വയനാട് പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് സഹായമല്ല, 526 കോടിയുടെ വായ്പ: മുഖ്യമന്ത്രി

കേന്ദ്രത്തിൽ നിന്ന് ലഭിച്ച 526 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ട സഹായമല്ലെന്നും, വായ്പയായാണ് നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

വയനാട് പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് സഹായമല്ല, 526 കോടിയുടെ വായ്പ: മുഖ്യമന്ത്രി
വയനാട് പുനരധിവാസത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത് സഹായമല്ല, 526 കോടിയുടെ വായ്പ: മുഖ്യമന്ത്രി

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയതൊന്നും സഹായധനമല്ല, മറിച്ച് ഉപാധികളോടുകൂടിയ വായ്പ മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള യു.എ. ലത്തീഫിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ നിന്ന് ലഭിച്ച 526 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ട സഹായമല്ലെന്നും, വായ്പയായാണ് നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസത്തിനായി ഉപാധിരഹിതമായ സഹായം ഇതുവരെ കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും, കേന്ദ്രത്തിൽനിന്ന് സഹായം ലഭിക്കാതെ വന്ന സാഹചര്യത്തിലും വിവിധ സംഘടനകളും വ്യക്തികളും നൽകിയ പിന്തുണയാണ് സർക്കാരിന് ശക്തി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരെ വനിത എസ്‌ഐയുടെ പരാതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF), കോടതി റിലീസ് ചെയ്ത തുക, സാസ്കി (SASKI) പദ്ധതി എന്നിവയിൽ നിന്ന് കോടികൾ ലഭ്യമായിട്ടും ഭരണാനുമതി നൽകുന്നതിൽ പകുതിയോളം തുകയ്ക്ക് കാലതാമസമുണ്ടായതായി ടി. സിദ്ദിഖ് എം.എൽ.എ ആരോപിച്ചു. സാസ്കി പദ്ധതിയുടെ കാലാവധി ഡിസംബർ 31-ന് അവസാനിക്കുന്നതിനാൽ പദ്ധതികളുടെ ഏകോപനം കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, മുഖ്യമന്ത്രിയെ ചെയർമാനാക്കി കൗൺസിൽ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

ദുരന്തം നടന്ന് ഒരു വർഷത്തിലേറെയായിട്ടും ദുരന്തബാധിത പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനം വൈകുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മേപ്പാടി പഞ്ചായത്തിലെ സേഫ് സോൺ വാർഡുകളിലേക്ക് റോഡ് നിർമാണം നടപ്പാക്കിയിട്ടില്ലെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ലെന്നും എം.എൽ.എ നജീബ് കാന്തപുരം ആരോപിച്ചു. ഇതിനുത്തരമായി, പൊതുമരാമത്ത് വകുപ്പ് റോഡ് നിർമാണം ആരംഭിച്ചുകഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ബെയ്‌ലി പാലത്തിനപ്പുറം സ്വന്തം വീടുകളിലേക്കും റിസോർട്ടുകളിലേക്കും പോകാൻ ദുരന്തബാധിതർക്ക് ഓരോ ദിവസവും പ്രത്യേക പാസ് എടുക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കി സ്ഥിരം പാസ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ ജനങ്ങളുടെ സുരക്ഷ കൂടി പരിഗണിച്ച്, വിഷയം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

Share Email
Top