‘ഭഗത് സിംഗിൻ്റെ നാട്ടുകാരാണ് നമ്മൾ, അവകാശങ്ങൾ പിടിച്ച് വാങ്ങണം’: സക്കറിയ ജോർജ്

അവകാശങ്ങളെപ്പറ്റി ഓരോ പൗരനും കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം. ഈ ബോധ്യം വരുമ്പോൾ അവകാശങ്ങൾ 'ചോദിച്ച് വാങ്ങാൻ' ജനങ്ങൾക്ക് സാധിക്കണം

‘ഭഗത് സിംഗിൻ്റെ നാട്ടുകാരാണ് നമ്മൾ, അവകാശങ്ങൾ പിടിച്ച് വാങ്ങണം’: സക്കറിയ ജോർജ്
‘ഭഗത് സിംഗിൻ്റെ നാട്ടുകാരാണ് നമ്മൾ, അവകാശങ്ങൾ പിടിച്ച് വാങ്ങണം’: സക്കറിയ ജോർജ്

തൃശ്ശൂർ: ജനങ്ങൾക്കിടയിലെ വർധിച്ചുവരുന്ന പ്രബുദ്ധത, അവകാശങ്ങൾ നേടിയെടുക്കുന്നതിൽ നിർണായകമാണെന്ന് സക്കറിയ ജോർജ്. തൃശ്ശൂരിൽ നടന്ന ‘ദേശീയ വിവരാവകാശകൂട്ടായ്മ കേരളം’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.”ഇങ്ങനൊരു പ്രോഗ്രാം അറിയിച്ചിരുന്നത് തന്നെ ജനങ്ങൾ പ്രബുദ്ധരാണ് എന്നതിന്റെ സൂചനയാണ്. ജനം എത്രമാത്രം പ്രബുദ്ധരാകുന്നോ അത്രയും അവകാശങ്ങൾ നമുക്ക് നേടിയെടുക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു.

പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിലെ നിശ്ചയദാർഢ്യത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. “TAKE CARE TO GET WHAT YOU LIKE OR YOU WILL BE FORCED TO LIKE WHAT YOU GET” എന്ന് പറഞ്ഞ അദ്ദേഹം ‘നമുക്ക് ആവശ്യമുള്ളത് എന്താണോ അത് നമ്മൾ നേടിയെടുക്കണം. അല്ലെങ്കിൽ ഭരണാധികാരികൾ തരുന്നത് വാങ്ങി മിണ്ടാതെ പോകേണ്ടി വരുമെന്നും’ ഓർമ്മിപ്പിച്ചു.

അവകാശങ്ങളെപ്പറ്റി ഓരോ പൗരനും കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം. ഈ ബോധ്യം വരുമ്പോൾ അവകാശങ്ങൾ ‘ചോദിച്ച് വാങ്ങാൻ’ ജനങ്ങൾക്ക് സാധിക്കണം. എന്നാൽ, അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ പാലിക്കേണ്ട നിയമപരമായ വ്യവസ്ഥകളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ചോദിച്ചു വാങ്ങുമ്പോൾ നമ്മൾ വളരെയധികം നിയമം അനുസരിച്ച്, രാജ്യത്തെ വ്യവസ്ഥിതിയെ അനുശാസിക്കുന്ന കാര്യങ്ങളെ ചെയ്യാവൂ. അല്ലെങ്കിൽ ചിലപ്പോൾ നിയമവിരുദ്ധമായി പോവുകയൊക്കെ ചെയ്യാം.” അദ്ദേഹം വ്യക്തമാക്കി.

ഒരു ഓഫീസിൽ വിവരാവകാശ അപേക്ഷ നൽകുമ്പോൾ പോലും പൗരന്മാർ മാന്യമായ സമീപനം സ്വീകരിക്കണം. “ഒരു ഓഫീസിൽ ചെല്ലുമ്പോൾ വിവരാവകാശ അപേക്ഷ 10 രൂപ അടച്ച് കൊടുക്കുമ്പോൾ അവിടെ നമ്മൾ വളരെ ഹൃദ്യമായിട്ടൊക്കെ വേണം സംസാരിക്കാൻ. നമ്മൾ എഴുതുന്ന വാക്കുകളും നല്ലതായിരിക്കണം,” അദ്ദേഹം പറഞ്ഞു.

എങ്കിലും, അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ (Deprivation) നിയമപരമായി അവകാശങ്ങൾ നേടിയെടുക്കാൻ പൗരന്മാർക്ക് നിശ്ചയദാർഢ്യം ഉണ്ടായിരിക്കണം. “നമ്മൾ ജീവിക്കുന്നത് ഭഗത് സിംഗിന്റെ നാട്ടിലാണ്. സ്വാതന്ത്ര്യം നേടിത്തന്ന ആ കാലഘട്ടത്തിലെ മഹാരഥന്മാരുടെ പിന്തുടർച്ചക്കാരാണ് നമ്മൾ. ഭയപ്പെടേണ്ട കാര്യമില്ല,” അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു.

ചില ഉദ്യോഗസ്ഥർ രാഷ്ട്രീയ താല്പര്യങ്ങളാലോ വ്യക്തിപരമായ ധാരണകളാലോ പൗരന്മാരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കാം. “ചില ഉദ്യോഗസ്ഥന്മാർക്ക് ഒരു ധാരണ കാണും, അവരെ വണങ്ങി നമ്മൾ അടിമയെ പോലെ ജീവിക്കണം. അടിമത്തമൊക്കെ നിർത്തലാക്കിയിട്ട് എത്രയോ നാളായി. നമുക്ക് അതിന്റെയൊന്നും ആവശ്യമില്ല,” അദ്ദേഹം വ്യക്തമാക്കി.

ഓഫീസുകളിൽ ചെല്ലുമ്പോൾ ഒരു ‘മാന്യനായ വ്യക്തിയായി’ തന്നെ അവരെ അഭിസംബോധന ചെയ്യാം. ‘സാറെന്ന്’ വിളിക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ, അവകാശങ്ങൾ തരാതിരിക്കുമ്പോൾ അമിതമായി ബഹുമാനം കൊടുക്കേണ്ട കാര്യമില്ലെന്നും സക്കറിയ ജോർജ് കൂട്ടിച്ചേർത്തു.

Share Email
Top