വയനാട് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും മകൻ രാംചരണും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് ഇരുവരും സംഭാവന ചെയ്തത്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ചിരഞ്ജീവിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രകൃതിക്ഷോഭം മൂലം കേരളത്തിലുണ്ടായ നാശത്തിലും നൂറുകണക്കിന് വിലയേറിയ ജീവനുകളുടെ നഷ്ടത്തിലും അഗാധമായ വിഷമമുണ്ടെന്ന് ചിരഞ്ജീവി കുറിച്ചു. വയനാട്ടിൽ ദുരന്തത്തിനിരയായവരുടെ വിഷമത്തിനൊപ്പം ചേരുന്നു. താനും ചരണും ഒരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവനചെയ്യുന്നു. വേദനിക്കുന്ന എല്ലാവരുടേയും സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു.