തിരുവനന്തപുരം: വയനാടിന് ദുരന്തത്തിനിരയായവർക്ക് സഹായവുമായി തെലുങ്ക് സിനിമ നടൻ അല്ലു അർജുൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അല്ലു അർജുൻ 25 ലക്ഷം രൂപ നൽകി. വയനാടിന് സംഭവിച്ച ദുരിതത്തിൽ അതിയായ ദുഃഖമുണ്ടെന്ന കുറിപ്പോടെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് താരം സഹായം അറിയിച്ചത്. നിരവധി താരങ്ങൾ വയനാടിന് സഹായവുമായി രംഗത്തെത്തിയിരുന്നു.
നടൻമാരായ മോഹൻലാലും ടൊവിനോ തോമസും 25 ലക്ഷം രൂപ വീതം നൽകിയിരുന്നു. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷവും മമ്മൂട്ടിയും ദുൽഖർ സൽമാനും ആദ്യഘട്ടമായി 35 ലക്ഷം രൂപയും കൈമാറി. നടി നയൻതാരയും പങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവനും ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. കമൽഹാസൻ – 25 ലക്ഷം, വിക്രം – 20 ലക്ഷം, സൂര്യ, ജ്യോതിക, കാർത്തി- 50 ലക്ഷം, രശ്മിക മന്ദാന- 10 ലക്ഷം എന്നിങ്ങനെയാണ് മറ്റ് താരങ്ങൾ നൽകിയത്. നടൻ ആസിഫ് അലിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല.