CMDRF

ഉറുമ്പു ശല്യത്തിന് പരിഹാരം വയമ്പ്

ഉറുമ്പു ശല്യത്തിന് പരിഹാരം വയമ്പ്
ഉറുമ്പു ശല്യത്തിന് പരിഹാരം വയമ്പ്

വജാത ശിശുക്കള്‍ക്ക് വയമ്പും സ്വര്‍ണവും തേനില്‍ ഉരച്ചെടുത്ത് നാക്കില്‍ തേച്ചുകൊടുക്കുന്ന പതിവ് കേരളത്തില്‍ പലയിടങ്ങളിലും ഇപ്പോഴും പ്രചാരത്തിലുണ്ട്. നാക്കിലെ പൂപ്പല്‍ മാറ്റുന്നതിനും സ്ഫുടമായ ഉച്ചാരണ ശേഷി ലഭിക്കുന്നതിനും ഉദരരോഗങ്ങള്‍ ശമിപ്പിക്കുന്നതിനും വേണ്ടിയാണ് വയമ്പ് ഇപ്രകാരം നല്‍കുന്നത്. കഫസംബന്ധമായ രോഗങ്ങള്‍ക്കും അപസ്മാരത്തിനെതിരെയും ബൗദ്ധികമായ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും ഔഷധ സസ്യമായ വയമ്പ് ഉപയോഗിക്കുന്നു.

കേരളത്തില്‍ അപൂര്‍വമായെങ്കിലും ചില വീടുകളില്‍ വയമ്പ് കൃഷി ചെയ്യുന്നുണ്ട്. മണ്ണിനടിയില്‍ വളരുന്ന കാണ്ഡവും പരന്ന് ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇലകളുമാണ് വയമ്പിനുള്ളത്. ഗ്ലാഡിയോസ് ചെടികളുമായി രൂപസാദ്യശ്യമുണ്ട്. ബാലാരിഷ്ടതകള്‍ക്കുള്ള ഔഷധങ്ങളില്‍ പ്രധാന ഘടകം വയമ്പാണ്. ശീതളപാനീയങ്ങള്‍ക്ക് രുചിയും മണവും ഔഷധമൂല്യവും നല്‍കാനും വയമ്പ് ഉപയോഗിക്കാറുണ്ട്.

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും തടാക കരകളിലും കുളങ്ങളുടെ ഓരങ്ങളിലും സമൃദ്ധിയായി വളരുന്ന വയമ്പ്, ചട്ടികളിലും മണ്ണില്‍ നേരിട്ടും പ്രയാസമില്ലാതെ വളര്‍ത്താം. അനുയോജ്യമായ സാഹചര്യങ്ങളില്‍ വയമ്പ് നട്ടുവളര്‍ത്തിയാല്‍ ഇവയെ വംശനാശത്തില്‍ നിന്നും രക്ഷിക്കുന്നതോടൊപ്പം ഔഷധ വീര്യമുള്ള കിഴങ്ങുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുകയും ചെയ്യാം. വയമ്പിന്റെ കിഴങ്ങ് രണ്ട് സെന്റിമീറ്റര്‍ നീളത്തില്‍ കുറുകെ മുറിച്ചെടുത്ത്, ഈര്‍പ്പമുള്ള മണലില്‍ പാകിയാല്‍ രണ്ട് ആഴ്ചക്കകം പല മുളകള്‍ പൊട്ടിവരും. ചെറിയ പ്ലാസ്റ്റിക് ഉറകളില്‍ ഇവ പറിച്ചുനട്ട് മുളകള്‍ക്ക് പത്തു സെന്റിമീറ്റര്‍ ഉയരം വെക്കുമ്പോള്‍ പട്ടികളിലോ തടങ്ങളിലോ നട്ടുപിടിപ്പിക്കാം. ഓരോ കഷണത്തില്‍ നിന്നും പല മുളകള്‍ പൊട്ടിവരും. ഇവ ഓരോന്നും കിഴങ്ങില്‍നിന്നു നീക്കം ചെയ്ത് ഈര്‍പ്പമുള്ള മണലില്‍ നട്ടു വലുതാകുമ്പോള്‍ നേരിട്ടു പറിച്ചു നടാം. കൂടുതല്‍ തൈകള്‍ തയാറാക്കുന്നതിന് ഈ രീതി നല്ലതാണ്.

പയറിനങ്ങള്‍, വെണ്ട എന്നിവയുടെ വിത്തുകള്‍ സംഭരിച്ചു വെക്കുമ്പോഴുണ്ടാകുന്ന കീടബാധ കുറക്കുന്നതിന് നൂറ് ഗ്രാം വിത്തില്‍ മൂന്ന് ഗ്രാം ഉണക്കിപ്പൊടിച്ച വയമ്പ് കലര്‍ത്തിയശേഷം വിത്ത് പ്ലാസ്റ്റിക് ഉറകളില്‍ സീല്‍ചെയ്തുവച്ചിരുന്നാല്‍ മതി. ഇതിനു പകരം വയമ്പുപൊടി വെളിച്ചെണ്ണയില്‍ കലര്‍ത്തിയതിനുശേഷം വിത്തിന്റെ പുറത്ത് ഒരു നേരിയ പാടയായി പുരട്ടിക്കൊടുത്താലും മതി. മൂടിയുള്ള പ്ലാസ്റ്റിക് ഭരണികളില്‍ വിത്തും വയമ്പും കലര്‍ന്ന വെളിച്ചെണ്ണയും എടുത്തു നന്നായി കുലുക്കിയാല്‍ വിത്തിന്റെ പുറമേ എണ്ണ എളുപ്പത്തില്‍ പുരട്ടിയെടുക്കാം.

കമ്പിളിവസ്ത്രങ്ങള്‍ കേടുവരുത്തുന്ന പുഴുക്കളില്‍നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ഇവക്കിടയില്‍ ഉണങ്ങിയ വയമ്പിന്റെ കഷണങ്ങള്‍ ചേര്‍ത്തുവച്ചിരുന്നാല്‍ മതിയാവും. സില്‍ക്ക് സാരികളില്‍ ഉറുമ്പിന്റെയും മറ്റു ചില പ്രാണികളുടെയും ഉപദ്രവമുണ്ടാകാതിരിക്കുന്നതിനും ഇവ ഉപയോഗിക്കാറുണ്ട്. കാര്‍പ്പെറ്റുകള്‍ക്ക് കേടു വരുത്തുന്ന വണ്ടുകളെ നിയന്ത്രിക്കുന്നതിന് വയമ്പിന്റ നേര്‍ത്തപൊടി തൂവിയാല്‍ മതിയാവും.

എന്നാല്‍ പുഴയോരങ്ങളിലും ചതുപ്പ് നിലങ്ങളിലും പരിചരണമൊന്നുമില്ലാതെ പോലും വളരുന്നതിനാല്‍ ഈ ഔഷധ സസ്യത്തിന് ഉല്‍പാദനച്ചെലവ് തീരെയില്ല. പുഴയോരങ്ങളില്‍ വയമ്പ് നടുന്നത് മണ്ണൊലിപ്പ് തടയുന്നതിന് ഉത്തമമാണ്. ധാരാളം ജല ലഭ്യതയുള്ള കിണറുകളുടെ സമീപത്തും ടാപ്പ് സ്ഥാപിച്ചിട്ടുള്ള സ്ഥലത്തും വയമ്പ് നടാം.

Top