പി. ഹരേന്ദ്ര മാലിക്, പ്രശാന്ത് ഭൂഷൺ, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരും പങ്കെടുത്തു.
ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ഏക ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം വ്യത്യസ്ത സമരങ്ങളിലല്ല, ഒരേയൊരു പോരാട്ടത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യവും തിരഞ്ഞെടുപ്പ് സംവിധാനവും തകർക്കപ്പെട്ടെന്നും ഭരണഘടനയെ അവഗണിക്കുന്ന സാഹചര്യമാണുള്ളതെന്നും ആരോപിച്ച രാഹുൽ ഗാന്ധി, യഥാർഥ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാൻ എല്ലാവരും ഒന്നിച്ച് പോരാടുകയാണെന്നും പറഞ്ഞു.
ALSO READ:ഏഴ് ദുരൂഹമരണങ്ങൾ, ഒമ്പതുവർഷത്തെ അന്വേഷണം! കൂടത്തിൽ ജയമാധവൻ നായർ കേസിൽ കാര്യസ്ഥൻ അറസ്റ്റിൽ
കഴിഞ്ഞ നാലു ദിവസമായി ഇന്ത്യാ സഖ്യം സംഘടിപ്പിച്ച പരിപാടികൾ വലിയ വിജയമായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അവകാശപ്പെട്ടു. രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും ജനങ്ങളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെയും സമർപ്പണത്തോടെയും ഉന്നയിച്ചുവെന്നും നിരവധി പേർ സ്വമേധയാ മുന്നോട്ടുവന്ന് പങ്കാളികളായത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ യുവാക്കളും സാധാരണക്കാരും സ്വന്തം മുൻകൈയിൽ ഒത്തുചേരുന്നത് അപൂർവമായ കാഴ്ചയാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി തേജസ്വി യാദവും രംഗത്തെത്തി. രാജ്യത്തെ ജനാധിപത്യത്തെ ദുർബലപ്പെടുത്താനാണ് ഗ്യാനേഷ് കുമാർ ശ്രമിക്കുന്നതെന്നും ബി.ജെ.പി., അമിത് ഷാ, നരേന്ദ്ര മോദി എന്നിവരുടെ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ., ആദായനികുതി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും തേജസ്വി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറും അതിലും മുന്നോട്ടുപോയെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധവേദി ചരിത്രപ്രാധാന്യമുള്ള ജന്തർ മന്തറിൽനിന്ന് ഡൽഹി അതിർത്തികളിലേക്ക് മാറ്റിയത് ഭരണാധികാരികളുടെ ഭയമാണ് വെളിപ്പെടുത്തുന്നതെന്നും ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം സംരക്ഷിക്കാൻ ആവശ്യമായ ത്യാഗങ്ങൾ സഹിക്കാനും പ്രതിപക്ഷം തയ്യാറാണെന്ന സന്ദേശത്തോടെയാണ് നേതാക്കൾ നിലപാട് ആവർത്തിച്ചത്.





