സ്വന്തം പാത്രം കഴുകുന്നത് അഭിമാനം; എം.എ. ബേബിക്കെതിരായ ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

പാത്രം ആര് കഴുകിയാലും 'പ്ലേറ്റ് പിണങ്ങില്ല' എന്ന വലിയ പാഠം പരിഹാസകർ ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു

സ്വന്തം പാത്രം കഴുകുന്നത് അഭിമാനം; എം.എ. ബേബിക്കെതിരായ ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി
സ്വന്തം പാത്രം കഴുകുന്നത് അഭിമാനം; എം.എ. ബേബിക്കെതിരായ ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്കെതിരെ ഉയരുന്ന പരിഹാസങ്ങൾ സാംസ്‌കാരിക ശൂന്യതയുടെ അടയാളമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് അഭിമാനകരമാണെന്നും ഇത്തരം പ്രവൃത്തികളെ പരിഹസിക്കുന്നവർക്ക് പിന്നിൽ പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരമാണെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.

വിമർശകർക്ക് മറുപടിയായി ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ ഭാഗങ്ങളാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. അച്ഛനും അമ്മയും കുട്ടികളും ചേർന്ന് വീട് വൃത്തിയാക്കുന്നതും ടോയ്‌ലറ്റ് കഴുകുന്ന അച്ഛന്റെയും ചിത്രം ഉൾപ്പെട്ട പാഠഭാഗം അദ്ദേഹം ഓർമ്മിപ്പിച്ചു. വീട്ടുജോലികളിൽ ലിംഗഭേദമില്ലെന്നും ഏത് തൊഴിലിനും അതിന്റേതായ അന്തസ്സുണ്ടെന്നുമാണ് കേരളത്തിലെ വിദ്യാഭ്യാസ മാതൃക കുട്ടികളെ പഠിപ്പിക്കുന്നത്. പാത്രം ആര് കഴുകിയാലും ‘പ്ലേറ്റ് പിണങ്ങില്ല’ എന്ന വലിയ പാഠം പരിഹാസകർ ഉൾക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: പതിനാറുകാരിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുന്നത് ഒരു പുതിയ കാര്യമല്ലെന്നും അതൊരു ശീലമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. എ.കെ.ജി ഭവനിലായാലും പാർട്ടി ഓഫീസുകളിലായാലും സഖാക്കൾ പിന്തുടരുന്ന രീതി ഇതാണെന്നും എം.എ. ബേബിയെ അടുത്തറിയുന്നവർക്ക് അദ്ദേഹത്തിന്റെ ഇത്തരം ശീലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കുറിച്ചു. പാത്രം കഴുകുക മാത്രമല്ല, മികച്ച രീതിയിൽ പാചകം ചെയ്യാനും ബേബി സഖാവിന് അറിയാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തുണികഴുകലും പാചകവും കക്കൂസ് വൃത്തിയാക്കലുമൊക്കെ സ്ത്രീകളോ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരോ മാത്രം ചെയ്യേണ്ട പണിയാണെന്ന് കരുതുന്നവരാണ് അസ്വസ്ഥരാകുന്നത്. സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാനുള്ള പക്വത ഇല്ലാത്തവരാണ് പരിഹാസത്തിന് പിന്നിലെന്നും, അത്തരക്കാർ ഒന്നാം ക്ലാസ്സിലെ പാഠപുസ്തകമെങ്കിലും എടുത്തു വായിക്കണമെന്നും പറഞ്ഞാണ് മന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Share Email
Top